Monday, May 20, 2024
HomeIndia'ചാര്‍ സൗ പാര്‍'. ബി.ജെ.പിയുടെ സെല്‍ഫ് ഗോള്‍

‘ചാര്‍ സൗ പാര്‍’. ബി.ജെ.പിയുടെ സെല്‍ഫ് ഗോള്‍

ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടം കഴിഞ്ഞതോടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ‘അബ് കീ ബാർ’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുകൊടുത്ത് ‘ചാർ സൗ പാർ’ എന്ന് അണികളെക്കൊണ്ട് ഏറ്റുവിളിപ്പിക്കുന്നത് നിർത്തി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീയതി പ്രഖ്യാപിക്കുന്നതിന് മുമ്ബേ മോദി ഇറക്കിയ ‘അബ് കീ ബാർ… ചാർ സൗ പാർ’ (ഇത്തവണ…നാന്നൂറ് കടക്കും) എന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണ് പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന 200ാളം സീറ്റുകളില്‍ ഉത്തർപ്രദേശിലും ബിഹാറിലും അടക്കം പ്രതീക്ഷ തെറ്റിയ ബി.ജെ.പി 400 പോയിട്ട് 300 പോലും കടക്കില്ലെന്ന സ്ഥിതിയിലെത്തിയതല്ല ഇതിന് കാരണം. മറിച്ച്‌ മുദ്രാവാക്യം തന്നെ ബി.ജെ.പിയുടെ ഒരു സെല്‍ഫ് ഗോള്‍ ആയെന്ന തിരിച്ചറിവിലാണ് രണ്ട് ഘട്ടം കഴിഞ്ഞപ്പോഴേക്കും അത് വേണ്ടെന്നു വെച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിനുശേഷം ബിഹാറില്‍ പ്രധാനമന്ത്രിയും അമിത് ഷായും നടത്തിയ റാലികളിലൊന്നും ‘ചാർ സൗ പാർ’ വിളിച്ചുകേട്ടില്ല.

ബി.ജെ.പി 400 കടന്നാല്‍ അംബേദ്കറുടെ സംഭാവനയായ ഭരണഘടന മാറ്റുകയും എസ്.സി, എസ്.ടി സംവരണം ഇല്ലാതാക്കുകയും ചെയ്യുമെന്ന പ്രചാരണം യു.പി അടക്കമുള്ള പല സംസ്ഥാനങ്ങളിലെയും ദലിത് വോട്ടർമാരെ ബി.ജെ.പിക്ക് എതിരാക്കി. 400 സീറ്റ് ലക്ഷ്യമിടുന്നത് ഭരണഘടന മാറ്റാനാണെന്നും മോദി അധികാരത്തില്‍ വന്നാല്‍ സംവരണം റദ്ദാക്കുമെന്നും ദലിതുകള്‍ക്കിടയിലുണ്ടായ പ്രചാരണത്തിന് ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും ബലം നല്‍കി. ബി.എസ്.പിക്ക് ഒപ്പം നിന്ന ദലിത് വോട്ടർമാർ ബി.ജെ.പിയെ തോല്‍പിക്കാൻ ഇൻഡ്യ സ്ഥാനാർഥികള്‍ക്ക് വോട്ടു നല്‍കിയിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ഇതേതുടർന്നാണ് ദലിത് വിഭാഗത്തിന്റെ മനോഗതി മാറ്റാൻ എസ്.സി, എസ്.ടി സംവരണം ഇല്ലാതാക്കി കോണ്‍ഗ്രസ് അത് മുസ്‍ലിംകള്‍ക്ക് നല്‍കാൻ പോകുകയാണെന്ന വ്യാജ പ്രചാരണവുമായി മോദിതന്നെ രംഗത്തുവന്നത്. സംവരണത്തിന്റെ കാര്യത്തില്‍ ബി.ജെ.പിയോടുണ്ടായ പേടി കോണ്‍ഗ്രസിനെതിരെ തിരിച്ചുവിടാൻ ഈ വ്യാജ ആരോപണം മോദി ആവർത്തിക്കുകയും ചെയ്തു. തങ്ങളൊരിക്കലും ഭരണഘടന മാറ്റില്ലെന്നും സംവരണം നിർത്തലാക്കില്ലെന്നും മോദിയും അമിത് ഷായും നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

ഇതോടൊപ്പമാണ് 400 സീറ്റിലേറെ ലഭിച്ചാല്‍ നരേന്ദ്ര മോദി ഉത്തർപ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുമെന്ന പ്രചാരണം ക്ഷത്രിയ സമുദായത്തിലും നടന്നത്. ഗുജറാത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലയുടെ രജ്പുത് വിരുദ്ധ പരാമർശത്തിനെതിരെ ക്ഷത്രിയ സമുദായം രംഗത്തുവന്നപ്പോഴാണ് ഇത്തരമൊരു പ്രചാരണം സമുദായത്തിനകത്ത് നടന്നത്. യു.പിയില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ബാഗ്പത് മണ്ഡലത്തിലെ കേഡ ഗ്രാമത്തില്‍ വിളിച്ചുചേർത്ത രജ്പുത് മഹാപഞ്ചായത്ത് ബി.ജെ.പി സ്ഥാനാർഥികളെ ബഹിഷ്‍കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ബാഗ്പത്, മീറത്ത്, മുസഫർ നഗർ പരിധിയിലെ 24 ഗ്രാമങ്ങളിലെ രജ്പുത് സമുദായാംഗങ്ങളാണ് മഹാ പഞ്ചായത്തിനെത്തിയത്. തങ്ങളുടെ എതിർപ്പ് യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാറിനോടല്ലെന്നും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിനോടാണെന്നും മഹാപഞ്ചായത്ത് പ്രഖ്യാപിച്ചു. 400 കടന്നാല്‍ മോദി എന്തിനും മടിക്കില്ലെന്ന് ദലിതുകളെപോലെ ക്ഷത്രിയരും പ്രചരിപ്പിക്കുന്നെന്ന് മനസ്സിലാക്കിയാണ് ‘എന്റെ പേരില്‍ മോദിയോട് കോപിക്കല്ലേ’ എന്ന് ക്ഷത്രിയ സമുദായത്തോട് പുരുഷോത്തം രൂപാല വീണ്ടും കേണപേക്ഷിച്ചത്.

‘ചാർ സൗ പാർ’ മുദ്രാവാക്യം വലിയ അബദ്ധമായെന്ന് ആർ.എസ്.എസ്, ബി.ജെ.പി ഹാൻഡിലുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറ്റപ്പെടുത്തുന്നുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular