Friday, May 17, 2024
HomeGulfകാല്‍പന്ത് തീര്‍ഥാടകര്‍ വരവായ്

കാല്‍പന്ത് തീര്‍ഥാടകര്‍ വരവായ്

ദോഹ: റിയോ ഡെ ജനീറോയും ബ്വേനസ് എയ്റിസും മാഞ്ചസ്റ്ററും പോലെ, ലോകമെങ്ങുമുള്ള കാല്‍പന്ത് ആരാധകര്‍ പുതിയ പുണ്യഭൂമിയായി കുറിച്ചിട്ട ദോഹയിലേക്ക് തീര്‍ഥാടന യാത്ര തുടങ്ങി.

ലോകകപ്പിന് പന്തുരുളുന്ന നവംബര്‍ മാസം പിറന്നതിനു പിന്നാലെ, ചൊവ്വാഴ്ച പുലര്‍ച്ച തന്നെ ഹയ്യാ കാര്‍ഡുമായി പറന്നിറങ്ങിയവരും സൗദി അതിര്‍ത്തിയിലെ അബൂ സംറ കടന്നവരും നിരവധിയാണ്. തിങ്കളാഴ്ച അര്‍ധരാത്രി പിന്നിട്ട്, നവംബര്‍ ഒന്ന് പിറന്നതോടെയാണ് ഹയ്യാ കാര്‍ഡ് വഴി ലോകകപ്പ് കാണികള്‍ ഖത്തറിലേക്ക് പ്രവേശിച്ചു തുടങ്ങിയത്.

12 മണിക്കു തന്നെ ആദ്യ യാത്രികനായി മലയാളിയായ സൈക്കിള്‍ സഞ്ചാരി കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലി മാറി. ലോകകപ്പിലേക്ക് 18 ദിവസം മുന്നിലുണ്ടെങ്കിലും യാത്ര, ഗതാഗത സംവിധാനങ്ങളുടെ ട്രയല്‍ എന്ന നിലയിലാണ് നേരത്തേ തന്നെ ഖത്തര്‍ ആരാധകരെ സ്വാഗതം ചെയ്തുതുടങ്ങിയത്. വരുംദിനങ്ങളില്‍ വിവിധ ആഘോഷ പരിപാടികള്‍കൂടി ആരംഭിക്കുന്നതോടെ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കും. 10ന് ശേഷമായിരിക്കും തെക്കന്‍ അമേരിക്ക ഉള്‍പ്പെടെ കാല്‍പന്തുകളിയുടെ വലിയ ആരവമാവുന്ന സംഘങ്ങള്‍ ഖത്തറിലേക്ക് യാത്ര തിരിക്കുന്നത്.

വലിയൊരു ഉത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ ശാന്തതയിലായിരുന്നു ചൊവ്വാഴ്ച കോര്‍ണിഷ് തെരുവ്. അണമുറിയാത്ത വാഹനങ്ങളുടെ ചുവപ്പും പച്ചയുമായി മാറിമാറി കത്തുന്ന സിഗ്നല്‍ വെളിച്ചത്തിന് മുന്നിലെ നീണ്ട നിരയുമില്ലാത്ത ദിനം. ലോകകപ്പിന്റെ പ്രധാന ആഘോഷവേദിയായ കോര്‍ണിഷിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് ചൊവ്വാഴ്ച പുലര്‍ച്ചയോടെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ബൈക്കും സൈക്കിളും ഉള്‍പ്പെടെ വാഹനങ്ങളുടെ പ്രവേശനമെല്ലാം അടച്ച്‌, കാല്‍നടക്കാര്‍ക്കു മാത്രമായി കോര്‍ണിഷ് മാറി. ലോകകപ്പ് വേളയില്‍ വിവിധ കലാ സാംസ്കാരിക പരിപാടികളുടെ മുഖ്യ വേദി കൂടിയാണ് ദോഹ കോര്‍ണിഷ്. മിയാ പാര്‍ക്ക് മുതല്‍ ഷെറാട്ടണ്‍ വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരമായിരിക്കും ലോകകപ്പിന്റെ ഉത്സവ വേദി. ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 19 വരെയാണ് കോര്‍ണിഷില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 ലോകകപ്പിനു മുന്നോടിയായി ദോഹ കോര്‍ണിഷിലെ വാഹന വിലക്ക് ചൊവ്വാഴ്ച നിലവില്‍ വന്നപ്പോഴുള്ള കാഴ്ച

ബാങ്ക് സ്ട്രീറ്റ്, വെസ്റ്റ് ബേ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ദോഹ മെട്രോ, ബസ്, ടാക്സി ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. അതേസമയം, യാത്രക്ക് പ്രയാസമുള്ള ഭിന്നശേഷിക്കാര്‍ക്ക് ദോഹ ഹോട്ടല്‍ പാര്‍ക്ക്, പോസ്റ്റ്‌ഓഫിസ്, അല്‍ ബിദ്ദ പാര്‍ക്ക് (കാര്‍ പാര്‍ക്ക് അഞ്ച്), ദോഹ പോര്‍ട്ട് എന്നിവടങ്ങളില്‍ പാര്‍ക്കിങ്ങിന് സൗകര്യമുണ്ട്.

 ലോകകപ്പ് ഫുട്ബാളിനെ വരവേറ്റുകൊണ്ട് ദോഹ കോര്‍ണിഷില്‍ തയാറാക്കിയ അലങ്കാരങ്ങളിലൊന്ന്

ടാക്സി പിക്‌അപ് പോയന്റുകള്‍

അശ്ഗാല്‍ ടവര്‍, അല്‍ ബിദ്ദ മെട്രോ സ്റ്റേഷന്‍, സൂഖ് വാഖിഫ്, ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് (ക്യു.എസ്.സി), മിയ പാര്‍ക്ക്, ക്രൂസ് ഷിപ് ഹോട്ടല്‍സ് എന്നിവിടങ്ങളില്‍ ടാക്സി പിക്‌അപ് പോയന്റായി നിശ്ചയിച്ചു. ടാക്സി, യൂബര്‍, കരീം ഉള്‍പ്പെടെ വാഹനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് ഇവിടെ ഇറങ്ങാനും വാഹനത്തില്‍ കയറാനും സൗകര്യമുണ്ട്.

 യാത്രക്ക് ബെസ്റ്റ് മെട്രോ

കോര്‍ണിഷില്‍ എളുപ്പത്തിലെത്താന്‍ ഏറ്റവും സുഖകരം മെട്രോ യാത്രയാവും. റെഡ് ലൈനിലെ ഡി.ഇ.സി.സി, വെസ്റ്റ് ബേ ഖത്തര്‍ എനര്‍ജി, കോര്‍ണിഷ് (എക്സിറ്റ് നവംബര്‍ 11 മുതല്‍), റെഡ് -ഗ്രീന്‍ ലൈനിലെ അല്‍ ബിദ്ദ, ഗോള്‍ഡ് ലൈനിലെ സൂഖ് വാഖിഫ് എന്നീ മെട്രോ സ്റ്റേഷനുകളിലിറങ്ങി യാത്രക്കാര്‍ക്ക് കോര്‍ണിഷില്‍ എത്താം.

 പാര്‍ക്ക് ആന്‍ഡ് റൈഡ്

ദോഹ കോര്‍ണിഷിലെത്താനായി ഖത്തര്‍ യൂനിവേഴ്സിറ്റി, ഉം ഗുവൈലിന, അല്‍ മെസ്സില എന്നീ മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്ക് ആന്‍ഡ് റൈഡ് എന്നിവിടങ്ങളില്‍ വാഹനം നിര്‍ത്തി സെന്‍ട്രല്‍ ദോഹയിലേക്ക് യാത്ര ചെയ്യാം. നവംബര്‍ 14 മുതല്‍ ഡിസംബര്‍ 18 വരെ ജിലൈയയില്‍നിന്ന് ഫിഫ ഫാന്‍ ഫെസ്റ്റിവലിലേക്ക് ഷട്ട്ല്‍ ബസ് സര്‍വിസ് ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular