Friday, May 3, 2024
Homeഅഞ്ച് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ഭൂമിയിലേക്ക് വിവരങ്ങളയച്ച്‌ വോയേജര്‍ -1

അഞ്ച് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ഭൂമിയിലേക്ക് വിവരങ്ങളയച്ച്‌ വോയേജര്‍ -1

മാസങ്ങള്‍ക്ക് ശേഷം നാസയുടെ ഇന്റർസ്റ്റെല്ലാർ പേടകമായ വോയേജർ 1 ഭൂമിയിലേക്ക് മനസിലാക്കാനാവുന്ന വിവരങ്ങള്‍ അയച്ചു.

പേടകത്തിന്റെ എഞ്ചിനീയറിങ് സംവിധാനങ്ങളുടെ ആരോഗ്യവും പ്രവർത്തന ക്ഷമതയും സംബന്ധിച്ച വിവരങ്ങളാണ് അയച്ചത്. നിലവില്‍ വോയേജർ 1 ല്‍ നിന്ന് ശാസ്ത്രീയ വിവരങ്ങള്‍ ഒന്നും തന്നെ ഭൂമിയിലേക്ക് അയക്കുന്നില്ല. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഭൂമിയുമായുള്ള ആശയവിനിമയ ബന്ധം തകരാറിലായ പേടകം അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനിലുള്ളവർക്ക് മനസിലാകും വിധം വിവരങ്ങള്‍ അയച്ചത്.

1977 ഓഗസ്റ്റ് 20-ന് ഫ്ളോറിഡയിലെ കേപ് കനവെറല്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ടൈറ്റൻ സെന്റോർ റോക്കറ്റിലായിരുന്നു വോയേജർ 2-ന്റെ വിക്ഷേപണം. തൊട്ടുപിന്നാലെ സെപ്റ്റംബറില്‍ തനിപ്പകർപ്പായ വോയേജർ 1 വിക്ഷേപിച്ചത്. സൗരയൂഥം വിട്ട് ഇന്റർസ്റ്റെല്ലാർ സ്പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിർമിത വസ്തുവാണ് വോയേജർ 1. പിന്നാലെ തന്നെ വോയേജർ 2 ഉം ഈ നേട്ടം കൈവരിച്ചു.

പൂജ്യവും ഒന്നും ഉള്‍പ്പെടുന്ന ബൈനറി കോഡ് കംപ്യൂട്ടർ ഭാഷയിലാണ് വോയേജർ 1 ഭൂമിയുമായി സംവദിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി വോയേജർ 1 ല്‍ നിന്നും അയക്കുന്ന വിവരങ്ങള്‍ തിരിച്ചറിയാൻ പറ്റുന്നവ ആയിരുന്നില്ല. 2023 ലാണ് ഈ പ്രശ്നം ആരംഭിച്ചത്. പേടകത്തിലെ ഫൈ്ലൈറ്റ് ഡാറ്റ സബ്സിസ്റ്റത്തില്‍ (എഫ്ഡിഎസ്) ഉണ്ടായ സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമാണിത്. ഈ സംവിധാനമാണ് പേടകത്തിന്റെ ശാസ്ത്രീയ ഉപകരണങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഭൂമിയിലേക്ക് ബൈനറി കോഡുകളായി അയക്കുന്നത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഭൂമിയിലെ മിഷൻ കണ്‍ട്രോള്‍ ടീമിന് പേടകത്തില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ ലഭിക്കുന്നുണ്ടെങ്കിലും അവയില്‍ ഉപയോഗിക്കാനാവുന്ന വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല

ഏപ്രില്‍ 20 നാണ് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി വ്യക്തതയുള്ള വിവരങ്ങള്‍ ഗ്രൗണ്ട് സ്റ്റേഷനില്‍ എത്തിയത്. ഈ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. വോയേജർ 1 പൂർണമായും പ്രവർത്തനക്ഷമമാണെന്നാണ് ഇതുവരെയുള്ള പരിശോധന വ്യക്തമാക്കുന്നത്.

പ്രശ്നം കണ്ടെത്തിയതിന് ശേഷം, പേടകത്തിലെ കംപ്യൂട്ടർ സംവിധാനം റീസ്റ്റാർട്ട് ചെയ്യുന്നതിനുള്ള കമാന്റുകള്‍ അയക്കാനും പ്രശ്നത്തെ കുറിച്ച്‌ കൂടുതല്‍ മനസിലാക്കാനും ദൗത്യ സംഘം ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാർച്ച്‌ 1 ന് പ്രത്യേകം കമാൻഡ് അയച്ചു. മാർച്ച്‌ 3 ന്, ഫ്ലൈറ്റ് ഡാറ്റ സിസ്റ്റത്തിന്റെ കംപ്യൂട്ടർ സംവിധാനങ്ങളിലൊന്നില്‍ പ്രശ്നം ഉള്ളതായി കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ എഫ്ഡിഎസിന്റെ മെമ്മറി ചിപ്പിലാണ് പ്രശ്നം എന്ന് തിരിച്ചറിഞ്ഞു. അതിന്റെ കാരണം കണ്ടെത്താനായില്ല. കംപ്യൂട്ടറിന്റെ സോഫ്റ്റ് വെയർ കോഡ് ഉള്‍പ്പടെയുള്ളവ ശേഖരിച്ചിരുന്നത് ഈ ചിപ്പിലാണ്. ഇത് തകരാറിലായതാണ് വോയേജർ ശേഖരിച്ച ശാസ്ത്രീയ വിവരങ്ങള്‍ ഉപയോഗശൂന്യമാവാൻ കാരണമായത്.

ചിപ്പ് ശരിയാക്കാൻ സാധിക്കില്ല എന്നതിനാല്‍, ചിപ്പിലെ കോഡ് സിസ്റ്റം മെമ്മറിയില്‍ മറ്റെവിടെയെങ്കിലും ശേഖരിക്കാൻ തീരുമാനിച്ചു. ഏപ്രില്‍ 18 നാണ് കോഡ് മറ്റൊരു മെമ്മറിയിലേക്ക് മാറ്റുന്നതിനുള്ള കമാന്റ് അയച്ചത്. 22.5 മണിക്കൂറെടുത്താണ് കമാന്റ് പേടകത്തില്‍ എത്തിയത്. തിരിച്ച്‌ മറുപടി എത്താനും അത്രതന്നെ സമയം എടുത്തു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഫലം കണ്ടതോടെ ഏപ്രില്‍ 20 ന് തിരിച്ചറിയാനാവുന്ന വിവരം പേടകത്തില്‍ നിന്ന് ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular