Sunday, May 19, 2024
HomeIndia93ല്‍ 71ഉം ബിജെപിക്ക്, മൂന്നാം ഘട്ടം പ്രതിപക്ഷത്തിന് ബാലികേറാമല; 2019ലെ കണക്കുകള്‍ ഇങ്ങനെ

93ല്‍ 71ഉം ബിജെപിക്ക്, മൂന്നാം ഘട്ടം പ്രതിപക്ഷത്തിന് ബാലികേറാമല; 2019ലെ കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആധിപത്യം. മൊത്തം 11 സംസ്ഥാനങ്ങളിലായി 93 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു സീറ്റിലെ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് മൂന്നാം ഘട്ടത്തില്‍ നടക്കുന്നത്. ഇതും കൂടി ചേരുമ്പോള്‍ 12 സംസ്ഥാനങ്ങളില്‍ നിന്നായി 94 സീറ്റുണ്ടാവും.

മൂന്നാം ഘട്ടം കഴിയുന്നതോടെ 283 സീറ്റുകളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. മൂന്നാം ഘട്ടം കഴിയുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയാവും. അസം, ഛത്തീസ്ഗഡ്, ഗോവ, കര്‍ണാടക, ഗുജറാത്ത് എ ന്നീ സംസ്ഥാനങ്ങളിലെ വോട്ടിംഗാണ് പൂര്‍ണമായും പൂര്‍ത്തിയാവുക. ഗുജറാത്തിലെ സൂറത്തില്‍ നേരത്തെ തന്നെ ബിജെപി എതിരില്ലാതെ വിജയം നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക തള്ളിയതാണ് കാരണം.

2019ലെ കണക്കുകള്‍ നോക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഒട്ടും മുന്‍തൂക്കം ഈ സീറ്റുകളില്‍ കാണാനാവില്ല. ആകെയുള്ള സീറ്റില്‍ 75 എണ്ണത്തിലും എന്‍ഡിഎയാണ് വിജയിച്ചത്. ഇന്ത്യ സഖ്യം വിജയിച്ചത് ആകെ എട്ട് സീറ്റിലാണ്. ബാക്കിയുള്ള 10 സീറ്റുകള്‍ ശിവസേനയും എന്‍സിപിയും ബദറുദ്ദീന്റെ അജ്മലിന്റെ എഐയുഡിഎഫും രണ്ട് സ്വതന്ത്രരും ചേര്‍ന്നാണ് വിജയിച്ചത്.

ശിവസേനയ്ക്ക് നാലും എന്‍സിപിക്ക് മൂന്നും സീറ്റുകളാണ് ലഭിച്ചത്. വോട്ടുശതമാനത്തിലും വളരെയധികം മുന്നിലാണ് എന്‍ഡിഎ. 51.8 ശതമാനം വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇന്ത്യ സഖ്യത്തിന് ആകെ ലഭിച്ചത് 31.9 ശതമാനം വോട്ടും.

93ല്‍ ബിജെപി മാത്രം വിജയിച്ചത് 71 സീറ്റുകളാണ്. കോണ്‍ഗ്രസ് നാല് സീറ്റുകളുമായി വളരെ പിന്നിലാണ്. കഴിഞ്ഞ രണ്ട് തവണത്തെ കണക്കുകളും പ്രതിപക്ഷത്തിന് ഒട്ടും സന്തോഷിക്കാവുന്നതല്ല. 2014ല്‍ ഇതില്‍ 68 സീറ്റുകളും എന്‍ഡിഎ നേടിയതാണ്. ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ നേടിയത് വെറും പതിനഞ്ച് സീറ്റുകളാണ്. പതിനൊന്ന് സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്കും ലഭിച്ചു.

മൂന്നാം ഘട്ടത്തില്‍ മൊത്തം 1332 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ബിജെപിയാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. 82 പേരാണ് മത്സരിക്കുന്നത്. ബിഎസ്പ 79 പേരെയും കോണ്‍ഗ്രസ് 68 സീറ്റിലും മത്സരിക്കുന്നു. ഗുജറാത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഇവിടെ 266 പേര്‍ മത്സര രംഗത്തുണ്ട്. മഹാരാഷ്ട്രയിലെ 11 സീറ്റില്‍ 258 പേരും കര്‍ണാടകയിലെ 14 സീറ്റില്‍ 227 പേരും മത്സരിക്കുന്നുണ്ട്.

മൊത്തം 241 സ്ഥാനാര്‍ത്ഥികളാണ് ക്രിമിനല്‍ കേസ് നേരിടുന്നത്. ഇതില്‍ 67 പേര്‍ മഹാരാഷ്ട്രയിലാണ്. കോണ്‍ഗ്രസിന്റെ 26 പേരാണ് ക്രിമിനല്‍ കേസ് നേരിടുന്നത്. ബിജെപിക്കിത് 22 പേരാണ്. 103 സ്വതന്ത്രരും ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്. ബിജെപി ദക്ഷിണ ഗോവ സ്ഥാനാര്‍ത്ഥി പല്ലവി ശ്രീനിവാസ് ഡെംപോ ആണ് മൂന്നാം ഘട്ടത്തിലെ ഏറ്റവും സമ്പന്ന സ്ഥാനാര്‍ത്ി. 1361 കോടിയാണ് ഇവരുടെ ആസ്തി.

ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യക്ക് 424 കോടി ആസ്തിയുണ്ട്. കോണ്‍ഗ്രസിന്റെ ഛത്രപതി ഷാഹു ഷഹാജിക്ക് 342 കോടിയാണ് ആസ്തി. മൂന്നാം ഘട്ടത്തില്‍ മൊത്തം 121 വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. മധ്യപ്രദേശിലെ വിദിഷയില്‍ നിന്ന് മത്സരിക്കുന്ന 84കാരനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഷീദാണ് ഏറ്റവും മൂന്നാം ഘട്ടത്തില്‍ ഏറ്റവും പ്രായമേറിയ സ്ഥാനാര്‍ത്ഥി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular