Friday, May 3, 2024
HomeGulfമാലിന്യങ്ങള്‍ കര തൊടില്ല

മാലിന്യങ്ങള്‍ കര തൊടില്ല

ദോഹ: പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഖത്തറിന്റെ പുരാതന നഗരമായ അല്‍ സുബാറയില്‍ സമുദ്രമാലിന്യം ഒഴിവാക്കാൻ കടലില്‍ വടം സജ്ജീകരിച്ച്‌ ഖത്തർ മ്യൂസിയം.

യുനസ്കോയില്‍ ഇടംനേടിയ ഖത്തറിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍ സുബാറയെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സമുദ്രമാലിന്യങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കുന്ന ത്രാഷ്ബൂം പ്രോജക്‌ട് ആരംഭിച്ചത്. ലോക ഭൗമദിനമായ ഏപ്രില്‍ 22നായിരുന്നു പദ്ധതിക്ക് തുടക്കംകുറിച്ചത്. ലോകപൈതൃക പട്ടികയില്‍ ഇടംനേടിയ അല്‍ സുബാറ ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ തീരമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. 18ാം നൂറ്റാണ്ടില്‍ ഖത്തറിന്റെ പ്രാരംഭകാലത്തെ ചരിത്രശേഷിപ്പുകളായി കോട്ടയും നിർമിതികളും സ്ഥിതിചെയ്യുന്ന അല്‍ സുബാറയെ കടലില്‍നിന്നും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളില്‍നിന്നും പാരിസ്ഥിതിക വെല്ലുവിളികളില്‍നിന്നും ചെറുക്കുകയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ദൈർഘ്യമേറിയ വടം കടലില്‍ വിരിച്ചത്.

‘ലളിതമായ നൂതനമാർഗങ്ങളിലൂടെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുകയും ഖത്തറിന്റെ ചരിത്രശേഷിപ്പുകളെ സൂക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍സുബാറ ത്രാഷ്ബും പ്രോജക്‌ട് ആരംഭിച്ചതെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സണ്‍ ശൈഖ അല്‍ മയാസ ബിൻത് ഹമദ് ആല്‍ഥാനി പറഞ്ഞു. ഈ സംരംഭത്തിലൂടെ ഓരോമേഖലയും സംരക്ഷിക്കുകയും സുസ്ഥിരത പ്രവർത്തനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ നല്‍കാനും കഴിയുന്നുവെന്ന് അവർ പറഞ്ഞു. റാസ് ലഫാൻ ഇൻഡസ്ട്രിയല്‍ സിറ്റി കമ്യൂണിറ്റി ഔട്റീചുമായി സഹകരിച്ചാണ് അല്‍ സുബാറ ത്രാഷ്ബൂം തയാറാക്കിയത്. വടം പോലെ കടല്‍ തീരത്തേക്കിറങ്ങി, വിരിച്ചിടുന്ന ഇവ കണ്ണികള്‍ പോലെയാണ് കിടക്കുന്നത്. ഇതുവഴി, തിരമാലകള്‍ക്കൊപ്പം എത്തുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെ എല്ലാതരം മാലിന്യങ്ങളെയും തീരത്തടുക്കുന്നതില്‍നിന്ന് തടയുന്നു. ഇവിടെനിന്ന് മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കാൻ കഴിയും. ഒപ്പം, കടല്‍ തീരങ്ങള്‍ മാലിന്യ മുക്തമാക്കാനും സാധിക്കുമെന്നതാണ് മിച്ചം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular