Monday, May 20, 2024
HomeIndiaഎൻ.സി.പി. കോണ്‍ഗ്രസിലേക്ക്?; ലയനസൂചന നല്‍കി ശരദ് പവാര്‍

എൻ.സി.പി. കോണ്‍ഗ്രസിലേക്ക്?; ലയനസൂചന നല്‍കി ശരദ് പവാര്‍

പൂണെ: കോണ്‍ഗ്രസുമായുള്ള ലയനസൂചന നല്‍കി എൻ.സി.പി. സ്ഥാപകൻ ശരദ് പവാർ. വരുന്ന രണ്ടുവർഷത്തിനുള്ളില്‍ ഏതാനും പ്രാദേശിക പാർട്ടികള്‍ കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കുമെന്നും അതില്‍ ചിലത് ലയിച്ചേക്കുമെന്നും പവാർ പ്രതികരിച്ചതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

ഇന്ത്യൻ എക്സ്പ്രസിനോടാണ് പവാറിന്റെ പ്രതികരണം.

നിരീക്ഷണം തന്റെ പാർട്ടിക്കും ബാധകമാണോയെന്ന ചോദ്യത്തോട്, തങ്ങളും കോണ്‍ഗ്രസുമായും വലിയ വ്യത്യാസമില്ലെന്നും പ്രത്യയശാസ്ത്രപരമായി ഗാന്ധി- നെഹ്റു ചിന്താധാരയ്ക്ക് ഒപ്പമാണെന്നുമായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. ‘ഇപ്പോള്‍ ഞാൻ ഒന്നും പറയുന്നില്ല. സഹപ്രവർത്തകരുമായി ആലോചിക്കാതെ ഒന്നും പറയാൻ സാധിക്കില്ല. പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ കോണ്‍ഗ്രസുമായി വളരെ അടുത്തുനില്‍ക്കുന്നു. അടുത്ത നടപടിയെക്കുറിച്ചുള്ള ഏത് തീരുമാനവും കൂട്ടായാണ് എടുക്കുക. മോദിയുമായി സഹകരിക്കാൻ ബുദ്ധിമുട്ടാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.

സമാനകാഴ്ചപ്പാടുള്ള പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്നതില്‍ ഉദ്ധവ് താക്കറെയ്ക്കും അനുകൂലമായ നിലപാടാണുള്ളത്. അദ്ദേഹത്തിന്റെ നിലപാടും തങ്ങളുടേതിന് സമാനമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഭരണത്തിലുള്ള പാർട്ടിക്കെതിരായ അടിയൊഴുക്കുണ്ട്. യു.പിയടക്കമുള്ള സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്നാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാജ്യത്തെ വികാരം മോദിക്കെതിരാണ്. ശരിയായ ദിശയിലാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. ഗാന്ധിയുടേയും നെഹ്റുവിന്റെയും ആദർശമാണ് ഞങ്ങള്‍ പിന്തുടരുന്നത്. 1977-ല്‍ മൊറാർജി ദേശായിക്ക് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സ്വീകാര്യത ഇന്ന് രാഹുല്‍ഗാന്ധിക്കുണ്ട്. സമാനകാഴ്ചപ്പാടുള്ള പാർട്ടികളെ ഒന്നിച്ചുകൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന് ആത്മാർഥതയുണ്ടെന്ന് ആളുകള്‍ക്ക് തോന്നുന്നുണ്ട്’, പവാർ പറഞ്ഞു.

പവാർ കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്നും എൻ.സി.പി. (ശരദ് ചന്ദ്രപവാർ) മാതൃപാർട്ടിയില്‍ ലയിപ്പിച്ചേക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍, അത് തള്ളി അന്ന് മകളും പാർട്ടി നേതാവുമായ സുപ്രിയ സുലെ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം മുതിർന്ന നേതാക്കള്‍ പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പടർന്നത്.

സോണിയാഗാന്ധിയുടെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തി കോണ്‍ഗ്രസ് വിട്ട ശരദ് പവാർ, താരിഖ് അൻവറിനും പി.എ. സാങ്മയ്ക്കുമൊപ്പം എൻ.സി.പി. രൂപവത്കരിക്കുകയായിരുന്നു. താരിഖ് അൻവറും സാങ്മയും പിന്നീട് വിട്ടുപോയെങ്കിലും മഹാരാഷ്ട്രയില്‍ നിർണായക ശക്തിയായി എൻ.സി.പി. തുടർന്നു. എന്നാല്‍, പാർട്ടി പിളർത്തി അനന്തരവൻ മഹാരാഷ്ട്രയില്‍ ബി.ജെ.പി. സഖ്യത്തിനൊപ്പം ചേർന്നതിന് പുറമേ, ചിഹ്നവും പേരും നഷ്ടമായതും തിരിച്ചടിയായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ ക്ലോക്ക് ചിഹ്നമില്ലാതെ മകള്‍ സുപ്രിയയെ മത്സരത്തിന് ഇറക്കേണ്ടിവന്നത് വലിയ പ്രതിസന്ധിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular