Tuesday, May 7, 2024
HomeUSAബൈഡൻ ഡെലവെയറിൽ നേരത്തെ വോട്ട് ചെയ്‌തു

ബൈഡൻ ഡെലവെയറിൽ നേരത്തെ വോട്ട് ചെയ്‌തു

നവംബർ എട്ടിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ നേരത്തെ വോട്ട് ചെയ്യാനുള്ള സൗകര്യം പ്രസിഡന്റ് ജോ ബൈഡൻ  പ്രയോജനപ്പെടുത്തി. ബൈഡനും കൊച്ചുമകൾ നതാലി ബൈഡനും ഡെലവെയറിലെ വിൽമിങ്ങ്ടണിൽ ശനിയാഴ്ച വോട്ട് ചെയ്തു.  പ്രസിഡന്റിന്റെ അന്തരിച്ച മകൻ ബ്യുവിന്റെ പുത്രിയാണ് നതാലി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരിക്കും അടുത്ത ദിവസങ്ങളിൽ എന്നു പ്രസിഡന്റ് സൂചിപ്പിച്ചു. ഫ്‌ളോറിഡ, പെൻസിൽവേനിയ, ന്യൂ മെക്സിക്കോ, മെരിലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ. ഈ തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന വാദം അദ്ദേഹം തള്ളി. “അമേരിക്കയെ കുറിച്ച് ഏറെ വ്യത്യസ്തമായ രണ്ടു വീക്ഷണങ്ങൾ തമ്മിലുള്ള തിരഞ്ഞെടുപ്പാണ് ജനങ്ങളുടെ മുന്നിൽ.”

യുഎസ് കോൺഗ്രസിന്റെ അധോസഭയായ ഹൗസിലെ 435 സീറ്റിലും 100 അംഗ ഉപരിസഭയായ സെനറ്റിലെ 35 സീറ്റിലും വോട്ടെടുപ്പ് നടക്കുന്ന നവംബർ എട്ടിനു ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്കു തിരിച്ചടി ഏൽക്കുമെന്നാണ് പ്രവചനം. ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന്റെ പാർട്ടി തോൽക്കുന്നതു  പതിവാണ്.

കൂടാതെ 39 സ്റ്റേറ്റ്-ടെറിട്ടറി ഗവർണർ സ്‌ഥാനങ്ങളിലും മത്സരമുണ്ട്. ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത് 20 ദശലക്ഷത്തിലേറെ ആളുകൾ നേരത്തെ വോട്ട് ചെയ്തു കഴിഞ്ഞു എന്നാണ്.

അഭിപായ സർവേകൾ ഡെമോക്രാറ്റുകൾക്കു അനുകൂലമല്ല. വിലക്കയറ്റവും കുറ്റകൃത്യങ്ങളുടെ വർധനയും റിപ്പബ്ലിക്കൻ പാർട്ടി ആയുധമാക്കുന്നു. അവരെ തടഞ്ഞില്ലെങ്കിൽ യുഎസിൽ ജനാധിപത്യം നശിക്കും എന്നാണ് ഡെമോക്രാറ്റുകൾ വാദിക്കുന്നത്.

“യുഎസ് വോട്ടർമാർ രോഷാകുലരാണ്,” പോളിംഗ് നടത്തുന്ന ജോൺ സോഗ്‌ബി പറഞ്ഞു. “രണ്ടു പാർട്ടികളിലും ആർക്കും വിശ്വാസമില്ല. ഉള്ളവർ നന്നേ കുറഞ്ഞു.”

ബൈഡനു നേരിയ പുരോഗതി സർവേകളിൽ കാണുന്നു. ഡൊണാൾഡ് ട്രംപ് ആവട്ടെ താഴോട്ടാണ്. രണ്ടു പേരും 2024ൽ മത്സരിക്കേണ്ട എന്നാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്.

ഇരു സഭകളും റിപ്പബ്ലിക്കൻ പാർട്ടി പിടിച്ചാൽ നിയമനിർമാണം അസാധ്യമാവുന്ന സ്ഥിതിയിലാവും ബൈഡൻ.

തൊഴിലവസരങ്ങൾ വർധിച്ചതും സുപ്രധാന നിയമ നിർമാണം സാധ്യമാക്കിയതും ബൈഡനു നേട്ടങ്ങളാണ്. പക്ഷെ വിലകൾ കുറയുന്നില്ല എന്നത് ജനങ്ങളെ വീർപ്പുമുട്ടിക്കുന്നു.

എല്ലാ സർവേകളിലും പൊതുവായി പറയുന്ന ഒരു കാര്യത്തിലാണ് ഡെമോക്രാറ്റുകൾക്ക് പ്രതീക്ഷ: നല്ലൊരു ശതമാനം വോട്ടർമാർ തീരുമാനം എടുത്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular