Friday, April 26, 2024
HomeUSAകമലാ ഹാരിസിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ പുതിയ നീക്കങ്ങൾ

കമലാ ഹാരിസിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ പുതിയ നീക്കങ്ങൾ

വൈസ് പ്രസിഡൻറ് കമലാ ഹാരിസിന്റെ ടീംഅവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള   മാറ്റങ്ങൾ കൊണ്ടുവരാനുള്ള തത്രപ്പാടിലാണ്. അധികാരം കിട്ടി ഒരു വർഷം പൂർത്തിയാകുമ്പോൾ പ്രതീക്ഷയ്‌ക്കൊത്ത്   പ്രതിച്ഛായയും രാഷ്ട്രീയരംഗത്തെ സാധ്യതകളും വർധിപ്പിക്കാണ് കഴിഞ്ഞില്ലെന്ന തിരിച്ചറിവിലാണിത്.

2020 ഓഗസ്റ്റിൽ ബൈഡന്റെ റണ്ണിംഗ് മേറ്റായി ഹാരിസിനെ  തിരഞ്ഞെടുത്ത ഉടൻ തന്നെ, പല ഡെമോക്രാറ്റുകളും അടുത്ത പ്രസിഡന്റ് എന്ന രീതിയിലാണ് അവരെ കണ്ടത്. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി ആ പ്രതിച്ഛായയ്ക്ക്  ഇടർച്ചയുണ്ടായി. 21-ാം നൂറ്റാണ്ടിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ മാറുന്ന മുഖം ഉൾക്കൊള്ളാനും അതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മുന്നോട്ട് നയിക്കാനും ഹാരിസിന് കഴിയുമോ എന്ന ആശയക്കുഴപ്പമാണ് ഇപ്പോൾ ഉള്ളത്. നിറവേറ്റപ്പെടാത്ത പ്രതീക്ഷകളുടെയും പൂർത്തീകരിക്കാത്ത വാഗ്ദാനങ്ങളുടെയും ഭാരം അവരുടെ രാഷ്ട്രീയ ഭാവിയെ തളർത്തുമോ എന്ന് സംശയമുയർന്നു.

ഹാരിസിന്റെ കമ്യുണിക്കേഷന്  മേൽനോട്ടം വഹിക്കാൻ പരിചയസമ്പന്നനും രാഷ്ട്രീയവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യനും വാർത്താചാനലുകളിലെ  പരിചിത മുഖവുമായ ജമാൽ സിമ്മൺസിനെയാണ് പുതുതായി  നിയമിച്ചിരിക്കുന്നത്. മാറ്റങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സിമ്മൺസ് വിസമ്മതിച്ചു.

സൈമൺ സാൻഡേഴ്‌സ് പോയതിനുശേഷം ഹാരിസ്  ഇതുവരെ ഒരു മുഖ്യ വക്താവിനെ തിരഞ്ഞെടുത്തിട്ടില്ല. മൂന്ന് അന്താരാഷ്ട്ര പര്യടനങ്ങൾ  ഉൾപ്പെടെ പ്രധാന ഘട്ടങ്ങളിൽ എല്ലാം സാൻഡേഴ്‌സ് ആയിരുന്നു ഹാരിസിന്റെ മുഖ്യ ഉപദേശക.

കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി  ഗ്വാട്ടിമാലയിലേക്കും മെക്സിക്കോയിലേക്കുമായിരുന്നു ഹാരിസിന്റെ ആദ്യ അന്താരാഷ്ട്ര യാത്ര. അതിർത്തി സന്ദർശിക്കേണ്ടത്  അടിയന്തിര പ്രാധാന്യമുള്ള വിഷയമായിരുന്നിട്ടും ഹാരിസ് ഏറെ വൈകി  റിപ്പബ്ലിക്കൻമാരും മറ്റ് വിമർശകരും ശബ്ദമുയർത്തിയ ശേഷമാണ് സന്ദർശിക്കുന്നത്.

ഹാരിസ് അഭിമുഖം നൽകാത്തതും മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടാത്തതുമാണ് നല്ലതെന്ന് ഒരുഘട്ടത്തിൽ വൈസ് പ്രസിഡന്റിന്റെ ടീമിലെ മുതിർന്ന അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. ജാഗ്രത പുലർത്തിക്കൊണ്ട് മാസങ്ങളോളം മീഡിയയിൽ അധികം പ്രത്യക്ഷപ്പെടാതെ മാറിനിന്നെങ്കിലും അടുത്ത കുറച്ച് മാസങ്ങളിൽ മാധ്യമങ്ങളിൽ  വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് അവർ.

 പ്രസിഡന്റ് ബൈഡൻ നടത്തുന്ന വലിയ പരിപാടികളിൽ  ഹാരിസ് വീണ്ടും പങ്കെടുക്കാൻ തുടങ്ങി.  മിഡ്‌ടേം ഇലക്ഷൻ   പ്രചാരണം  വിപുലമാക്കി  ജനപ്രീതി പിടിച്ചുപറ്റാനും ഡെമോക്രാറ്റുകൾക്ക് തന്റെ കഴിവുകളിൽ വിശ്വാസം പുനരുജ്ജീവിപ്പിക്കാനും അവസരമൊരുങ്ങുമെന്നാണ് ഹാരിസ് കണക്കുകൂട്ടുന്നത്.

ബൈഡൻ വിഷമകരമായ വിഷയങ്ങളുടെ ചുമതല പലപ്പോഴും ഹാരിസിനെ ഏൽപ്പിക്കുന്നതായി കരുതാൻ ഉദാഹരണങ്ങളുണ്ട്. ഭരണകൂടത്തിന്റെ നിലവിലെ മുൻഗണനകളിൽ ഒന്നായ വോട്ടിംഗ് അവകാശവും അത്തരത്തിലൊന്നാണ്. ബൈഡൻ തന്റെ പ്രസിഡൻസിയിലെ നിർണായകമായ രണ്ട് പ്രസംഗങ്ങൾ യു.എസ്.ക്യാപിറ്റോളിലും അറ്റ്ലാന്റയിലും നടത്തിയപ്പോൾ, ഏവരെയും സ്വാഗതം ചെയ്ത്  ആദ്യം സംസാരിച്ചതും ഹാരിസാണ്.

വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിയതിനും  നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കിയതിനും  ജനാധിപത്യം സംരക്ഷിച്ചതിനും പിന്നിൽ ആരാണെന്ന വരും തലമുറയുടെ ചോദ്യത്തിനുള്ള ഉത്തരമാണ് നിലവിലെ ഭരണകൂടം  എന്ന അർത്ഥത്തിൽ വൈസ് പ്രസിഡന്റ് അറ്റ്ലാന്റയിൽ പ്രസംഗിച്ചിരുന്നു.

1870-ൽ പാസാക്കിയ 15-ാം ഭേദഗതി മുതൽ വോട്ട് ചെയ്യാനുള്ള തുല്യ അവകാശം ഉറപ്പാക്കുന്നതിനുള്ള വെല്ലുവിളി അമേരിക്കൻ സമൂഹത്തെ തളർത്തിയിരിക്കുന്നു.  വോട്ടിംഗ് അവകാശങ്ങളെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ നിലപാടിനെക്കുറിച്ച് ഹാരിസ് ശക്തമായി സംസാരിച്ചത്  പല ഡെമോക്രാറ്റുകളിൽ നിന്നും പ്രശംസ പിടിച്ചുപറ്റി.

വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ആദ്യ വനിതയും  നോൺ-വൈറ്റും ഏഷ്യൻ വംശജയുമായ ഹാരിസിന്റെ മേൽനോട്ടത്തിൽ വലുതും ചെറുതുമായ നിരവധി മാറ്റങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചതായി വൈറ്റ് ഹൗസും ഹാരിസിന്റെ സഹായികളും അനുയായികളും പറയുന്നു.

സ്റ്റാഫ് അംഗങ്ങൾക്ക് ഹാരിസിന്റെ കീഴിൽ ജോലി ചെയ്യാൻ താല്പര്യമില്ലെന്നൊരു ആക്ഷേപമുണ്ട്. മൂന്ന് ഉയർന്ന തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

 ആഭ്യന്തര നയ ഉപദേഷ്ടാവും മുൻ സെനറ്റ് ചീഫ് ഓഫ് സ്റ്റാഫുമായ രോഹിണി കൊസോഗ്ലു, വൈസ് പ്രസിഡന്റിന്റെ അഭിഭാഷകനും മുൻ സെനറ്റ് ഡെപ്യൂട്ടിയുമായ ജോഷ് സു എന്നീ രണ്ടുപേർ മാത്രമാണ് വൈസ് പ്രസിഡൻഷ്യൽ ഓഫീസിലെ സീനിയർ സ്റ്റാഫായി ഉള്ളത്.

 വംശീയതയിലും ലിംഗവിവേചനത്തിലും വേരൂന്നിയ വിമർശനങ്ങളാണ് ഹാരിസിനെതിരെ ഉയരുന്നതെന്ന് പറഞ്ഞ് ചിലർ ഹാരിസിനെ ന്യായീകരിക്കുന്നു. ഒരു വനിത  അധികാരത്തിലിരിക്കുന്നത്  കാണുന്നതിലെ അസഹിഷ്ണുതയായും ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular