Friday, May 17, 2024
HomeIndiaബോളര്‍മാര്‍ക്ക് ഒരു സഹായവുമില്ല, ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റ് പിച്ചും. ഐപിഎല്ലിനെ വിമര്‍ശിച്ച്‌ മുഹമ്മദ്‌ സിറാജ്

ബോളര്‍മാര്‍ക്ക് ഒരു സഹായവുമില്ല, ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റ് പിച്ചും. ഐപിഎല്ലിനെ വിമര്‍ശിച്ച്‌ മുഹമ്മദ്‌ സിറാജ്

മിതമായ റണ്‍ ഒഴുക്ക് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രത്യേകതയാണ്. 2024 ഐപിഎല്‍ സീസണിലെ പ്രധാന മത്സരങ്ങളിലൊക്കെയും 200 റണ്‍സിലധികം ടീമുകള്‍ നേടുന്നത് കാണാൻ സാധിക്കുന്നുണ്ട്.

മാത്രമല്ല ചില സമയങ്ങളില്‍ ടീമിന്റെ സ്കോർ 250ന് മുകളിലേക്കും പോകുന്നു. ഇത്തരം സാഹചര്യങ്ങള്‍ ബോളർമാരെ സംബന്ധിച്ച്‌ വലിയ രീതിയിലുള്ള വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്.

പ്രധാനമായും ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റായ പിച്ചുകളുമായാണ് ഐപിഎല്ലില്‍ സ്കോർ ഉയരാൻ കാരണമെന്നാണ് ബാംഗ്ലൂരിന്റെ പേസർ മുഹമ്മദ് സിറാജ് പറയുന്നത്. ബോളർമാർക്ക് മൈതാനത്ത് നിന്ന് യാതൊരുവിധ സഹായങ്ങളും ഈ ഐപിഎല്ലില്‍ ലഭിച്ചിട്ടില്ല എന്നും സിറാജ് പറയുന്നു.

ബാറ്റർമാരുടെ അമിത ആക്രമണ രീതിയിലുള്ള സമീപനവും ഇമ്ബാക്‌ട് പ്ലെയർ നിയമവും എല്ലാം ഇത്തരത്തില്‍ ബാറ്റിംഗിനെ വലിയ രീതിയില്‍ സഹായിക്കുന്നു എന്ന് സിറാജ് പറയുന്നു. “നോക്കൂ, ഈ ദിവസങ്ങളില്‍ ക്രിക്കറ്റ് വളരെ വ്യത്യസ്തമാണ്. ഇപ്പോള്‍ ട്വന്റി20കളില്‍ 250- 260 സ്കോറുകള്‍ ഓരോ മത്സരത്തിലും ടീമുകള്‍ നേടുന്നുണ്ട്. മുൻപ് 250 റണ്‍സ് സ്വന്തമാക്കുക എന്നത് തന്നെ വളരെ അവിചാരിതമായി സംഭവിക്കുന്ന കാര്യമായിരുന്നു.”- ഗുജറാത്തിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം സിറാജ് പറഞ്ഞു.

“ഇപ്പോള്‍ ക്രിക്കറ്റില്‍ ബോളർമാർക്ക് യാതൊരു സഹായവും എവിടെ നിന്നും ലഭിക്കുന്നില്ല. വളരെ ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റായ വിക്കറ്റുകളുമാണ് ഇപ്പോള്‍ എല്ലായിടത്തുമുള്ളത്. ബോളിന് യാതൊരു തരത്തിലും സ്വിങ് ലഭിക്കുകയും ചെയ്യുന്നില്ല. ഇതൊക്കെ വലിയ മാറ്റങ്ങള്‍ തന്നെയാണ്. ബോളർമാർ തുടർച്ചയായി പന്തുകള്‍ എറിയുകയും ബാറ്റർമാരുടെ തല്ലു വാങ്ങുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.”

“ഒരു ബോളറെന്ന നിലയ്ക്ക് നമുക്ക് നമ്മളില്‍ തന്നെ വലിയൊരു വിശ്വാസം ഉണ്ടാവണം. എന്റെ ജീവിതത്തില്‍ ഞാൻ ഒരുപാട് ഉയർച്ചകളും കാഴ്ചകളും അനുഭവിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മത്സരങ്ങള്‍ എന്റെ വഴിക്ക് വന്നില്ലെങ്കിലും ഞാൻ ഒന്നും തന്നെ വിട്ടുകൊടുക്കാൻ തയ്യാറല്ല. വലിയൊരു തിരിച്ചുവരവിനാണ് ഞാൻ ശ്രമിക്കാറുള്ളത്.”- സിറാജ് കൂട്ടിച്ചേർത്തു.

“ഒരു മാസത്തിന് ശേഷം ലോകകപ്പ് ആരംഭിക്കുകയാണ്. അതിനാല്‍ ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട്. നല്ല പന്തുകളില്‍ എനിക്കെതിരെ റണ്‍സ് ബാറ്റർമാർ സ്വന്തമാക്കിയാലും അത് എനിക്കൊരു പ്രശ്നമല്ല. പക്ഷേ വളരെ കുറച്ചു മോശം പന്തുകള്‍ മാത്രം എറിയാനാണ് ഞാൻ ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ ഐപിഎല്ലില്‍ അത്ര മോശം പ്രകടനമല്ല ഞാൻ ഇതുവരെ കാഴ്ച വച്ചിട്ടുള്ളത്.”

“4 ഓവറുകളില്‍ 40 റണ്‍സ് വിട്ടു നല്‍കുക എന്നത് ഇത്തവണത്തെ ഐപിഎല്ലില്‍ സ്വാഭാവിക കാര്യമാണ്. ട്വന്റി20 എന്നത് എല്ലായിപ്പോഴും ഭാഗ്യം നിറഞ്ഞ ഫോർമാറ്റ് കൂടിയാണ്. ചില സമയങ്ങളില്‍ നല്ല പന്തുകളില്‍ നമുക്ക് വിക്കറ്റ് ലഭിക്കാതിരിക്കും. ചില സമയങ്ങളില്‍ ഫുള്‍ടോസില്‍ പോലും വിക്കറ്റ് ലഭിച്ചുവെന്ന് വരും. ഇതൊക്കെയും ഭാഗ്യത്തിന്റെ കാര്യമാണ്. ഞാൻ എന്റേതായിട്ടുള്ള തെറ്റുകള്‍ ഒഴിവാക്കി മുൻപോട്ട് വരാനാണ് ശ്രമിക്കുന്നത്.”- സിറാജ് പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular