Sunday, May 19, 2024
HomeIndiaപകരം വീട്ടാന്‍ ഹാര്‍ദിക്, രോഹിത്തും സൂര്യയും മുംബൈ വിട്ടേക്കും! പകരം ഈ 3 പേരെത്തും?

പകരം വീട്ടാന്‍ ഹാര്‍ദിക്, രോഹിത്തും സൂര്യയും മുംബൈ വിട്ടേക്കും! പകരം ഈ 3 പേരെത്തും?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഈ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച പല ടീമുകളും അടുത്ത സീസണില്‍ അടിമുടി മാറ്റങ്ങള്‍ ടീമില്‍ വരുത്തുമെന്നുറപ്പാണ്.

ഈ സീസണില്‍ വലിയ പ്രതീക്ഷയോടെയെത്തി തകര്‍ന്നടിഞ്ഞ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. ഇടവേളക്ക് ശേഷം കിരീടമെന്ന ഉറച്ച മോഹത്തോടെയാണ് ഈ സീസണില്‍ മുംബൈ ഇറങ്ങിയത്.

എന്നാല്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതോടെ ടീം മാനേജ്‌മെന്റിന് തെറ്റ് പറ്റി. ടീമിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച തീരുമാനമായിരുന്നു ഇത്. ആരാധകരും സഹതാരങ്ങളും രോഹിത്തിനൊപ്പം നിന്നതോടെ ഹാര്‍ദിക് ഒറ്റപ്പെട്ടു. മുംബൈയിലെ കാണികളില്‍ നിന്ന് പോലും ഹാര്‍ദിക്കിന് കൂവല്‍ നേരിടേണ്ടി വന്നു. ശക്തമായ ടീമുണ്ടായിട്ടും ഒന്നും ചെയ്യാനാവാത്ത നിരയായി മുംബൈ മാറിയത് ടീമിനുള്ളിലെ പ്രശ്‌നങ്ങളാണ്.

ഇത്തവണ അവസാന സ്ഥാനക്കാരെന്ന നാണക്കേടില്‍ നിന്ന് മുംബൈ രക്ഷപെടുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും വരുന്ന മെഗാ ലേലത്തില്‍ വലിയ പൊളിച്ചെഴുത്ത് മുംബൈ ടീമിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ നായകന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും. രോഹിത്തിനോട് വേണ്ടത്ര ആലോചന നടത്താതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്.

ഇതില്‍ അതൃപ്തിയുണ്ടെന്ന് രോഹിത് പരസ്യമായിത്തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ രോഹിത് ഈ സീസണിന് ശേഷം മുംബൈ വിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സൂര്യകുമാര്‍ യാദവിനും ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ പ്രയാസമുണ്ടെന്നും മുംബൈ വിടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. രണ്ട് പേരുമാണ് മുംബൈ ടീമിനുള്ളിലെ സാഹചര്യം മോശമാക്കിയതെന്ന ആക്ഷേപവും ശക്തമാണ്.

രോഹിത്തും സൂര്യയും ചേര്‍ന്ന് മുംബൈ ടീമിനെ രണ്ട് തട്ടിലാക്കിയെന്നാണ് ഹാര്‍ദിക് അനുകൂലികള്‍ ആരോപിക്കുന്നത്. ഹാര്‍ദിക്കിനും ഇവര്‍ ടീമില്‍ തുടരുന്നതിനോട് വലിയ താല്‍പര്യമില്ല. സ്വതന്ത്ര ശൈലിയില്‍ ടീമിനെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭാവി മുന്നില്‍ക്കണ്ട് ഹാര്‍ദിക്കിനെ പിന്തുണച്ച്‌ രോഹിത്തിനേയും സൂര്യയേയും ഒഴിവാക്കാനാണ് മുംബൈ ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നത്.

മുംബൈ ചില സൂപ്പര്‍ താരങ്ങളേയും നോട്ടമിടുന്നുണ്ടെന്നാണ് വിവരം. രോഹിത്തിനേയും സൂര്യയേയും ഒഴിവാക്കി പകരം കെ എല്‍ രാഹുലിനെ ടീമിലേക്കെത്തിക്കാന്‍ മുംബൈ ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. ഹാര്‍ദിക്കിന്റെ അടുത്ത സുഹൃത്താണ് രാഹുല്‍. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായ രാഹുലിനെ മുംബൈയിലേക്കെത്തിക്കുക എളുപ്പമല്ലെങ്കിലും മുംബൈ ഇത്തരമൊരു നീക്കത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെത്തുന്നത്.

രണ്ട് ഓള്‍റൗണ്ടര്‍മാരേയും മുംബൈ നോട്ടമിടുന്നു. ലഖ്‌നൗവില്‍ നിന്ന് മാര്‍ക്കസ് സ്‌റ്റോയിണിസിനെ ഒപ്പം കൂട്ടാന്‍ മുംബൈ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്. അടുത്ത സീസണില്‍ ലഖ്‌നൗ സ്റ്റോയിണിസിനെ നിലനിര്‍ത്താന്‍ സാധ്യതയില്ല. അങ്ങനെ വരുമ്ബോള്‍ മുംബൈക്ക് താരത്തെ സ്വന്തമാക്കുക പ്രയാസമായിരിക്കില്ല.

ഏറെ നാളായി മുംബൈ നോട്ടമിടുന്ന താരമാണ് റാഷിദ് ഖാന്‍. എന്നാല്‍ റാഷിദിനെ ഇതുവരെ ടീമിലെത്തിക്കാന്‍ മുംബൈക്ക് സാധിച്ചിരുന്നില്ല. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് റാഷിദ്. അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടറെ മുംബൈയിലേക്കെത്തിക്കാന്‍ ഹാര്‍ദിക്കിന്റെ ഇടപെടല്‍ സഹായിച്ചേക്കും. റാഷിദിനെ ഒപ്പം കൂട്ടാനായാല്‍ മുംബൈക്കത് വലിയ ഗുണം ചെയ്യും. ഈ നീക്കം നടത്തിയാല്‍ ഹാര്‍ദിക്കിനും അത് വലിയ കരുത്താവും.

എന്തായാലും വലിയ മാറ്റങ്ങള്‍ മുംബൈ ടീമില്‍ പ്രതീക്ഷിക്കാം. ജസ്പ്രീത് ബുംറ മുംബൈ ടീമില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവാണ് മുംബൈ പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular