Friday, May 17, 2024
HomeUSAകോവിഡ് ക്വാറന്റൈന്റെ കാലാവധി കുറയ്ക്കാന്‍ സിഡിസിയുടെ ശുപാര്‍ശ

കോവിഡ് ക്വാറന്റൈന്റെ കാലാവധി കുറയ്ക്കാന്‍ സിഡിസിയുടെ ശുപാര്‍ശ

വാഷിംഗ്ടണ്‍:  കോവിഡില്‍ നിന്ന് കരകയറുന്ന അമേരിക്കക്കാര്‍ വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനാല്‍,  ഐസൊലേഷന്റെയും  ക്വാറന്റൈന്റെയും കാലാവധി കുറയ്ക്കാന്‍ ഫെഡറല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ശുപാര്‍ശ ചെയ്തു. കാലയളവ് 10 ദിവസത്തില്‍ നിന്ന് അഞ്ചായി കുറയ്ക്കണമെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.
അഞ്ച് ദിവസങ്ങള്‍ക്ക്  ശേഷം, രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാന്‍ കഴിയുമെന്നും  കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും മാസ്‌ക് ധരിക്കണമെന്നുമാണ് നിര്‍ദ്ദേശം.
രോഗബാധിതനായ ഒരാള്‍ക്ക് അഞ്ച് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്തതിന് ശേഷവും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, അസുഖം മാറിയെന്ന് ഉറപ്പാക്കും വരെ വീട്ടില്‍ തന്നെ തുടരുകയും   എല്ലാ സമയത്തും മാസ്‌ക് ധരിക്കുകയും വേണം.
കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനാഫലം ലഭിക്കുന്ന ദിവസം മുതല്‍ ഐസൊലേറ്റ് ചെയ്യണം. വാക്‌സിനേഷന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ശുപാര്‍ശകള്‍ ബാധകമാണ്.
 രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍, 10 ദിവസത്തില്‍ നിന്ന് ഏഴ് ദിവസത്തേക്ക് വീട്ടിലിരിക്കാനുള്ള കാലാവധി കുറച്ചുകൊണ്ട് ഫെഡറല്‍ ഹെല്‍ത്ത് ഏജന്‍സി കഴിഞ്ഞയാഴ്ച പുറത്തുവിട്ട  മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് ശേഷമാണ് സിഡിസി അത് വീണ്ടും ചുരുക്കുന്നത്.
ഇതുവരെയുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഒമിക്രോണ്‍ മുമ്പത്തെ കൊവിഡ് സ്‌ട്രെയിനുകളെ അപേക്ഷിച്ച് വേഗത്തില്‍ ഭേദമാകുമെന്നാണ്. ആളുകള്‍ രോഗം ബാധിച്ച് കൂടുതല്‍ സമയം ഐസൊലേഷനില്‍ കഴിയുന്നത് ആശുപത്രികളിലും  ബിസിനസ്സുകളിലും ജീവനക്കാരുടെ അഭാവം സൃഷ്ടിക്കുന്നതുകൊണ്ടാണ്  കാലാവധി കുറയ്ക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
ഒമിക്രോണ്‍ കേസുകള്‍  ഗുരുതരമായിരിക്കില്ലെന്നും , പലരിലും രോഗലക്ഷണം പോലും ഇല്ലായിരിക്കുമെന്നും  സിഡിസി ഡയറക്ടര്‍ റോഷെല്‍ വാലെന്‍സ്‌കി വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു.
 തൊഴിലുടമകള്‍ക്കും സംസ്ഥാന-പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കും ഉള്ള ഒരു ശുപാര്‍ശ മാത്രമാണിതെന്നും, ഉത്തരവല്ലെന്നും വാലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular