Friday, May 3, 2024
HomeKeralaഅപരര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താൻ കഴിയുന്നവര്‍ വേണം തിരഞ്ഞെടുക്കപ്പെടാൻ - ജി.എസ്. പ്രദീപ്

അപരര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താൻ കഴിയുന്നവര്‍ വേണം തിരഞ്ഞെടുക്കപ്പെടാൻ – ജി.എസ്. പ്രദീപ്

റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തിരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, ജനങ്ങളുടേതും എന്നു പറയുന്ന തിരഞ്ഞെടുപ്പ് ഇനി ഉണ്ടാകുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും ഒരോരുത്തരും വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കണമെന്നും ഡോക്ടർ ജിഎസ് പ്രദീപ് റിയാദില്‍ പറഞ്ഞു.

കേളി കലാസാംസ്കാരിക വേദി നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ എല്ലാം തന്നെ വല്ലാതെ വിലക്കെടുക്കപ്പെട്ട കാലത്ത് ഓരോ മനുഷ്യനും സ്വയം മാധ്യമം ആകുകയും ആ മധ്യമങ്ങളോരോന്നും സ്വയം പ്രതിരോധം തീർക്കുക എന്നതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഗംഗയിലേക്ക് വലിച്ചെറിയപ്പെട്ട മെഡലുകളിലും, ഗൗരി ലങ്കേഷിന്റെയും നരേന്ദ്ര ധബോല്‍ക്കറിന്റെയും ചോരയിലും തിരഞ്ഞെടുപ്പിന്റെ പ്രസക്തിയുണ്ട്. വരും തലമുറയിലെ കുട്ടികള്‍ക്ക് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നു എന്നത് കഥയായി പറഞ്ഞു കൊടുക്കേണ്ടി വരരുത്, അതിനായി ഈ തിരഞ്ഞെടുപ്പില്‍ അമ്മമാർക്ക് വലിയ പങ്കുണ്ട്.

പ്രവാസലോകത്താണെങ്കിലും തിരഞ്ഞെടുപ്പിന്റെ പ്രസക്തി കുടുംബ അകത്തളങ്ങളിലൂടെ പകർന്നു നല്‍കാൻ അമ്മമാർ ശ്രമിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീക്ഷയുടെ തുരുത്തായി കേരളം തിളങ്ങി നില്‍ക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളയുവതയുടെ സാമൂഹിക ഇടപെടല്‍ വായിച്ചറിയാൻ വിദേശ മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മികച്ച ജനകീയ വികസന പ്രവർത്തനങ്ങള്‍ ഇന്ത്യൻ ജനത തൊട്ടറിഞ്ഞത് ഏറ്റവും കൂടുതല്‍ ഇടതുപക്ഷ എംപി മാർ പാർലിമെന്റില്‍ ഉള്ളപ്പോഴായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതും, പെൻഷൻ നല്‍കുന്നതുമായ ഏക സംസ്ഥാനം കേരളമാണ്.

പാർലമെന്റില്‍ ഒതുങ്ങിയിരിക്കുന്നവരെ അല്ല വേണ്ടത്. സാധാരണക്കാരന്റെ നാവായി അവകാശങ്ങള്‍ക്കായുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവരെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബത്ത ഡി പാലസ് ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിക്ക് ആമുഖ പ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular