Monday, May 6, 2024
HomeKerala'ജാവദേക്കര്‍ ചായകുടിക്കാൻ വരാൻ ഇപിയുടെ വീടെന്താ ചായപ്പീടികയോ? ബന്ധമില്ലാത്തയാളെ ആരെങ്കിലും വിളിക്കുമോ'

‘ജാവദേക്കര്‍ ചായകുടിക്കാൻ വരാൻ ഇപിയുടെ വീടെന്താ ചായപ്പീടികയോ? ബന്ധമില്ലാത്തയാളെ ആരെങ്കിലും വിളിക്കുമോ’

തിരുവനന്തപുരം: ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറും എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജനും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

ഒരു ബന്ധവുമില്ലാത്തയാളെ ജയരാജൻ എങ്ങനെയാണ് ചായ കുടിക്കാൻ വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് ദിനത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.

‘ജയരാജൻ ചായ കട നടത്തിയിട്ടുണ്ടോ?പറയുമ്ബോള്‍ വ്യക്തതയുണ്ടായിരിക്കണം. എനിക്ക് അദ്ദേഹത്തെ പ്രതികൂട്ടില്‍ കയറ്റി നിർത്തണമെന്നമില്ല. അറിഞ്ഞ യാഥാർത്ഥ്യം പുറത്തുപറഞ്ഞുവെന്നല്ലാതെ ഒന്നും ചേർത്ത് പറഞ്ഞിട്ടില്ല. അത്തരത്തില്‍ ഒരു ആരോപണം വന്നപ്പോള്‍ അദ്ദേഹം സംസാരിക്കാതെയിരുന്നപ്പോള്‍ ഞാൻ സംസാരിച്ചു. അത്രയുളളൂ. പക്ഷെ എനിക്ക് ലഭിച്ചിരിക്കുന്ന വിവരം സത്യസന്ധമാണ്.

അദ്ദേഹം നിയമനടപടിയെടുത്താലും എനിക്ക് ഒരു പ്രശ്നവുമില്ല. മരുന്ന് കഴിക്കാത്തതുകൊണ്ട് ഞാനല്ല കിടക്കുന്നത് അദ്ദേഹമാണ്. എനിക്ക് അസുഖമോ മരുന്നോ ഒന്നുമില്ല. ജയരാജന്റെ കൂട്ടുക്കെട്ടില്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയായിരിക്കും. സത്യത്തില്‍ അവർ തമ്മിലുളള തർക്കത്തിന്റെ കാരണവും ഇതുതന്നെയാണ്. പാർട്ടിയില്‍ നിന്നും ജയരാജൻ പോകാൻ ആഗ്രഹിക്കുന്നതിന് പിന്നിലും ഈ ശത്രുതയായിരിക്കും.

പലകാര്യങ്ങളിലും ജയരാജനെ പാർട്ടി പരിഗണിച്ചില്ലെന്നതില്‍ അദ്ദേഹത്തിന് പരാതിയുണ്ട്. ആ പരാതി പാർട്ടിയുടെ ഫോറത്തില്‍ വരെ പറഞ്ഞിട്ടുണ്ട്. അതിനൊരു പരിഹാരം ഇതുവരെയുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ മായ്ച്ച്‌ കളയാത്ത പ്രതികാരം ജയരാജന്റെ മനസിലുണ്ട്. ഈ പ്രശ്നങ്ങളുടെ പിന്നിലെ കാരണം ഇതുതന്നെയാണ്. അദ്ദേഹത്തിനെതിരെയുളള ആരോപണത്തില്‍ ഉറച്ചുനില്‍ക്കും.

ജയരാജൻ പാർട്ടിയില്‍ നിന്ന് പോയാലും പോയില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച്‌ യാതൊരു ബന്ധവുമില്ല. പക്ഷെ അതുപറയാനുളള സ്വാതന്ത്ര്യമുണ്ട്. സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും ഒരുപാട് നേതാക്കൻമാർ ബിജെപിയിലേക്ക് പോയിട്ടുണ്ട്. അതൊന്നും മറച്ചുവച്ചിട്ട് കാര്യമില്ല.

അദ്ദേഹത്തിനെ ഒതുക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം മുൻപ് തന്നെ ആലോചിച്ചിരുന്നു. അതുകൊണ്ടാണ് ജയരാജൻ പാർട്ടിയിലെ മറ്റുകാര്യങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുന്നത്. നന്ദകുമാറല്ല എന്റെ രാഷ്ട്രീയ നേതാവ്. ജാവദേക്കർ ചായകുടിക്കാൻ വരാൻ ഇ പി ജയരാജന്റെ വീടെന്താ ചായപ്പീടികയാണോ? ഒരു ബന്ധവുമില്ലാത്തയാളെ ചായകുടിക്കാൻ ആരെങ്കിലും വിളിക്കുമോ’- സുധാകരൻ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular