Monday, May 6, 2024
HomeIndiaരാഹുലിനൊപ്പം കൈകോര്‍ത്ത് തുഷാര്‍ ഗാന്ധിയും; നെഹ്റു-ഗാന്ധി പൗത്രന്‍മാരുടെ യാത്ര ചരിത്രപരമെന്ന് കോണ്‍ഗ്രസ്

രാഹുലിനൊപ്പം കൈകോര്‍ത്ത് തുഷാര്‍ ഗാന്ധിയും; നെഹ്റു-ഗാന്ധി പൗത്രന്‍മാരുടെ യാത്ര ചരിത്രപരമെന്ന് കോണ്‍ഗ്രസ്

ഷെഗോണ്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കൈകോര്‍ത്ത് മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയും.

മഹാരാഷ്ട്ര ബുല്‍ധാന ജില്ലയിലെ ഷെഗോണില്‍ എത്തിയ യാത്രയില്‍ ഇന്ന് രാവിലെയാണ് തുഷാര്‍ പങ്കുചേര്‍ന്നത്. ഇന്നലെ ഇതു സംബന്ധിച്ച്‌ തുഷാര്‍ ട്വീറ്റ് ചെയ്തിരുന്നു.

‘നാളെ ഞാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്ന് ഷെഗോണിലെ ഭാരത് ജോഡോ യാത്രയില്‍ നടക്കും’ എന്നായിരുന്നു ട്വീറ്റ്. മഹാത്മാഗാന്ധിയും നെഹ്റുവും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രത്തവും ട്വീറ്റില്‍ പങ്കുവെച്ചിരുന്നു.

നവംബര്‍ ഏഴ് മുതല്‍ മഹാരാഷ്ട്രയില്‍ പ്രയാണം തുടരുന്ന യാത്ര, ഇന്ന് രാവിലെ ആറിന് അകോല ജില്ലയിലെ ബാലപുരില്‍ നിന്ന് ആരംഭിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ഷെഗോണില്‍ എത്തിയപ്പോഴാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാര്‍ ഗാന്ധി യാത്രയില്‍ പങ്കുചേര്‍ന്നത്.

തന്റെ ജന്മ സ്ഥലമാണ് ഷെഗോണ്‍ എന്ന് വ്യക്തമാക്കിയ തുഷാര്‍, 1960 ജനുവരി 17ന് നാഗ്പൂര്‍ വഴിയുള്ള ഹൗറ മെയിലില്‍ തന്റെ അമ്മ യാത്രചെയ്യവെ, ഷെഗോണ്‍ സ്റേറഷനില്‍ നിര്‍ത്തിയപ്പോഴാണ് താന്‍ ജനിച്ചതെന്ന് ട്വീറ്റില്‍ വിവരിച്ചു.

തുഷാര്‍ യാത്രയില്‍ പങ്കുചേരുന്നതിനെ ചരിത്രപരം എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഗാന്ധിയുടെയും പാരമ്ബര്യം പേറുന്ന പൗത്രന്‍മാരാണ് ഇരുവരുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് ‘ഭരണകര്‍ത്താക്കള്‍ക്ക് ജനാധിപത്യത്തെ ഭീഷണിയിലാക്കാം, പക്ഷേ, ഇല്ലാതാക്കാനാവില്ലെന്ന സന്ദേശമാണ് ഇരുവരും ഒരുമിച്ചുള്ള യാത്ര നല്‍കുന്ന സന്ദേശം’ എന്നും പ്രസ്താവനയില്‍ അറിയിച്ചു.

തുഷാര്‍ ഗാന്ധിയെ കൂടാതെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്, ദീപേന്ദര്‍ ഹൂഡ, മാണിക് റാവു താക്റെ, കോണ്‍ഗ്രസ് പ്രസിഡന്റ് ഭായ് ജഗ്പത്, പാര്‍ട്ടി സ്റ്റേറ്റ് യൂനിറ്റ് ചീഫ് നാന പടോലെ എന്നിവര്‍ രാഹുലിനൊപ്പം യാത്രയിലുണ്ട്. വൈകീട്ട് ഷെഗോണില്‍ പൊതു റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. നവംബര്‍ 20 ന് യാത്ര മധ്യപ്രദേശിലേക്ക് കടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular