Sunday, May 19, 2024
HomeKeralaവറ്റിവരണ്ട് കിണറുകളും കുളങ്ങളും, നദികളില്‍ ജലനിരപ്പ് താഴുന്നു; പാലായില്‍ കുടിവെള്ളക്ഷാമം

വറ്റിവരണ്ട് കിണറുകളും കുളങ്ങളും, നദികളില്‍ ജലനിരപ്പ് താഴുന്നു; പാലായില്‍ കുടിവെള്ളക്ഷാമം

കോട്ടയം: വേനല്‍ കടുത്തതോടെ ജില്ലയില്‍ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. വിവിധയിടങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റിയ നിലയിലാണ്. മീനച്ചിലാറ്റിലെയും തോടുകളിലെയും ജലനിരപ്പ് താഴ്ന്നു. ഇതോടെ പലയിടത്തും ലോറികളില്‍ കുടിവെള്ളം എത്തിച്ച് നല്‍കുകയാണ്. വേനല്‍ ഇനിയും ബാക്കിനില്‍ക്കെ പ്രദേശവാസികള്‍ ആശങ്കയിലാണ്.

രാമപുരം പഞ്ചായത്തിലെ കിഴതിരി, നീറന്താനം, നെല്ലിയാനിക്കുന്ന്, വളക്കാട്ടുകുന്ന്, കുന്നപ്പിള്ളി, മേതിരി, താന്നിപ്പാറ, കടനാട് പഞ്ചായത്തിലെ നീലൂര്‍, കാവുംകണ്ടം, മാനത്തൂര്‍, മറ്റത്തിപ്പാറ, കുറുമണ്ണ് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ ശുദ്ധജലക്ഷാമത്തില്‍ വലയുകയാണ്. ജലനിധി ഉള്‍പ്പെടെ ഒട്ടേറെ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കുടിവെള്ളത്തിന് പോലും ക്ഷാമം അനുഭവപ്പെടുകയാണ് ഇവിടെ.

കുടിവെള്ള പദ്ധതികളുടെ കുളങ്ങളും കിണറുകളും വരെ വറ്റിവരണ്ട അവസ്ഥയിലാണ്. ഇതിനോടൊപ്പം സ്വകാര്യ വ്യക്തികള്‍ ലോറികളില്‍ സ്ഥാപിക്കുന്ന ടാങ്കുകളില്‍ വെള്ളം നിറച്ച് വിതരണം ചെയ്യുന്നത് കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പരാതികള്‍ വ്യാപകമായതോടെ ചില പഞ്ചായത്തുകള്‍ സ്വകാര്യ വ്യക്തികളുടെ വെള്ളം വില്‍പന രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാക്കിയിരിക്കുകയാണ്.

അതേസമയം തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നത് എന്നാണ് നാട്ടുകാരുടെ പക്ഷം. അതിനിടെ മുത്തോലി പഞ്ചായത്തിലെ അള്ളുങ്കല്‍ക്കുന്ന് ജലനിധി പദ്ധതിയില്‍ നിന്നു കുടിവെള്ളം സ്ഥിരമായി കിട്ടുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വെള്ളമെത്തിക്കുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് അലംഭാവം കാണിക്കുന്നു എന്നാണ് പരാതി. ഈ പദ്ധതിയില്‍ നിന്ന് 60 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം വിതരണം ചെയ്തിരുന്നത്.

ഇതിനായി പുലിയന്നൂര്‍ ക്ഷേത്രത്തിന് സമീപം പാടത്തോട് ചേര്‍ന്നുള്ള തോട്ടുവക്കില്‍ കിണര്‍ കുഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കിണറിലും ഒരുതുള്ളി വെള്ളമില്ല. കിണറ്റില്‍ വെള്ളമില്ലാതായതോടെ പുതിയ കിണര്‍ നിര്‍മിക്കാന്‍ 15 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ കിണര്‍ കുത്താനുള്ള സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular