Friday, May 17, 2024
HomeKeralaശോഭാ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം; ജാവഡേക്കര്‍-ദല്ലാള്‍ ബന്ധത്തിന് എതിരെയും വിമര്‍ശനം; ഭാരവാഹി യോഗം ഈ ആഴ്ച

ശോഭാ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം; ജാവഡേക്കര്‍-ദല്ലാള്‍ ബന്ധത്തിന് എതിരെയും വിമര്‍ശനം; ഭാരവാഹി യോഗം ഈ ആഴ്ച

തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി.ജയരാജനെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം പരസ്യമാക്കിയ ശോഭാ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം.

വിവാദത്തില്‍ നേതാക്കള്‍ ചേരി തിരിഞ്ഞതോടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം വിളിച്ചിട്ടുണ്ട്. മേയ് നാലിന് ചേരുന്ന യോഗത്തില്‍ പൊട്ടിത്തെറിയുണ്ടായേക്കും.

ജയരാജനുമായി നടത്തിയ രഹസ്യ ചര്‍ച്ച പരസ്യമാക്കിയതില്‍ കേരളത്തിലെ പ്രഭാരിയായ പ്രകാശ്‌ ജാവഡേക്കറിനും അമര്‍ഷമുണ്ട്. അതൃപ്തി അദ്ദേഹം പരസ്യമാക്കിയിട്ടുമുണ്ട്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികള്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഉണ്ടാകാനുമിടയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ അഴിച്ചുപണി വന്നേക്കുമെന്ന സൂചനകളും ശക്തമാണ്.

ജയരാജന്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥാണ് ശോഭ സുരേന്ദ്രനെതിരെ രംഗത്തുവന്നത്. ബിജെപിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നത് ദല്ലാളുകള്‍ വഴിയല്ലെന്നാണ് രഘുനാഥിന്റെ വിമര്‍ശനം. “കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല. വിവാദങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോ എന്ന് പരിശോധിക്കണം.” ഫെയ്സ് ബുക്ക് പേജില്‍ രഘുനാഥ് പ്രതികരിക്കുന്നു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്‌ പി.രഘുനാഥ്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശോഭയ്ക്ക് എതിരെ ആഞ്ഞടിക്കാനാണ് സുരേന്ദ്രന്‍ പക്ഷത്തിന്റെ നീക്കമെന്ന് രഘുനാഥിന്‍റെ പ്രസ്താവനയോടെ തെളിയുന്നു. എന്നാല്‍ ശോഭയെ അനുകൂലിച്ച്‌ പി.കെ.കൃഷ്ണദാസ് എത്തിയിട്ടുണ്ട്. ശോഭ അവരുടെ അനുഭവമാണ് വെളിപ്പെടുത്തിയതെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.

പ്രകാശ് ജാവഡേക്കറിന് ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നെന്ന് വ്യക്തമാക്കുന്നതാണ് രഘുനാഥിന്റെ കുറിപ്പ്. പത്മജ വേണുഗോപാലും അനില്‍ ആന്റണിയും ബിജെപിയിലെത്തിയത് കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ്. ഇതേ രീതിയിലുള്ള കേന്ദ്ര നീക്കമാണ് ജയരാജനെ ബിജെപിയില്‍ എത്തിക്കാന്‍ വേണ്ടിയും നടന്നതും. ദേവികുളത്തെ സിപിഎം മുന്‍ എംഎല്‍എയായ എസ്.രാജേന്ദ്രനും ഡല്‍ഹിയിലെത്തിയാണ് ജാവഡേക്കറെ നേരിട്ട് കണ്ടത്. പല നീക്കങ്ങളും ബിജെപി സംസ്ഥാന നേതൃത്വം അറിയുന്നില്ല. ഇതിലെല്ലാം പാര്‍ട്ടിയില്‍ മുറുമുറുപ്പ് പ്രകടമാണ്. എന്തായാലും ഏറെക്കാലമായി ബിജെപിയില്‍ അണഞ്ഞുകിടന്ന ചേരിപ്പോരാണ് ജയരാജന്‍ വിവാദത്തോടെ മൂർച്ഛിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular