Saturday, May 4, 2024
HomeKeralaസന്തോഷ് ട്രോഫി: ലക്ഷ്യം സെമി ഫൈനല്‍; കേരളം ഇന്ന് പഞ്ചാബിനെതിരെ

സന്തോഷ് ട്രോഫി: ലക്ഷ്യം സെമി ഫൈനല്‍; കേരളം ഇന്ന് പഞ്ചാബിനെതിരെ

മഞ്ചേരി: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. പഞ്ചാബാണ് എതിരാളികള്‍.

രാത്രി എട്ടിന് മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുള്ള കേരളം ഗ്രൂപ്പ് എയില്‍ ഒന്നാമതാണ്.

കഴിഞ്ഞ മത്സരത്തില്‍ മേഘാലയയോട് അപ്രതീക്ഷിത സമനില വഴങ്ങിയതാണ് കേരളത്തിന്റെ സെമി മോഹങ്ങള്‍ക്ക് വെല്ലുവിളിയായത്. നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനായിരുന്നെങ്കിലും മികച്ച ഫിനിഷറുടെ അഭാവമാണ് കരുത്തരായ കേരളത്തിന് തിരിച്ചടിയായത്.

18-ാം മിനിറ്റില്‍ മുഹമ്മദ് സഫ്നാസിന്റെ ഗോളിലൂടെയാണ് കേരളം മുന്നിലെത്തിയത്. 40-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ നിശബ്ദമാക്കിക്കൊണ്ട് മേഘാലയ സമനില ഗോള്‍ നേടി. രണ്ടാം പകുതിയില്‍ മേഘാലയ ലീഡെഡുത്തെങ്കിലും ഷെഹീഫിന്റെ ഗോളിലൂടെ കേരളം സമനില പിടിച്ചു.

ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളിന് കേരളം പരാജയപ്പെടുത്തിയിരുന്നു. നായകന്‍ ജിജൊ ജോസഫ് ഹാട്രിക്ക് നേടി തിളങ്ങി. രണ്ടാം മത്സരത്തില്‍ കരുത്തരായ ബംഗാളിനെ ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു കേരളം കീഴടക്കിയത്.

മറുവശത്ത് പഞ്ചാബും ശക്തമായ നിരയുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. പ്രതിരോധമാണ് കരുത്ത്. ആദ്യ മത്സരത്തില്‍ പശ്ചിമ ബംഗാളിനോട് പരാജയപ്പെട്ടെങ്കിലും രാജസ്ഥാനെതിരെ മികച്ച വിജയം നേടി തിരിച്ചു വരവ് നടത്തിയിരുന്നു. സെമി സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് ജയം അനിവാര്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular