Friday, April 26, 2024
HomeIndiaഭീമ കൊറെഗാവ് കേസ്: പ്രഫ. ആനന്ദ് തെല്‍തുംബ്ഡെക്ക് ജാമ്യം

ഭീമ കൊറെഗാവ് കേസ്: പ്രഫ. ആനന്ദ് തെല്‍തുംബ്ഡെക്ക് ജാമ്യം

മുംബൈ: ഭീമ കൊറെഗാവ് കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച ഐ.ഐ.ടി മുന്‍ പ്രഫസറും ചിന്തകനുമായ ആനന്ദ് തെല്‍തുംബ്ഡെക്ക് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു.

2020 ഏപ്രിലിലാണ് സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവലഖയോടൊപ്പം പ്രഫ. ആനന്ദ് തെല്‍തുംബ്ഡെയും അറസ്റ്റിലായത്. ജാമ്യം അനുവദിച്ചെങ്കിലും എന്‍.ഐ.എക്ക് ജാമ്യത്തിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ ആനന്ദ് തെല്‍തുംബ്ഡെയുടെ ജയില്‍ മോചനത്തില്‍ നടപടിയുണ്ടാകൂ.

ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് ജസ്റ്റിസ് എ.എസ്. ഗഡ്കരി, ജസ്റ്റിസ് എം.എന്‍. ജാദവ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയില്‍ ഭാഗമായി എന്നീ കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി ഇന്ന് ജാമ്യം അനുവദിച്ച്‌ കൊണ്ട് വ്യക്തമാക്കി. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെല്‍തുംബഡെയ്ക്ക് എതിരെ നിലനില്‍ക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭീക കൊറേഗാവ് കേസില്‍ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെയാളാണ് പ്രഫ. തെല്‍തുംബ്ഡെ. നേരത്തെ, കവി വരവരറാവുവിന് മെഡിക്കല്‍ ജാമ്യവും അഭിഭാഷക സുധ ഭരദ്വാജിന് സ്വാഭാവിക ജാമ്യവും അനുവദിച്ചിരുന്നു. കേസില്‍ തെല്‍തുംബ്ഡെക്കൊപ്പം അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും നടപ്പായിട്ടില്ല.

2018ല്‍ രാജ്യത്തെ ദലിത്‌ സംഘടനകളുടെയും എല്‍ഗാര്‍ പരിഷദ്‌ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഭീമ കൊറേഗാവ് യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികം ആചരിക്കുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ രണ്ട്‌ യുവാക്കള്‍ കൊല്ലപ്പെട്ടു. പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ഒട്ടേറെപ്പേരെ കേസില്‍പ്പെടുത്തി വേട്ടയാടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular