Friday, April 26, 2024
HomeCinemaഇന്ത്യയെ ഞെട്ടിക്കുന്ന കല്‍ക്കി കൃഷ്ണമൂര്‍ത്തി; 'പൊന്നിയിന്‍ സെല്‍വന്റെ' രചയിതാവിനെക്കുറിച്ച്‌

ഇന്ത്യയെ ഞെട്ടിക്കുന്ന കല്‍ക്കി കൃഷ്ണമൂര്‍ത്തി; ‘പൊന്നിയിന്‍ സെല്‍വന്റെ’ രചയിതാവിനെക്കുറിച്ച്‌

മിഴ് സംവിധായകന്‍ മണിരത്നത്തിന്‍്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനായി (Ponniyin Selvan) കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതേ പേരില്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തി (Kalki Krishnamurthy) രചിച്ച നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവല്‍ പുറത്തിറങ്ങുന്നത് 1955-ലാണ്. 10-ാം നൂറ്റാണ്ടിലെ ചരിത്രം പറയുന്ന ഈ മണിരത്നം സിനിമ സെപ്റ്റംബര്‍ 30-നാണ് തീയറ്ററുകളിലെത്തുന്നത്.

ദക്ഷിണേന്ത്യയിലെ പ്രമുഖനായ സാഹിത്യകാരനായിരുന്നു പൊന്നിയിന്‍ സെല്‍വന്‍്റെ രചയിതാവായ രാമസ്വാമി കൃഷ്ണമൂര്‍ത്തി. തന്‍്റെ തൂലികാനാമമായ കല്‍ക്കി കൃഷ്ണമൂര്‍ത്തി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 1930-കളിലും 40-കളിലും സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, ആക്റ്റിവിസ്റ്റ്, കവി, നാടകകൃത്ത് എന്നീ നിലകളില്‍ അദ്ദേഹം തിളങ്ങി. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കല്‍ക്കി കൃഷ്ണമൂര്‍ത്തി അഞ്ച് നോവലുകളും 10 നോവെല്ലകളും 120 ചെറുകഥകളും എഴുതിയിട്ടുണ്ട്.

നേട്ടങ്ങള്‍ നിരവധിയുണ്ടെങ്കിലും, ഏറ്റവും കൂടുതല്‍ കാലം ഒരു ഭൂവിഭാഗം ഭരിച്ച രാജവംശങ്ങളില്‍ ഒന്നായ ചോള സാമ്രാജ്യത്തിന്‍്റെ കഥ പറഞ്ഞ പൊന്നിയിന്‍ സെല്‍വനാണ് കല്‍ക്കിയുടെ ഏറ്റവും പ്രശസ്തമായ കൃതി.

തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലുള്ള പട്ടമംഗലം എന്ന ചെറിയ ഗ്രാമത്തില്‍ 1899 സെപ്റ്റംബര്‍ 9-നാണ് കല്‍ക്കിയുടെ ജനനം. ഗ്രാമത്തിലെ ഒരു കണക്കെഴുത്തുകാരനായിരുന്നു അദ്ദേഹത്തിന്‍്റെ അച്ഛന്‍. ഗ്രാമത്തിലെ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ കല്‍ക്കി മായാവരം മുനിസിപ്പല്‍ സ്കൂളില്‍ ചേര്‍ന്നാണ് പിന്നീട് പഠിച്ചത്. എന്നാല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേരാനായി 1921-ല്‍ അദ്ദേഹം പഠനം ഉപേക്ഷിച്ചതായി, അദ്ദേഹത്തിന്‍്റെ പൗത്രിയും നാടകപ്രവര്‍ത്തകയും മുന്‍ മാദ്ധ്യമപ്രവര്‍ത്തകയുമായ ഗൗരി രാമനാരായണിനെ ഉദ്ധരിച്ച്‌ ദി പ്രിന്‍്റ് റിപ്പോര്‍ട്ട് ചെയ്തു.

സ്വാതന്ത്ര്യ സമരകാലത്ത് അദ്ദേഹം മൂന്നു തവണ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. പിന്നീട്, ഇന്ത്യയിലെ അവസാന ഗവര്‍ണ്ണര്‍ ജനറല്‍ സി രാജഗോപാലാചാരിയുടെ ശിക്ഷണത്തിലായിരുന്നു അദ്ദേഹം.

‘മൂന്‍ട്രു മാത കടുങ്കാവല്‍’ എന്ന പേരില്‍, തന്‍്റെ തടവുകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച്‌ ഹാസ്യാത്മകമായി പ്രതിപാദിക്കുന്ന പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ മഹത്തായ കാര്യമാണെന്ന് കല്‍ക്കിയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്‍്റെ മകള്‍ കെ ആനന്ദി പറയുന്നു. “അവരുടെ ജീവിതം വളരെ ലളിതമായിരുന്നു, അതില്‍ അവര്‍ക്ക് സംതൃപ്തിയും ഉണ്ടായിരുന്നു,” ആനന്ദി പറഞ്ഞു.

തമിഴ് പ്രസിദ്ധീകരണമായ നവശക്തിയില്‍ സബ് എഡിറ്ററായി ജോലി തുടങ്ങിയ കല്‍ക്കി 1927-ലാണ് തന്‍്റെ ആദ്യ ചെറുകഥ പുറത്തിറക്കിയത്. ‘ശാരദയിന്‍ തന്തിരം’ എന്നായിരുന്നു കഥയുടെ പേര്. ജനപ്രിയ നോവലുകളായ ‘ശിവഗാമിയിന്‍ ശപതം,’ ‘പാര്‍ത്ഥിബന്‍ കനവ്’ എന്നീ നോവലുകളിലൂടെ അദ്ദേഹം പല്ലവ രാജാക്കന്മാരെ കുറിച്ച്‌ എഴുതി. മൂന്ന് വര്‍ഷമെടുത്താണ് കല്‍ക്കി പൊന്നിയിന്‍ സെല്‍വന്‍ പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ കുറിച്ച്‌ പറയുന്ന ‘സോലൈമലൈ ഇളവരശി’ ആണ് അദ്ദേഹത്തിന്‍്റെ പ്രശസ്തമായ മറ്റൊരു കൃതി. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്‍്റെ സത്യാന്വേഷണ പരീക്ഷണ കഥകള്‍ കല്‍ക്കി തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കല്‍ക്കി കുറച്ചുകാലം തമിഴ് ആഴ്ചപ്പതിപ്പായ ആനന്ദ വികടനു വേണ്ടി എഴുതിയിട്ടുണ്ട്. പിന്നീട് അദ്ദേഹം സ്വന്തമായി ഒരു മാസിക ആരംഭിക്കുകയും ചെയ്തു. ഈ മാസികയ്ക്ക് സ്വാതന്ത്ര്യത്തിനു ശേഷം 71336 കോപ്പികളുടെ സര്‍ക്കുലേഷന്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ദുഷ്ട ശക്തികളെ ഇല്ലാതാക്കുന്ന, വിഷ്ണുവിന്‍്റെ പത്താമത്തെ അവതാരത്തിന്‍്റെ പേരായ കല്‍ക്കിയാണ് അദ്ദേഹം തന്‍്റെ തൂലികാ നാമമായി തിരഞ്ഞെടുത്തത്.

കര്‍ണ്ണാടക സംഗീതത്തിന്‍്റെ പ്രചാരണത്തിനു വേണ്ടിയും കല്‍ക്കി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എം.എസ് സുബ്ബലക്ഷ്മിയോടൊപ്പം തമിഴ് ഇസൈ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു കല്‍ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular