Wednesday, May 22, 2024
HomeIndiaഉത്തരാഖണ്ഡിലും വൈസ് ചാന്‍സലര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കി; നടപടി UGC ചട്ടം ലംഘിച്ചതിന്

ഉത്തരാഖണ്ഡിലും വൈസ് ചാന്‍സലര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കി; നടപടി UGC ചട്ടം ലംഘിച്ചതിന്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലും വൈസ് ചാന്‍സലര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കി. ഉത്തരാഖണ്ഡിലെ സോബന്‍ സിങ് ജീന യൂണിവേഴ്‌സിറ്റിയുടെ (Soban Singh Jeena University) വൈസ് ചാന്‍സലര്‍ (Vice-Chancellor ) നരേന്ദ്ര സിംഗ് ഭണ്ഡാരിയുടെ (Narendra Singh Bhandari) നിയമനമാണ് സുപ്രീം കോടതി (Supreme Court) വ്യാഴാഴ്ച റദ്ദാക്കിയത്.
2019ലെ യൂണിവേഴ്‌സിറ്റി ആക്ടിന്റെയും 2018ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ റെഗുലേഷന്റെയും വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഭണ്ഡാരിയുടെ നിയമനം റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ബെഞ്ച് ശരിവച്ചു. ജസ്റ്റിസ് ഷായും ജസ്റ്റിസ് എം എം സുന്ദ്രേഷും അടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി വിധി ശരിവെച്ചത്. ഇതോടെ ഹൈക്കോടതി വിധിക്കെതിരെ ഭണ്ഡാരി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.

മുമ്ബ് നടന്ന വാദങ്ങളും വിധികളും കണക്കിലെടുത്ത് നിലവിലെ അപ്പീല്‍ തള്ളിക്കളയുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. കേസില്‍ വിജയിച്ചില്ലെങ്കില്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു, അതിനാല്‍ വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ഭണ്ഡാരിയോട് ബെഞ്ച് നിര്‍ദ്ദേശിച്ചു.
“അദ്ദേഹം വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കണം. ഹര്‍ജിക്കാരനെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിച്ചത് നിയമവിരുദ്ധമായും 2019 ലെ യൂണിവേഴ്സിറ്റി ആക്‌ട്, 2018 ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ റെഗുലേഷന്‍സ് എന്നിവ പ്രകാരമുള്ള നിയമപരമായ ആവശ്യകതകളുടെ പിന്‍ബലമില്ലാതെയും ആണ് ” ബെഞ്ച് നിരീക്ഷിച്ചു.

ഭണ്ഡാരിയെ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിണ്ടെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തോട് തങ്ങള്‍ പൂര്‍ണ്ണമായി യോജിക്കുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഭണ്ഡാരിയുടെ നിയമനം റദ്ദാക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം ശരിയാണെന്നും ഇതില്‍ ഈ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

അതേസമയം വൈസ് ചാന്‍സലര്‍ സ്ഥാനത്തിന് ഏറ്റവും അര്‍ഹനായ വ്യക്തി താനാണെന്നും തന്റെ അക്കാദമിക് ജീവിതം വിലയിരുത്തി വൈസ് ചാന്‍സലറായി നിയമിക്കപ്പെടാന്‍ യോഗ്യനും അര്‍ഹനുമായ വ്യക്തി താനാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വൈസ് ചാന്‍സലറായി നിയമിച്ചതെന്നുമാണ് ഭണ്ഡാരിയുടെ വാദം. അപ്പീലുകാരന് വളരെ മികച്ച അക്കാദമിക് യോഗ്യതകള്‍ ഉണ്ടായിരിക്കാം എന്നത് ശരിയായിരിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ” അതേ സമയം, അദ്ദേഹത്തിന്റെ യോഗ്യതകള്‍ മറ്റ് അര്‍ഹരായ വ്യക്തികളുടെ യോഗ്യതകളുമായി താരതമ്യപ്പെടുത്താത്തതിനാല്‍ അദ്ദേഹം ഏറ്റവും മികച്ച വ്യക്തിയാണെന്ന് പറയാനാവില്ല. അദ്ദേഹത്തിന്റെ പേര് മറ്റ് യോഗ്യതയുള്ളവരുമായി താരതമ്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അവസരം ഉണ്ടായിട്ടില്ലെന്നും,”സുപ്രീംകോടതി നിരീക്ഷിച്ചു.

2018 ലെ യുജിസി റെഗുലേഷന്‍സ് 7.3.0, 2019 ലെ യൂണിവേഴ്സിറ്റി ആക്റ്റിന്റെ സെക്ഷന്‍ 10 എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം, വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നത് 3-5 പേരടങ്ങുന്ന സെര്‍ച്ച്‌ കമ്മറ്റി പാനലിന്റെ ശരിയായ തിരച്ചറിയല്‍ നടപടികളിലൂടെ ആയിരിക്കണമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അത്തരം സെര്‍ച്ച്‌-കം-സെലക്‌ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രഗത്ഭരായ വ്യക്തികളായിരിക്കണം മാത്രമല്ല ബന്ധപ്പെട്ട സര്‍വകലാശാലയുമായോ അതിന്റെ കോളേജുകളുമായോ യാതൊരു തരത്തിലും ഇവര്‍ക്ക് ബന്ധമുണ്ടാകാനും പാടില്ല.

“പാനല്‍ തയ്യാറാക്കുമ്ബോള്‍, സെര്‍ച്ച്‌ കമ്മിറ്റി അക്കാദമിക് മികവിനും മറ്റും കൃത്യമായ വെയിറ്റേജ് നല്‍കും. അതിനുശേഷം സെര്‍ച്ച്‌ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന പേരുകളുടെ പാനലില്‍ നിന്നാണ് ചാന്‍സലര്‍ വൈസ് ചാന്‍സലറെ നിയമിക്കുന്നത്. വൈസ് ചാന്‍സലറായി തിരഞ്ഞെടുക്കപ്പെടുകയും നിയമിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയെ, സെര്‍ച്ച്‌ കമ്മിറ്റി ശുപാര്‍ശ ചെയ്ത പാനലിന്റെ ഭാഗമായ മറ്റ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥികളുമായി താരതമ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്” ബെഞ്ച് പറഞ്ഞു.

നിലവിലെ കേസില്‍ ഇത്തരമൊരു നടപടിക്രമം പാലിച്ചിട്ടില്ലെന്നും അപ്പീല്‍ക്കാരന്റെ യോഗ്യതകള്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ള മറ്റ് യോഗ്യതയുള്ള വ്യക്തികളുമായി താരതമ്യം ചെയ്തിട്ടില്ലെന്നും ഒരു പേര് മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ അഥവാ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി നല്‍കിയിട്ടുള്ളൂവെന്നുമാണ് 2020 ഓഗസ്റ്റ് 5 ലെ നോട്ട് ഷീറ്റില്‍ നിന്ന് മനസിലാകുന്നതെന്നും ബെഞ്ച് പറഞ്ഞു.

സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഭണ്ഡാരിയെ നിയമിക്കുന്നതിന് മുമ്ബ് പരസ്യം നല്‍കുകയോ യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുകയോ ചെയ്തിട്ടില്ല, മാത്രമല്ല സെര്‍ച്ച്‌ കമ്മിറ്റി ഭണ്ഡാരിയുടെ പേര് ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അതിനാല്‍ യുജിസി മാനദണ്ഡങ്ങള്‍ക്കനുസൃതമായി സെര്‍ച്ച്‌ കമ്മിറ്റിക്ക് ചാന്‍സലറിനോട് അര്‍ഹരായ വ്യക്തികളുടെ ഒരു പാനല്‍ ശുപാര്‍ശ ചെയ്യാന്‍ അവസരമുണ്ടായില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular