Monday, May 6, 2024
HomeIndiaപരാജയ അവലോകനത്തിനിടെ നേതാക്കൾക്ക് സ്തുതിയും

പരാജയ അവലോകനത്തിനിടെ നേതാക്കൾക്ക് സ്തുതിയും

കോൺഗ്രസ് പാർട്ടിയുടെ സർവാധികാര സമിതിയെന്നു വിശേഷിപ്പിക്കുന്ന വർക്കിംഗ് കമ്മിറ്റി നാളെ കൂടുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ദയനീയ പതനത്തെ തുടർന്ന് ‘ഉടച്ചു വാർക്കും, പുതുജീവൻ നൽകും’ എന്നിങ്ങനെ ദ്രവിച്ചു പോയ കുറെ പദങ്ങൾ വീണ്ടും പ്രയോഗിച്ചു രോമാഞ്ചമുണ്ടാക്കാൻ നടത്തിയ ശ്രമങ്ങൾക്കു പിൻബലം നൽകാനുള്ള ശ്രമം. അണികൾ നിരാശയിൽ ആണ്ടു  പോവുകയും ജി 23 എന്ന തമാശ സംഘം ശബ്ദമുണ്ടാക്കുകയും ചെയ്‌തിട്ടും പക്ഷെ സെപ്റ്റംബറിൽ നടക്കേണ്ട പാർട്ടി തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ തീരുമാനമുണ്ടാവും എന്നു  മാത്രമേ കോൺഗ്രസ് വൃത്തങ്ങൾ പറയുന്നുള്ളൂ.
യാതൊരു കാലിക പ്രസക്തിയും ഇല്ലാത്ത കുറെ ആളുകളുടെ കൂട്ടായ്‌മയായ ജി 23, അടിയന്തരമായി പാർട്ടിക്കു സ്ഥിരം പ്രസിഡന്റ് ഉണ്ടാവണം എന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. അടിമുടി ഉടച്ചു വാർക്കണം എന്ന ആവശ്യത്തിന് അകമ്പടിയായി വെട്ടാനൊരു തല വേണമല്ലോ എന്നതു  കൊണ്ട് സംഘടനാ ചുമതയുള്ള സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കലാപക്കൊടി ഉയരുന്നുമുണ്ട്.
തെറ്റു തിരുത്തും, പാഠം പഠിക്കും എന്നൊക്കെ ചടങ്ങിനു പറഞ്ഞു വച്ച രാഹുൽ ഗാന്ധി അടുത്ത മുങ്ങലിനു ആലോചിക്കും മുൻപ് വർക്കിംഗ് കമ്മിറ്റി എന്ന ചടങ്ങു നടക്കും. പക്ഷെ കാര്യമായ മാറ്റങ്ങൾ  പാർട്ടിയിൽ പ്രതീക്ഷിക്കണ്ട എന്ന് അടിവരയിട്ടു കൊണ്ട് കർണാടകയിലെ കരുത്തൻ ഡി കെ ശിവകുമാർ ഇന്നു പറഞ്ഞു വച്ചിരിക്കുന്നു ഗാന്ധി (നെഹ്‌റു) കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് ഉണ്ടാവില്ലെന്ന്.
ഒരു മുൻ‌കൂർ ജാമ്യം.
അതിനൊരു കാരണം കൂടിയുണ്ട്: യു പിയിലെ 403 സീറ്റിൽ വെറും രണ്ടാണ് കോൺഗ്രസിനു ലഭിച്ചത്. 2017 ൽ ഏഴു സീറ്റ് കിട്ടിയിരുന്നു.  അവിടെ പ്രചാരണ ചുമതല പൂർണമായും പ്രിയങ്കാ ഗാന്ധിക്കായിരുന്നു. അപ്പോൾ അവർക്കെതിരെ ആക്രമണം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ശിവകുമാർ അതിനുള്ള പഴുതും അടയ്ക്കുന്നു.
വെള്ളിയാഴ്ച്ച നടന്ന ജി 23 യോഗം, അടിയന്തരമായി പാർട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കണം എന്ന ആവശ്യം ഉന്നയിച്ചു. രാഹുലിന്റെ നേതൃത്വ ശൈലിക്കെതിരെ വിമർശനം ഉണ്ടായെന്നും പറയുന്നു. വർക്കിംഗ് കമ്മിറ്റി യോഗം തന്നെ ഗാന്ധി കുടുംബത്തിന് സ്തുതി പാടാൻ മാത്രമുള്ളതാണെന്നു വരെ ചിലർ പറഞ്ഞുവത്രെ. അതെ: രാഹുൽ അല്ലാതെ മറ്റൊരാളെ ചിന്തിക്കേണ്ട എന്നു കൂടി ശിവകുമാർ പറഞ്ഞതിന് അർഥമുണ്ടെന്നു ഓർക്കുക.
ഗുലാം നബി ആസാദ്, കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ്മ തുടങ്ങി യാതൊരു പ്രസക്തിയുമില്ലാത്ത കുറെപ്പേർ ജി 23 എന്ന പേരിൽ പ്രസ്‌താവന ഇറക്കി സ്വയം തൃപ്തരാവുമ്പോൾ ശശി തരൂർ കുറച്ചു കൂടി തറപ്പിച്ചു തന്നെ പറഞ്ഞു, പാർട്ടിക്ക് ‘മാറ്റങ്ങളിൽ’ നിന്ന് ഒളിച്ചോടാൻ ആവില്ലെന്ന്.
ആസാദിന്റെ വീട്ടിൽ നടന്ന ജി 23 യോഗത്തിൽ, കോൺഗ്രസ് അതിജീവന ഭീഷണി തന്നെ നേരിടുകയാണ് എന്ന അഭിപ്രായം ഉണ്ടായി. തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പാർട്ടി ഇനിയും ഇടിയും.
പഞ്ചാബിലെ പോലെ ഉൾപ്പോരു രൂക്ഷമായ ഒരിടത്തും കോൺഗ്രസിന് രക്ഷയില്ലെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ് മാധ്യമങ്ങളോടു  പറഞ്ഞു. എന്നാൽ പ്രിയങ്കയ്ക്കു വേണ്ടി അദ്ദേഹം പ്രതിരോധം തീർത്തു. “ഉത്തർ പ്രദേശിൽ പ്രിയങ്ക ഒരു ചലനമുണ്ടാക്കി. അവരുടെ സാന്നിധ്യമാണ് കോൺഗ്രസിന് മത്സരിക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് സാധ്യമാക്കിയത്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular