Thursday, May 2, 2024
HomeAsiaഇമ്രാൻ ഖാനെ ആക്രമിച്ചവരുടെ പിന്നിൽ ആര്

ഇമ്രാൻ ഖാനെ ആക്രമിച്ചവരുടെ പിന്നിൽ ആര്

പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ആക്രമിച്ച മൂന്നു പേരിൽ ഒരാളുടെ കൈയ്യിൽ എ കെ 47 തോക്കുണ്ടായിരുന്നു എന്നത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. അക്രമികൾ ഇമ്രാന്റെ രാഷ്ട്രീയ വൈരികൾ കൂലിക്കെടുത്തവരാണ് എന്ന പ്രാഥമിക നിഗമനം നിലനിൽക്കെ തന്നെ, അവർക്കു എങ്ങിനെ എ കെ 47 ലഭിച്ചു എന്ന ചോദ്യം പ്രസക്തമാകുന്നു.

പരസ്യമായി എടുത്തു വീശാൻ ഇങ്ങിനെ ഒരായുധം അക്രമിക്കു ലഭിച്ചുവെങ്കിൽ അതിനു രണ്ടു വഴികളാണ് പാക്ക് നിരീക്ഷകർ കാണുന്നത്: ഒന്ന്, പാക്ക് പട്ടാളം. രണ്ട്, ഭീകര സംഘടനകൾ. ഇത് രണ്ടും ഇമ്രാന്റെ കാര്യത്തിൽ സംഭവിക്കാവുന്നതാണ്.

അധികാരത്തിന്റെ ചോര മണക്കുന്ന പാക്ക് പട്ടാളവുമായി തുറന്ന ഏറ്റുമുട്ടലിൽ ആണ് ഇമ്രാൻ. ലഹോറിൽ നിന്നു ഇസ്‌ലാമാബാദിലേക്കുള്ള ലോംഗ് മാർച്ചിനിടെ പല കുറി ഇമ്രാൻ പട്ടാള നേതൃത്വത്തെ ആക്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി എല്ലാ എതിരാളികളെയും പോലെ പാക്ക് പട്ടാളവും ഭയക്കുന്നു എന്ന വസ്തുത നിലനിൽക്കുന്നുണ്ട്.

ഇമ്രാൻ ഖാനെ ആക്രമിച്ചവരുടെ പിന്നിൽ ആര് 

ഭീകരരെ നോക്കിയാൽ, ഇമ്രാൻ താലിബാനുമായി നല്ല ബന്ധം സൂക്ഷിക്കുന്നു എന്നത് രഹസ്യമല്ല. എന്നാൽ പാക്കിസ്ഥാനിൽ താലിബാന്റെ ശാഖ മാത്രമല്ല ഭീകര പ്രവർത്തനം നടത്തുന്നത്. ഇമ്രാനെ എതിര്ക്കുന്നവർ അക്കൂട്ടത്തിൽ ഏറെയുണ്ട്.

പ്രസിഡന്റ് ജോ ബൈഡൻ പാക്കിസ്ഥാനെ ലോകത്തെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിലൊന്ന് എന്നു വിളിച്ചത് വെറുതെയല്ല. ആണവായുധങ്ങൾ സൂക്ഷിക്കുന്ന രാജ്യത്തു അത്തരം ആയുധങ്ങൾ ഭീകരരുടെ കൈയ്യിൽ എത്തിയാൽ എന്ത് സംഭവിക്കും എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. ആണവായുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നു എന്ന പാക്കിസ്ഥാന്റെ ഉറപ്പിന് എന്തു വില എന്ന ചോദ്യം ഇപ്പോൾ ഒന്നു കൂടി ഉയരുന്നു.

ഇന്ത്യ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. അതൊരു ചടങ്ങ് പ്രസ്‌താവന മാത്രമാണ്. ഡൽഹിയിൽ പുതിയ സംഭവ വികാസം ഉയർത്തിയിട്ടുള്ള ആശങ്കയെ കുറിച്ച് അധികാരത്തിന്റെ ഇടനാഴികളിൽ സംസാരമുണ്ട്. ഇമ്രാനെ ആക്രമിച്ചതിനെതിരെ ആരംഭിച്ച പ്രതിഷേധ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ പി ടി ഐ പാർട്ടി പിൻവലിച്ചതും പാക്കിസ്ഥാന്റെ അരക്ഷിത കാലാവസ്ഥ പരിഗണിച്ചാണ് എന്നതും ഡൽഹി ശ്രദ്ധിക്കുന്നു.

ഏറ്റവും ഒടുവിൽ ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്ക് കേന്ദ്ര നേതാക്കളുടെ ശ്രദ്ധ തിരിഞ്ഞെങ്കിലും സുരക്ഷാ മേധാവികൾ പാക്കിസ്ഥാനിൽ തന്നെ കണ്ണ് വച്ചിരിക്കുകയാണ്. അതിർത്തിയിൽ ജാഗ്രത ശക്തിപ്പെടുത്തുകയും ചെയ്തു.

ഇമ്രാൻ കയറി നിന്ന കണ്ടൈനറിന്റെ മൂന്നു വശത്തു നിന്നും വെടിവയ്‌പുണ്ടായി എന്നാണ് റിപ്പോർട്ട്. 11 തിരകൾ കണ്ടെടുത്തു. അതിൽ രണ്ടെണ്ണം വൻ തോക്കുകളിൽ ഉപയോഗിക്കുന്നതാണ്. അതു രണ്ടും കണ്ടൈനറിന്റെ ഉള്ളിൽ നിന്നു തന്നെ ഒഴിച്ചതാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

അക്രമികളിൽ ഒരാളെ പിടികൂടാൻ ശ്രമിച്ചു വീരപുരുഷനായ മുസാം കൈസർ എന്ന യുവാവ് വെടിയേറ്റു സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയിലാണ് അദ്ദേഹത്തിനു വെടിയേറ്റത്.

അക്രമികളിൽ ഒരാൾ സ്വയം പ്രവർത്തിച്ചതാണ് എന്ന് പൊലീസിനോടു പറയുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. പൊലീസ് അതു ചോർത്തിയെന്നതിൽ പഞ്ചാബ് സർക്കാർ രോഷം കൊണ്ടു. മറ്റെന്തിലെക്കോ വിരൽ ചൂണ്ടാനുള്ള അവസരമായി ഈ സംഭവത്തെ ഉപയോഗിക്കാൻ ഭരണകക്ഷിക്കു താല്പര്യമുണ്ട് എന്നത് നിഷേധിക്കാൻ കഴിയാത്ത കാര്യമാണ്. പൊലീസിനെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രി പർവേസ് ഇലാഹി ഉത്തരവിട്ടു. പൊലീസുകാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാനും നിർദേശമുണ്ട്.

ഇമ്രാന്റെ ആരോഗ്യനില ഭദ്രമാണെന്ന് ഡോക്ടർമാർ പറയുന്നു.

അക്രമത്തെ യുഎസ് ശക്തമായി അപലപിച്ചു. അദ്ദേഹത്തിനും പരുക്കേറ്റ മറ്റുള്ളവർക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്നു വൈറ്റ് ഹൗസ് ആശംസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular