Sunday, May 19, 2024
HomeIndiaഅമിത് ഷാക്കൊപ്പമെത്തി വോട്ട് ചെയ്ത് മോദി; 'എല്ലാവരും വോട്ട് ചെയ്യണം, വെള്ളം കുടിക്കണം'

അമിത് ഷാക്കൊപ്പമെത്തി വോട്ട് ചെയ്ത് മോദി; ‘എല്ലാവരും വോട്ട് ചെയ്യണം, വെള്ളം കുടിക്കണം’

അഹമ്മദബാദ്: ഇന്ന് നടക്കുന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ നിഷാന്‍ സ്‌കൂളിലായിരുന്നു മോദി വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം എന്ന് മോദി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ നിഷാന്‍ പബ്ലിക് സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ച ഉടന്‍ തന്നെ പ്രധാനമന്ത്രി വോട്ട് ചെയ്തു. പോളിംഗ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ നിരവധി ആളുകളെ അദ്ദേഹം അഭിവാദ്യം ചെയ്യുകയും ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു കുട്ടിയോടൊപ്പം അല്‍പ സമയം പങ്കിടുകയും ചെയ്തു. നിലവില്‍ ഉഷ്ണ തരംഗമുള്ളതിനാല്‍ ആളുകളെ വെള്ളം കുടിക്കാനും അദ്ദേഹം ഓര്‍മിപ്പിച്ചു.

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും ഊര്‍ജം നല്‍കുമെന്നും അദ്ദേഹം ഉപദേശിച്ചു. ‘ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പാണ്. നമ്മുടെ രാജ്യത്ത് ദാനത്തിന് വലിയ പ്രാധാന്യമുണ്ട്. അതേ മനോഭാവത്തില്‍ പൗരന്‍മാര്‍ വോട്ട് ചെയ്യണം. നാല് റൗണ്ട് വോട്ടെടുപ്പ് ഇനിയും മുന്നിലുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാമതും പ്രധാനമന്ത്രിയാകാം എന്നാണ് നരേന്ദ്ര മോദിയുടെ പ്രതീക്ഷ.

അതേസമയം ഗാന്ധിനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഗാന്ധിനഗര്‍ സീറ്റില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും എം പിയാകാനാണ് ഷാ ശ്രമിക്കുന്നത്. മൂന്നാം ഘട്ട വോട്ടെടുപ്പ് 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും പുരോഗമിക്കുകയാണ്. അമിത് ഷായെ കൂടാതെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എന്‍സിപി (ശരദ്ചന്ദ്ര പവാര്‍) നേതാവ് സുപ്രിയ സുലെ, സമാജ്വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്. 93 മണ്ഡലങ്ങളിലായി 17 കോടിയിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.

അതില്‍ 72 ജനറല്‍ സീറ്റുകളും 10 എണ്ണം പട്ടികജാതികള്‍ക്കും 11 പട്ടികവര്‍ഗക്കാര്‍ക്കുമാണ്. മൂന്നാം ഘട്ടത്തില്‍ അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഡ് (7), ഗോവ (2), ഗുജറാത്ത് (26), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4), ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ദിയു (2) എന്നിവിടങ്ങളിലെ 93 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ആകെ 1,331 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ബിജെപി പരമാവധി 81 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിനായി 67 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 94 ല്‍ 72 സീറ്റുകളില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസും ശിവസേനയും 4 സീറ്റുകള്‍ വീതവും ജെഡിയു, എന്‍സിപി എന്നിവര്‍ 3 സീറ്റുകള്‍ വീതവും സ്വന്തമാക്കിയിരുന്നു. മൂന്നാം ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ സൂറത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിച്ചിരുന്നു. സൂറത്തിന് പുറമേ, ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 25 ലേക്ക് മാറ്റിവച്ചു. ഇത് വോട്ടെടുപ്പിന്റെ ആറാം ഘട്ടത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular