Wednesday, May 8, 2024
HomeUSAകോൺഗ്രസ് അംഗമായാലും വിടാത്ത വിദ്വേഷത്തിനു പിന്നിൽ ട്രംപ് എന്നു ജയപാൽ

കോൺഗ്രസ് അംഗമായാലും വിടാത്ത വിദ്വേഷത്തിനു പിന്നിൽ ട്രംപ് എന്നു ജയപാൽ

ലക്ഷക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ പ്രതിനിധിയായി യു എസ് കോൺഗ്രസിൽ പ്രവേശിച്ച നേതാവിനോടും ‘പെട്ടിയെടുത്തു ഇന്ത്യയിലേക്കു മടങ്ങുക’ എന്നാണു ചില അക്രമികൾ പറയുന്നത്. സിയാറ്റിലിൽ യു എസ് ഹൗസ് അംഗം പ്രമീള ജയപാലിനെ ആക്രമിക്കാൻ ശ്രമിച്ചവരും പറഞ്ഞ ഭാഷ അതു  തന്നെ.

ജൂലൈ 9 നു ജയപാലിന്റെ വസതിക്കു മുന്നിൽ ഭീഷണി ഉയർത്തിയ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്ത ബ്രെറ്റ് ഫോഴ്സൽ എന്ന 49 കാരൻ പൊലീസിനോട് പറഞ്ഞത് കോൺഗ്രസ് അംഗം ഇന്ത്യയിലേക്കു മടങ്ങുന്നതു വരെ താൻ അടങ്ങിയിരിക്കില്ല എന്നാണ്.

ആ രാത്രിയിലെ 47 മിനിറ്റ് ഭീകരതയുടെ കഥ ജയപാൽ വ്യാഴാഴ്ച ‘വാഷിംഗ്‌ടൺ പോസ്റ്റി’നോട് പറഞ്ഞു. വീട്ടിലിരുന്നു ഭർത്താവ് സ്റ്റീവ് വില്യംസനുമൊത്തു ‘മൈൻഡ്ഹണ്ടർ’ എന്ന സൈക്കോ ത്രില്ലർ കാണുകയായിരുന്നു ജയപാൽ. രാത്രി 10.38.

കറുത്ത കാറിൽ തന്റെ വീടിനു മുന്നിലൂടെ ഓടിച്ചു പോയ അക്രമിയെ അന്ന് ആദ്യമായാണു കാണുന്നതെന്നു ജയപാൽ ഓർമ്മിക്കുന്നു. എന്നാൽ അയൽക്കാർ അയാളെ പലകുറി കണ്ടിട്ടുണ്ട്.

സെക്യൂരിറ്റി ക്യാമറകൾ പിടിച്ചെടുത്ത ദൃശ്യങ്ങളിൽ പ്രതി അശ്ലീലം വിളിച്ചു പറയുന്നത് കേൾക്കാം. മറ്റൊരാൾ പറയുന്നത് വ്യക്തമല്ലെങ്കിലും ‘ഇന്ത്യ’ എന്നതു കേൾക്കാം.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകയായ ജയപാൽ പറഞ്ഞത് അക്രമിക്കു പ്രചോദനം നൽകിയത് ട്രംപിന്റെ വിദ്വേഷ ഭാഷണങ്ങളാണ് എന്നതാണ്. “ഫെഡറൽ ഗവൺമെന്റിന്റെ ആയുധങ്ങൾ ഉപയോഗിച്ച് വെള്ളക്കാരന്റെ മേധാവിത്വത്തിനു വേണ്ടി ആ അക്രമങ്ങൾ അഴിച്ചു വിട്ടത് ലോകത്തെ ഏറ്റവും ഉയർന്ന പദവിയിൽ വൈറ്റ് ഹൗസിൽ ഇരുന്നു അതെല്ലാം സംഘടിപ്പിച്ചയാൾ തന്നെ,” അവർ പറഞ്ഞു.

അടുത്തിടെ ടെക്സസിലെ പ്ലാനോയിൽ നാലു സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയ സ്ത്രീയും ചൊരിഞ്ഞത് ഇന്ത്യ വിരുദ്ധ വിഷമാണ്. “ഇന്ത്യയിലേക്കു തിരിച്ചു പൊയ്‌ക്കോ” എന്നാണ് അക്രമിയായ മെക്സിക്കൻ സ്ത്രീ ആക്രോശിച്ചത്.

ശ്രീനിവാസ് കുചിബോത്തല എന്ന സോഫ്റ്വയർ എഞ്ചിനീയർ 2018 കൻസസിലെ ഒരു ബാറിനു പുറത്തു കൊല്ലപ്പെടുകയുണ്ടായി. കൊലയാളി വിളിച്ചു പറഞ്ഞത് “എന്റെ രാജ്യം വിട്ടു പോടാ” എന്നാണ്.

“ഇന്ത്യയിലേക്കു മടങ്ങുക എന്ന് എന്നോട് പറഞ്ഞവർ വേറെയുമുണ്ട്. പക്ഷെ ഇത്തവണ അത് മറ്റൊരു രീതിയിൽ ആയിരുന്നു. വളരെ വ്യത്യസ്തമായി,” ജയപാൽ പറയുന്നു.

ചെന്നൈയിൽ ജനിച്ച ജയപാൽ 18 വയസിലാണ് യു എസിൽ എത്തിയത്. 2014 ൽ സ്റ്റേറ്റ് സെനറ്റ് അംഗമായ അവർ രണ്ടു വർഷം കഴിഞ്ഞു യു എസ് ഹൗസിലേക്കു ജയിച്ചു — അവിടെ എത്തുന്ന ആദ്യ ഇന്ത്യൻ വംശജ. അതേ വർഷമാണ് കലിഫോണിയയിൽ നിന്നു കമല ഹാരിസ് സെനറ്റിൽ എത്തിയത്.

മൂന്ന് തവണ ഹൗസിലേക്കു ജയപാൽ ജയിച്ചത് മികച്ച പ്രവർത്തനത്തിന്റെ പേരിലാണ്.

എഫ് ബി ഐ 2019ൽ പറഞ്ഞത് ഹിന്ദുക്കളെ ലക്ഷ്യമാക്കുന്ന അക്രമങ്ങൾ 7% വർധിച്ചെന്നാണ്. ഇന്ത്യൻ വംശജർക്കെതിരായ വിദ്വേഷ കുറ്റങ്ങളെ ഹിന്ദു വിരുദ്ധമെന്നാണ് കാണാറുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular