Saturday, May 4, 2024
HomeKeralaവിലക്കയറ്റത്തിനെതിരെ സമരവുമായി സിപിഎം; കോണ്‍ഗ്രസ് ബിജെപിയുടെ പാതയിലെന്ന് വിജയരാഘവന്‍

വിലക്കയറ്റത്തിനെതിരെ സമരവുമായി സിപിഎം; കോണ്‍ഗ്രസ് ബിജെപിയുടെ പാതയിലെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: അക്രമോത്സുകമായ ബിജെപിയുടെ ശൈലി കോണ്‍ഗ്രസ് പിന്തുടരുന്ന സ്ഥിതിയാണ് നിലവിലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. ജോജു ജോര്‍ജ് വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. ജോജുവിനെ ആക്രമിച്ച ശേഷം ജോജു മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷമെന്ന് വിജയരാഘവന്‍ പറഞ്ഞു.

ജോജു വിഷയത്തിന് പിന്നാലെ സിനിമ ഷൂട്ടിങ് തടസപ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തേയും സിപിഎം ആക്ടിങ് സെക്രട്ടറി വിമര്‍ശിച്ചു. ബിജെപിക്ക് ശിഷ്യപ്പെടുന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറുന്നു. ഇന്ധന വിലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങളേയും അദ്ദേഹം പരിഹസിച്ചു.

ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതില്‍ സൈക്കിളില്‍ എത്തിയായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷ എംഎല്‍എമാര്‍ സ്ഥിരം സൈക്കിളില്‍ ആണോ വരുന്നതെന്ന് വിജയരാഘവന്‍ ചോദിച്ചു. പെട്രോളിനും ഡീസലിനും കേന്ദ്രം വര്‍ധിപ്പിച്ച മുഴുവന്‍ തുകയും കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“പിണറായി സര്‍ക്കാര്‍ ഒരു നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേത്. ഹിതപരിശോധന നടത്തിയതിന് ശേഷമാണ് എല്‍ഡിഎഫിനെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിച്ചത്,” വിജയരാഘവന്‍ വ്യക്തമാക്കി.

അതേസമയം വികസനത്തെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര നയത്തിനെതിരെ സിപിഎം സമരത്തിലേക്ക് നീങ്ങുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. നവംബര്‍ 16-ാം തീയതി 21 കേന്ദ്രങ്ങളില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular