Friday, May 10, 2024
HomeKeralaസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ പഠനം; സിവില്‍ സര്‍വീസില്‍ ആറാം റാങ്ക്; കര്‍ഷകന്റെ മകന് മിന്നും വിജയം

സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ പഠനം; സിവില്‍ സര്‍വീസില്‍ ആറാം റാങ്ക്; കര്‍ഷകന്റെ മകന് മിന്നും വിജയം

ജീവിതത്തിലെ കഷ്ടപ്പാടുകളും തിരിച്ചടികളും മറികടന്ന് ഉത്തര്‍പ്രദേശിലെ അംരോഹയിലെ കര്‍ഷകന്റെ മകന്‍ ഐഎഎസ് സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
മൂന്നാമത്തെ ശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ യക്ഷ് ചൗധരി (yaksh chaudhary) ഐഎഎസ് നേട്ടം കൈവരിച്ചത്. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെയാണ് യക്ഷ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. സമൂഹത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടൊണ് അദ്ദേഹം ഐഎഎസ് ഓഫീസര്‍ (IAS officer) പദവിയിലേക്ക് കാലെടുത്തു വെയ്ക്കുന്നത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നതും യോഗ്യരുമായ വിദ്യാര്‍ത്ഥികളെയാണ് യക്ഷ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ജീവിതത്തിലെ കഷ്ടപ്പാടുകളെ മറികടന്ന് മികച്ച വിദ്യാഭ്യാസത്തിലൂടെ വിജയം നേടിയ യക്ഷ് ചൗധരി പലര്‍ക്കും പ്രചോദനമാണ്.

2019ല്‍ ആദ്യ ശ്രമത്തില്‍ തന്നെ അദ്ദേഹം പ്രിലിമിനറി പാസായി. രണ്ടാം ശ്രമത്തില്‍ പ്രിലിമിനറിയും മെയിനും പാസായി. എന്നാല്‍ ഇന്റര്‍വ്യൂ റൗണ്ട് മറികടക്കാന്‍ കഴിഞ്ഞില്ല. മൂന്നാമത്തെ ശ്രമത്തില്‍, യക്ഷ് യുപിഎസ്‌സി സിവില്‍ സര്‍വീസ് (upsc civil services) പരീക്ഷയില്‍ വിജയിക്കുകയും അഖിലേന്ത്യ തലത്തില്‍ ആറാം റാങ്ക് നേടുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലക്കാരനാണ് യക്ഷ്. പഠനത്തോട് വലിയ താത്പര്യമുള്ള കൂട്ടത്തിലായിരുന്നു അദ്ദേഹം. ഐഐടി ഗുവാഹത്തിയില്‍ സര്‍ക്കാര്‍ മെറിറ്റ് കം-മീന്‍സ് സ്‌കോളര്‍ഷിപ്പോടെയാണ് യക്ഷ് സിവില്‍ എഞ്ചിനിയറിംഗില്‍ ബിടെക് പഠിച്ചത്. ബിരുദം പൂര്‍ത്തിയാക്കിയ യക്ഷിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം കാമ്ബസ് പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ചു. എന്നാല്‍, യക്ഷ് സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ തുടങ്ങി.

” സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ചിന്തയാണ് എനിക്ക് പ്രചോദനമായത്. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഭരണകൂടത്തിന്റെ ഭാഗമാകുന്നതിലൂടെ എനിക്ക് അത് ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. എംടെക്കോ മറ്റ് കോഴ്‌സുകളോ തെരഞ്ഞെടുക്കുന്നതിനു പകരം യുപിഎസ്‌സി തെരഞ്ഞെടുത്തത് അതുകൊണ്ടാണെന്നും”, യക്ഷ് പറയുന്നു. ” എനിക്ക് പ്രത്യകിച്ച്‌ ഒരു പഠന തന്ത്രവും ഇല്ലായിരുന്നു. മൂന്ന് ഘട്ടങ്ങളിലും നന്നായി തയ്യാറെടുത്തിരുന്നു. സിലബസിനെ കുറിച്ച്‌ കൂടുതല്‍ വ്യക്തത വരുത്താന്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു,” അദ്ദേഹം പറഞ്ഞു.

എം ലക്ഷ്മികാന്തിന്റെ ഇന്ത്യന്‍ പോളിറ്റി, എന്‍സിഇആര്‍ടി ജോഗ്രഫി പുസ്തകങ്ങള്‍, മൃണാല്‍ പട്ടേലിന്റെ നോട്ടുകളും വീഡിയോകളുമെല്ലാം അദ്ദേഹം പഠനത്തിനായി തെരഞ്ഞെടുത്തിരുന്നു. ഹരാലംബോസ് ആന്‍ഡ് ഹോള്‍ബോണ്‍ പുസ്തകത്തിലും യക്ഷ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പത്രവായനയും അദ്ദേഹം പതിവാക്കിയിരുന്നു.

”പ്രിലിമിനറികള്‍ക്ക് ഇതേ പ്രക്രിയ തന്നെയാണ് പിന്തുടര്‍ന്നത്. മെയിന്‍സിനായി കുറച്ച്‌ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ മൂന്നാമത്തെ ശ്രമത്തില്‍ കൂടുതല്‍ ഡയഗ്രമുകള്‍ ഉള്‍പ്പെടുത്തി പഠിക്കാന്‍ തുടങ്ങി. സോഷ്യോളജിയില്‍ ഞാന്‍ കുറച്ച്‌ പിന്നോക്കമായിരുന്നു. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ബാക്കിയെല്ലാം പഴയതു പോലെ തുടര്‍ന്നു,” യക്ഷ് പറഞ്ഞു.

അഭിമുഖ റൗണ്ടില്‍ സോഷ്യോളജിയും എഞ്ചിനിയറിംഗുമായും ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. കോളേജ് പഠനകാലത്ത് ഞാന്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുത്തിരുന്നു. അതിനാല്‍ അത് സംബന്ധിച്ച ചില ചോദ്യങ്ങളും പരിസ്ഥിതിയെ കുറിച്ചുള്ള ചില ചോദ്യങ്ങളും ചോദിച്ചിരുന്നുവെന്നും യക്ഷ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular