Saturday, May 4, 2024
HomeKeralaപക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം; പരിശോധന കര്‍ശനമാക്കി

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം; പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളില്‍ ജാഗ്രത ശക്തമാക്കി.

വാളയാർ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികള്‍ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ആലപ്പുഴയില്‍ കൂടുതല്‍ മേഖലകളില്‍ പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നല്‍കി. പക്ഷിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. ചെറുതന, ഇടത്വ മേഖലകളില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കും. പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ തമിഴ്നാടും അതിർത്തികളില്‍ നിരീക്ഷണം കർക്കശമാക്കി. കേരളത്തോടുചേർന്നുള്ള കോയമ്ബത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉള്‍പ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കാനാണ് നിർദേശം. ഫാമുകളില്‍ കോഴികള്‍ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ ഉടൻ വെറ്ററിനറി വകുപ്പിനെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular