Sunday, May 19, 2024
HomeGulfചര്‍ച്ച പൊളിഞ്ഞു; മടങ്ങി ഖത്തര്‍ പ്രതിനിധികള്‍, സൈനികര്‍ കൊല്ലപ്പെട്ടു, റഫയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി

ചര്‍ച്ച പൊളിഞ്ഞു; മടങ്ങി ഖത്തര്‍ പ്രതിനിധികള്‍, സൈനികര്‍ കൊല്ലപ്പെട്ടു, റഫയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി

കെയ്‌റോ: ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. ഹമാസ് മുന്നോട്ട് വച്ച ഉപാധികള്‍ ഇസ്രായേല്‍ അംഗീകരിച്ചില്ല. ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം, പലസ്തീന്‍കാര്‍ക്ക് വടക്കന്‍ ഗാസയില്‍ തിരിച്ചെത്താന്‍ അവസരമൊരുക്കണം എന്നീ ഹമാസ് ഉപാധികള്‍ തോല്‍വി സമ്മതിക്കുന്നതിന് തുല്യമാണ് എന്നാണ് ഇസ്രായേല്‍ നിലപാട്.

ഈജിപ്തില്‍ നടത്തി വന്ന ചര്‍ച്ച ഫലം കണ്ടില്ലെങ്കിലും ഇനിയും ശ്രമിക്കുമെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തര്‍ പ്രതിനിധികള്‍ കെയ്‌റോയില്‍ നിന്ന് ദോഹയില്‍ മടങ്ങിയെത്തി. അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഖത്തറുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. അതേസമയം, അവശ്യ വസ്തുക്കള്‍ എത്തിക്കുന്നത് തടയുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തി. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.

മെയ്‌സുല്‍ ജബലില്‍ നേരത്തെയും ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. കേടുപാടുകള്‍ പരിശോധിക്കുന്ന ജനക്കൂട്ടത്തിന് നേരെയുണ്ടായ രണ്ടാമത്തെ ആക്രമണത്തിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അതിനിടെ അല്‍ ജസീറ ചാനല്‍ ഇസ്രായേലില്‍ അടച്ചുപൂട്ടി. ചാനലിന്റെ ജറുസലേമിലെ ഓഫീസ് സീല്‍ ചെയ്തു. കംപ്യൂട്ടറുകളും ക്യാമറകളും ഇസ്രായേല്‍ പോലീസ് പിടിച്ചെടുത്തു.

ഗാസയിലെ ആക്രമണം അവസാനിപ്പിക്കണം എന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. ഇസ്രായേല്‍ ഒറ്റയ്ക്കാണെങ്കില്‍ പോലും ആക്രമണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലേക്കുള്ള വിദേശ സഹായങ്ങള്‍ ഇസ്രായേല്‍ തടയുകയാണെന്ന് യുഎന്‍ കുറ്റപ്പെടുത്തി. കടുത്ത ക്ഷാമത്തിലേക്കാണ് ഗാസ പോകുന്നതെന്ന് ലോക ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്നും എല്ലാ രാജ്യങ്ങളും ഇസ്രായേലിനെതിരെ ഉപരോധം ചുമത്തണമെന്നും ഒഐസി ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യുഎന്‍ ഏജന്‍സിയുടെ മേധാവിയെ ഗാസയിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. ആക്രമണം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് അദ്ദേഹത്തെ ഇസ്രായേല്‍ തടയുന്നത്.

അതേസമയം, ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധം തുടരുകയാണ്. അമേരിക്കയിലെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും നടത്തുന്ന സമരം ആഴ്ചകളായി. പോലീസ് ഭീഷണിയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലഫോര്‍ണിയയിലെ വിദ്യാര്‍ഥികളുടെ ക്യാംപ് പൊളിച്ചുനീക്കി. അതേസമയം, മറ്റിടങ്ങളില്‍ സമാധാനപരമായ സമരത്തിന് ആഹ്വാനമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular