Thursday, May 2, 2024
HomeIndiaകല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ്: മുദ്രവച്ച കവര്‍ നിരസിച്ച്‌ സുപ്രിംകോടതി

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ്: മുദ്രവച്ച കവര്‍ നിരസിച്ച്‌ സുപ്രിംകോടതി

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം തള്ളി സുപ്രിംകോടതി.

കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴാം പ്രതി മണിച്ചന്റെ ഭാര്യ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

വിഷമദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍ 20 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഉഷ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാ വശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മണിച്ചന്റെ ഭാര്യയുടെ ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന ജയില്‍ ഉപദേശക സമിതിയോട് സുപ്രിംകോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സമിതി കൈക്കൊണ്ട നിലപാട് വിലയിരുത്താന്‍ ഇന്ന് കോടതി ഹരജി വീണ്ടും പരിഗണിക്കുകയായിരുന്നു.

ഇതിനിടയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദ് മുദ്രവച്ച കവറില്‍ രേഖകള്‍ കൈമാറാന്‍ ശ്രമിച്ചത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് രഹസ്യമായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മുദ്രവച്ച കവര്‍ തള്ളുകയായിരുന്നു. സര്‍ക്കാരിന് പറയാനുള്ളത് സത്യവാങ്മൂലമായി സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇതിനുശേഷവും കേസുമായി ബന്ധപ്പെട്ട് രഹസ്യവിവരങ്ങളുണ്ടെന്നും ഇതിനാല്‍ മുദ്രവച്ച കവറില്‍ രേഖകള്‍ കൈമാറാന്‍ അനുവദിക്കണമെന്നും കോണ്‍സല്‍ ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ പ്രത്യേകം അപേക്ഷ നല്‍കണമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. 2000 ഒക്ടോബര്‍ 21നാണ് 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular