Friday, May 3, 2024
HomeKeralaഗ്യാൻവാപി മസ്ജിദില്‍ ജുമുഅക്ക് വൻജനാവലി; ബന്ദ് സമാധാനപരം

ഗ്യാൻവാപി മസ്ജിദില്‍ ജുമുഅക്ക് വൻജനാവലി; ബന്ദ് സമാധാനപരം

വാരാണസി: ഗ്യാൻവാപി മസ്ജിദില്‍ പൂജക്ക് കോടതി അനുമതി നല്‍കിയ ശേഷം ആദ്യമായി നടന്ന വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിന് വൻ ജനാവലി.

പതിവിനേക്കാള്‍ ഇരട്ടിയാളുകളാണ് ഇന്നലെ നമസ്കാരത്തിനെത്തിയത്. വലിയ തോതില്‍ ആളുകള്‍ എത്തിയതോടെ ചിലരെ പൊലീസ് നിർബന്ധപൂർവം മറ്റു പള്ളികളിലേക്ക് തിരിച്ചയച്ചു.

കനത്ത സുരക്ഷയാണ് പൊലീസ് പ്രദേശത്ത് ഏർപ്പെടുത്തിയത്. ഡിവിഷനല്‍ കമീഷണർ കൗശല്‍ രാജ് ശർമ, ജില്ല മജിസ്‌ട്രേറ്റ് എസ്. രാജലിംഗം, പൊലീസ് കമീഷണർ മുത്താ അശോക് ജെയിൻ എന്നിവർ സ്ഥിതിഗതികള്‍ നിരീക്ഷിക്കാൻ പള്ളി പരിസരത്ത് എത്തിയിരുന്നു. ഗ്യാൻവാപി പ്രദേശത്ത് ഡ്രോണുകള്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. സമൂഹ മാധ്യമ അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.

അതേസമയം, പള്ളിയില്‍ പൂജക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച്‌ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഇന്നലെ നടത്തിയ ബന്ദ് സമാധാനപരമായിരുന്നു. നഗരത്തിലെ മുസ്‍ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ കടകള്‍ അടഞ്ഞുകിടന്നു. ദല്‍മാണ്ടി, നയീ സഡക്, നടേസർ, അർദല്‍ ബസാർ എന്നിവിടങ്ങളിലെ മാർക്കറ്റുകളില്‍ ബന്ദിന്റെ പ്രതീതിയായിരുന്നു.

ഗ്യാൻവാപി മസ്ജിദ് വിഷയത്തില്‍ മുസ്‍ലിം പക്ഷത്തെ കേള്‍ക്കാൻ കൂട്ടാക്കാതെ കീഴ്കോടതി മുതല്‍ സുപ്രീംകോടതി വരെ ഏകപക്ഷീയമായി നിലപാട് കൈകൊണ്ട് പള്ളിയില്‍ പൂജക്ക് വഴിയൊരുക്കിയതിനെതിരെ ന്യൂഡല്‍ഹിയില്‍ വിവിധ മുസ്‍ലിം സംഘടനാ നേതാക്കള്‍ സംയുക്ത വാർത്താസമ്മേളനം വിളിച്ചു. മുസ്‍ലിംകളുടെ ക്ഷമക്കും അതിരുണ്ടെന്ന് നിയമപരവും ഭരണഘടനാപരവുമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കാതെ നിരന്തരം അന്യായം കാണിക്കുന്നവർ ഓർക്കണമെന്ന് ഇവർ പറഞ്ഞു. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും മുസ്‍ലിംകളോട് തുടർന്നുകൊണ്ടിരിക്കുന്ന അന്യായം രാജ്യത്തെ കോടതികളും ആവർത്തിക്കുകയാണെങ്കില്‍ അസ്വസ്ഥമായ സമുദായത്തിന്റെ നിയന്ത്രണം കൈവിട്ടുപോകുമെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വാർത്താസമ്മേളനം നടത്താൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ അനുമതി നല്‍കാത്തതിനെ തുടർന്ന് ന്യൂഡല്‍ഹി ഐ.ടി.ഒയിലെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഓഫീസിലായിരുന്നു വാർത്താസമ്മേളനം.

സമുദായത്തിന്റെ ആശങ്കകള്‍ ധരിപ്പിക്കാൻ മുസ്‍ലിം നേതാക്കള്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തെഴുതുമെന്നും നേതാക്കള്‍ അറിയിച്ചു. കീഴ്കോടതി ചെയ്ത അന്യായം സുപ്രീംകോടതിയും തടയാതിരുന്നാല്‍ മുസ്‍ലിംകള്‍ ആവലാതിയുമായി ഇനിയെവിടെ പോകുമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ് മഹ്മൂദ് മദനി ചോദിച്ചു. മുസ്‍ലിംകളെ അപമാനിച്ചും പൈശാചികവല്‍ക്കരിച്ചും ശത്രുവിനോടെന്ന പോലെയാണ് പെരുമാറുകയാണ്. മുഖം നല്‍കുന്നു പോലുമില്ല. ലാത്തി (കൈയൂക്ക്) കൊണ്ട് നീതി നടത്തുന്നത് ‘ജംഗിള്‍ രാജ്’ ആണ്. ലാത്തി കൊണ്ട് നീതി നടപ്പാക്കാമെന്നാണ് വിചാരമെങ്കില്‍ ലാത്തി ഇരിക്കുന്ന കൈമാറിയേക്കാമെന്ന് ഓർക്കണമെന്നും മഹ്മൂദ് മദനി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular