Saturday, May 4, 2024
HomeUSAരാജാവ് വിവാദത്തിൽ: രാജ്ഞിയെ കാണുന്നതിൽ നിന്നു ഹാരിയുടെ ഭാര്യ മെഗൻ മെർക്കലിനെ വിലക്കിയെന്ന്

രാജാവ് വിവാദത്തിൽ: രാജ്ഞിയെ കാണുന്നതിൽ നിന്നു ഹാരിയുടെ ഭാര്യ മെഗൻ മെർക്കലിനെ വിലക്കിയെന്ന്

രാജാവായ ഉടൻ ചാൾസ് വിവാദത്തിലേക്ക്. എല്ലാ വിവാദങ്ങളിൽ നിന്നും അകന്നു ജീവിച്ച എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്നു ചാൾസ് മൂന്നാമൻ രാജാവെന്ന പദവിയിൽ എത്തിയ രാജ്ഞിയുടെ മൂത്ത പുത്രൻ തന്റെ രണ്ടാമത്തെ മകൻ ഹാരിയോടു  മരണാസന്നയായ അമ്മൂമ്മയെ കാണാൻ വരുമ്പോൾ ഭാര്യ മെഗൻ മെർക്കലിനെ കൂടെ കൊണ്ടു വരേണ്ട എന്നു വിലക്കിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

‘അമ്മ കറുത്ത വർഗക്കാരി ആയിരുന്നതു  കൊണ്ടു  മെഗാൻ കൊട്ടാരത്തിൽ അവഹേളിക്കപ്പെട്ടതിനെ തുടർന്നാണ് ഹാരി ഭാര്യയെയും കൂട്ടി അമേരിക്കയിലേക്കു കുടിയേറിയത്. രാജകീയ പദവികൾ വരെ നഷ്ടപ്പെട്ട ഹാരി ലോസ് ആഞ്ജലസിനു സമീപം സമ്പന്ന മേഖലയിൽ താമസം ഉറപ്പിച്ചു ചലച്ചിത്ര നിർമാണം ഉൾപ്പെടെയുള്ള ഏർപ്പാടുകളിലാണ്.

സ്കോട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ രാജ്ഞി മരിച്ച വ്യാഴാഴ്ച്ച ഹാരി പക്ഷെ ബ്രിട്ടനിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ മരിക്കും മുൻപ് അമ്മൂമ്മയെ ഒരു നോക്കു കാണാൻ അവരുടെ ഓമനയായിരുന്ന രാജകുമാരനു കഴിഞ്ഞില്ല.

മെഗാനെ കൊണ്ടു വരാൻ പാടില്ല എന്നു ചാൾസ് വാശി പിടിച്ചപ്പോൾ അങ്ങിനെ വിലക്കുന്നത് ശരിയല്ല എന്നു ഹാരി നിലപാടെടുത്തു എന്നാണ് ചില റിപ്പോർട്ടുകളിൽ കാണുന്നത്. കൊട്ടാരത്തിൽ തിരക്കു കുറയ്ക്കാൻ മൂത്ത മകൻ വില്യമിന്റെ ഭാര്യ കേറ്റിനെ പോലും ഒഴിവാക്കുന്നു എന്നും ചാൾസ് വിശശദീകരിച്ചുവത്രെ. രാജ്ഞി മരിക്കുമ്പോൾ ചാൾസിനു പുറമെ സഹോദരി ആൻ രാജകുമാരി മാത്രമാണ് അടുത്തുണ്ടായിരുന്നത്.

വില്യമും ചാൾസിന്റെ സഹോദരന്മാരായ എഡ്‌വേഡ്‌, ആൻഡ്രൂ എന്നിവരും കയറിയ റോയൽ എയർ ഫോഴ്‌സ് വിമാനത്തിൽ യാത്ര ചെയ്യാനും ഹാരിക്ക് അനുമതി നൽകിയില്ല. എന്തായാലും രാജകുടുംബത്തിലെ അടുപ്പമുള്ളവരുടെ ഉപദേശം സ്വീകരിച്ചു ഹാരി ഒടുവിൽ ബാൽമോറൽ കൊട്ടാരത്തിലേക്ക് തനിയെ പുറപ്പെട്ടു. വ്യാഴാഴ്ച ഏറ്റവും ഒടുവിൽ  കൊട്ടാരത്തിൽ എത്തിയ രാജകുടുംബാംഗം ഹാരി ആയിരുന്നു. വെള്ളിയാഴ്ച ആദ്യം മടങ്ങിയ അംഗവും.

അബെർദീൻ വിമാനത്താവളത്തിൽ മടക്ക യാത്രയ്ക്കു എത്തിയ ഹാരിയോട് അനുശോചനം അറിയിച്ച വിമാനത്താവള ജീവനക്കാരിയുടെ ചുമലിൽ ഹാരി കൈവയ്ക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. അതാണ് ഹാരി — ഉപചാരങ്ങളിലൊന്നും നിഷ്കർഷയില്ലാത്ത പച്ചമനുഷ്യൻ.

രാജ്ഞിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഹാരി വിവാഹ ശേഷം മെഗാന്റെ മിശ്രിത രക്തം സംബന്ധിച്ച് ഉണ്ടായ വിവാദങ്ങൾക്കു ശേഷമാണു രാജകുടുംബത്തിൽ നിന്ന് അകന്നു പോയത്. മാതാവ് ഡയാന രാജകുമാരി പാരീസിൽ കാറപകടത്തിൽ മരിക്കുമ്പോൾ 12 വയസ് മാത്രമായിരുന്നു ഹാരിക്ക്. ചെറുമകന്റെ ദുഃഖം പങ്കു വച്ച അമ്മൂമ്മയോടു ഹാരിക്ക് ഏറെ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.

മെഗാൻ ഗർഭിണിയായപ്പോൾ ഒരു രാജകുടുംബം അവരോടു ചോദിച്ചത്രേ, കുട്ടിയുടെ നിറം എന്താവുമെന്ന്. ആ വംശീയ വിദ്വേഷത്തിന്റെ അപമാനം താങ്ങാൻ കഴിയാതെയാണു ഹാരിയും മെഗാനും കൊട്ടാരം വിട്ടത്.

കാൽ നൂറ്റാണ്ടു മുൻപു ദുരന്തത്തിൽ മരിച്ച ഡയാനയെ ഇന്നും മാറോടണച്ചു സൂക്ഷിക്കുന്നവർക്ക് ഈ കൊട്ടാര ദുഖങ്ങളിൽ ഏറ്റവും വലുത് വില്യമും ഹാരിയും തമ്മിൽ മിണ്ടാതായി എന്നതാണ്.

കലിഫോണിയിലെ മോന്റസിറ്റോയിൽ $14.65 മില്യനു വാങ്ങിയ വസതിയിലാണ് ഹാരിയും മെഗാനും താമസിക്കുന്നത്. ബരാക്ക് ഒബാമയും മിഷേലും പങ്കാളികളായ ഇവരുടെ ആർച് വെൽ ഫൌണ്ടേഷൻ നെറ്ഫ്ലിക്സിനു വേണ്ടി ചിത്രങ്ങൾ നിർമിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ ആരും ഹാരിയെ പിന്നിലാക്കിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular