Tuesday, April 30, 2024
HomeEntertainment'മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ല'; അരൂര്‍ സ്വദേശിയുടെ പരാതിയില്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

‘മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ല’; അരൂര്‍ സ്വദേശിയുടെ പരാതിയില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ എറണാകുളം സബ് കോടതി. മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച്‌ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നല്‍കിയ ഹർജിയിലാണ് നടപടി.

ചിത്രത്തിന്റെ നിർമാണ കമ്ബനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോണ്‍ ആന്റണിയുടെയും നാല്‍പതുകോടി രൂപയുടെ അക്കൗണ്ട് ആണ് സബ് കോടതി ജഡ്ജി സുനില്‍ വർക്കി മരവിപ്പിച്ചത്. ഏഴ് കോടി രൂപ സിനിമയ്ക്കായി താൻ മുടക്കിയെന്നും എന്നാല്‍ ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമാണ് സിറാജ് നല്‍കിയ ഹർജി.

നാല്‍പത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിർമാതാക്കള്‍ പണം കൈപ്പറ്റിയതെന്നും എന്നാല്‍ തന്നെ കബളിപ്പിച്ചെന്നും ഹർജിയില്‍ പറയുന്നു. ചിത്രത്തിന്റെ നിർമാണ ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കല്‍നിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹർജിയില്‍ സിറാജ് പറഞ്ഞു.

കേസില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ അടക്കമുള്ള നിർമാതാക്കള്‍ക്ക് കോടതി നോടീസ് അയച്ചു. അതേസമയം ഒടുവിലെ റിപ്പോർട്ടുകള്‍ പ്രകാരം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ 46 ദിവസം കൊണ്ട് (ഞായറാഴ്ച വരെ) ഇന്ത്യൻ ബോക്സ് ഓഫീസില്‍ 131 കോടി രൂപ ചിത്രം കളക്‌ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 154.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടി രൂപയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്.

മലയാളികളെ പോലെതന്നെ തമിഴ്നാട്ടുകാരും സിനിമയെ നെഞ്ചിലേറ്റിയിരുന്നു. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടർന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പറയുന്നത്.

ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തില്‍ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാൻ, അരുണ്‍ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular