Monday, May 6, 2024
HomeIndiaകോവിഡ് കാലത്ത് സര്‍ക്കാറിന്‍റെ അശ്രദ്ധമൂലം 40 ലക്ഷം പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി

കോവിഡ് കാലത്ത് സര്‍ക്കാറിന്‍റെ അശ്രദ്ധമൂലം 40 ലക്ഷം പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ കാലത്ത് കേന്ദ്ര സര്‍ക്കാറിന്‍റെ അശ്രദ്ധ മൂലം 40 ലക്ഷത്തോളം പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഗോള കോവിഡ് മരണസംഖ്യ പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടയുകയാണെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്നും മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഓക്സിജന്‍ ക്ഷാമംമൂലം ആരും മരണപ്പെട്ടില്ലെന്നാണ് മോദിയുടെ അവകാശവാദം. ഇത് കള്ളമാണെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ കോവിഡ് മരണനിരക്ക് കണക്കാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ രീതിയെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു. ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും ഉയര്‍ന്ന രാജ്യത്തിലെ മരണ കണക്കുകള്‍ തിട്ടപ്പെടുത്താന്‍ ലോകാരോഗ്യ സംഘടനയുടെ ഗണിതവിദ്യ പ്രായോഗികമല്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം.

കോവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടില്ലെന്ന് ആരോപിച്ച കോണ്‍ഗ്രസ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ കണക്കുകള്‍ പ്രകാരം നാല് പുതിയ മരണങ്ങള്‍ അടക്കം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5,21,751 ആയി ഉയര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular