Saturday, May 18, 2024
HomeKeralaആവശ്യമുള്ളപ്പോഴെല്ലാം പണം നല്‍കിയ ടീച്ചറിന്റെ അക്കൗണ്ടിലെ പണം അയല്‍വാസികളായ യുവതികള്‍ ഒരാഴ്ചയെടുത്ത് അടപടലം അടിച്ചുമാറ്റി

ആവശ്യമുള്ളപ്പോഴെല്ലാം പണം നല്‍കിയ ടീച്ചറിന്റെ അക്കൗണ്ടിലെ പണം അയല്‍വാസികളായ യുവതികള്‍ ഒരാഴ്ചയെടുത്ത് അടപടലം അടിച്ചുമാറ്റി

തൃശൂര്‍: അയല്‍വാസിയുടെ എ.ടി.എം കാര്‍ഡും പിന്‍ നമ്ബറും മോഷ്ടിച്ച്‌ പണം തട്ടിയെടുത്ത രണ്ട് യുവതികള്‍ അറസ്റ്റില്‍.

വടൂക്കര എസ്.എന്‍. നഗറില്‍ അയല്‍വാസിയായ റിട്ട. അദ്ധ്യാപിക റഹ്മത്തിന്റെ ബാഗില്‍ നിന്നും എ.ടി.എം കാര്‍ഡും പിന്‍ നമ്ബര്‍ എഴുതി വച്ച കടലാസും മോഷ്ടിച്ചെടുത്ത് ഒരാഴ്ചയോളം തൃശൂര്‍ നഗരത്തിലെ വിവിധ എ.ടി.എമ്മുകളില്‍ നിന്നും 18, 4000 രൂപ കൈക്കലാക്കിയ കേസില്‍ കാസര്‍ഗോഡ് ഹൊസങ്ങാടി ദേശത്ത് സമീറ മന്‍സിലില്‍ അബ്ദുള്‍റഹ്മാന്‍ ഭാര്യ സമീറ (31), വടൂക്കര എസ്.എന്‍. നഗര്‍ കളപ്പുരയില്‍ വീട്ടില്‍ മുഹമ്മദ് സലീം ഭാര്യ ഷാജിത (36) എന്നിവരെ നെടുപുഴ എസ്.ഐ: കെ. അനുദാസാണ് അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ സ്ത്രീയും പ്രതികളും അയല്‍വാസികളും സുഹൃത്തുക്കളുമായിരുന്നു. പരാതിക്കാരിയായ ടീച്ചര്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് പ്രതി ഷാജിത താമസിക്കുന്നത്. ടീച്ചറുടെ അക്കൗണ്ടില്‍ ധാരാളം പണം ഉണ്ടെന്ന് പ്രതികള്‍ക്ക് അറിയാമായിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ടീച്ചര്‍ സാമ്ബത്തികമായി സഹായിക്കാറുമുണ്ടായിരുന്നു. 19 ന് മൂവരുംകൂടി തൃശൂര്‍ സാഹിത്യ അക്കാഡമിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് രാത്രി 8 മണിയോടെ പരാതിക്കാരിയുടെ എസ്.എന്‍ നഗറിലെ വീട്ടിലെത്തി വിശ്രമിക്കുന്ന സമയത്താണ് ഹാന്‍ഡ് ബാഗില്‍ നിന്നും പ്രതി സമീറ എ.ടി.എം കാര്‍ഡും പിന്‍ നമ്ബര്‍ എഴുതിവച്ച കടലാസും രണ്ടാം പ്രതിയായ ഷാജിതയുടെ നിര്‍ദ്ദേശപ്രകാരം മോഷ്ടിച്ചെടുത്തത്.

അതിനുശേഷം അന്ന് രാത്രി തന്നെ രണ്ടു പേരും കൂടി അതില്‍ നിന്നും പണം പിന്‍വലിച്ചിരുന്നു. പിന്നീട് തുടര്‍ച്ചയായി ഒരാഴ്ചയോളം പണം പിന്‍വലിച്ചു. പണം പിന്‍വലിച്ച വിവരം മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ആയി വന്നിരുന്നെങ്കിലും പ്രായാധിക്യം മൂലം പരാതിക്കാരി മൊബൈല്‍ ഫോണ്‍ അധികം ശ്രദ്ധിച്ചിരുന്നില്ല. സെപ്തംബര്‍ 27 ന് പരാതിക്കാരി ബാങ്കില്‍ നിന്നും അത്യാവശ്യത്തിനായി പണം പിന്‍വലിക്കുന്നതിനായി പോയപ്പോള്‍ ആണ് അക്കൗണ്ടില്‍ പണം ഇല്ലെന്ന് മനസ്സിലായത്. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്ത് പരിശോധിച്ചപ്പോള്‍ ആണ് 19 മുതല്‍ കാര്‍ഡ് ഉപയോഗിച്ച്‌ പണം നഷ്ടപ്പെട്ട വിവരം മനസ്സിലായത്. പിന്നീട് വീട്ടിലെത്തി ബാഗ് പരിശോധിച്ചതില്‍ കാര്‍ഡും പിന്‍ നമ്ബര്‍ എഴുതി വച്ച കടലാസും നഷ്ടപ്പെട്ടതായി കണ്ടു.

തൃശൂര്‍ എ.സി.പി: കെ.കെ. സജീവിന്റെ നിര്‍ദ്ദേശപ്രകാരം നെടുപുഴ എസ്.ഐ: കെ. അനുദാസ് ഗ്രേഡ് സീനിയര്‍ സി.പി.ഒമാരായ സിബു, പ്രേംനാഥ്, ശ്രീജിത്ത്, ശുഭ, സി.പി.ഒ: ജാന്‍സി എന്നിവരുമുണ്ടായിരുന്നു. മോഷ്ടിച്ചെടുത്ത പണം ഉപയോഗിച്ച്‌ സ്വന്തം കടങ്ങള്‍ വീട്ടിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular