Friday, May 3, 2024
HomeUncategorizedബംഗാളിലെ സന്ദേശ്ഖാലിയില്‍ പ്രതിഷേധം ശക്തം; ഗ്രാമവാസികള്‍ പോലീസ് വാഹനം തടഞ്ഞു

ബംഗാളിലെ സന്ദേശ്ഖാലിയില്‍ പ്രതിഷേധം ശക്തം; ഗ്രാമവാസികള്‍ പോലീസ് വാഹനം തടഞ്ഞു

കൊല്‍ക്കത്ത: ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയില്‍ വെള്ളിയാഴ്ച വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

ബെർമോജൂർ, ജുപ്ഖാലി പ്രദേശങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃണമൂല്‍ നേതാവ് ഷാജഖാൻ ശൈഖിനെതിരെ സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ പരാതികള്‍ ഉന്നയിച്ചതിന് പിന്നാലെ കഴിഞ്ഞ 10 ദിവസമായി പ്രദേശത്ത് അക്രമ സംഭവങ്ങള്‍ തുടരുകയാണ്.

പോലീസ് ആളുകളെ അന്യായമായി കസ്റ്റഡിയിലെടുത്തതായി ആരോപിച്ച്‌ നിരവധി സ്ത്രീകള്‍ വടികളും ചൂലുകളുമായി പൊതുനിരത്തിലിറങ്ങി പ്രതിഷേധിച്ചു. പോലീസ് വാഹനം തടയാൻ ഗ്രാമവാസികള്‍ റോഡില്‍ തീയിട്ടു. ലോക്കറ്റ് ചാറ്റർജി എംപിയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാ പ്രതിനിധി സംഘത്തെ പോലീസ് തടയുകയും ലാല്‍ബസാറിലെ കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

അക്രമസംഭവങ്ങളെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലത്ത് നാലോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് വിലക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാൻ പശ്ചിമ ബംഗാള്‍ പോലീസ് ഡയറക്ടർ ജനറല്‍ രാജീവ് കുമാർ, ദക്ഷിണ ബംഗാള്‍ പോലീസ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ സുപ്രതിം സർക്കാർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.

ജനുവരി അഞ്ചിന് റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോള്‍ തൃണമൂല്‍ അണികള്‍ അവരെ മർദിച്ചിരുന്നു. ഇതോടെ പ്രദേശം സംഘർഷഭരിതമായി. ഇതേത്തുടർന്ന് ഷാജഖാൻ ശൈഖ് ഒളിവില്‍ പോയതിന് പിന്നാലെയാണ് സന്ദേശ്ഖലിയിലെ സ്ത്രീകള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നുമാരോപിച്ച്‌ നാട്ടുകാർ നടത്തിയ പ്രതിഷേധവും അക്രമാസക്തമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular