Friday, April 26, 2024
HomeGulfവര്‍ണപ്പകിട്ടോടെ ആഘോഷം

വര്‍ണപ്പകിട്ടോടെ ആഘോഷം

ബൂദബി/ദുബൈ : യു.എ.ഇയുടെ 51ാം ദേശീയദിനം രാജ്യത്തെങ്ങും വര്‍ണപ്പകിട്ടോടെ ആഘോഷിച്ചു. ഏഴ് എമിറേറ്റുകളിലും ഭരണാധികാരികളും സ്വദേശികളും പ്രവാസികളുമെല്ലാം ആവേശത്തോടെയാണ് ചടങ്ങുകളില്‍ പങ്കുകൊണ്ടത്.ദേശീയപതാക ഉയര്‍ത്തിയും ദേശീയഗാനം ആലപിച്ചുമാണ് എല്ലാ സ്ഥലങ്ങളിലും ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് 5.30ന് തത്സമയം സംപ്രേഷണം ചെയ്ത ദേശീയദിന പ്രത്യേക ഷോയും ശ്രദ്ധേയമായി. ഏഴ് എമിറേറ്റുകളിലുടനീളം 50ല്‍ അധികം ലൊക്കേഷനുകളിലാണ് ഔദ്യോഗിക ചടങ്ങ് സംപ്രേഷണം ചെയ്തത്.

വിവിധ എമിറേറ്റുകളിലെ സര്‍ക്കാര്‍ വകുപ്പുകളും മറ്റു സംവിധാനങ്ങളുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കരിമരുന്ന് പ്രയോഗങ്ങള്‍, സംഗീത കച്ചേരികള്‍, കുടുംബ സൗഹൃദ സംഗമങ്ങള്‍ തുടങ്ങിയ പരിപാടികളിലെല്ലാം ധാരാളം പേരാണ് ഓരോ എമിറേറ്റിലും പങ്കെടുത്ത്.

അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാര്‍ക്ക് ദേശീയദിന ഉപഹാരം നല്‍കുന്ന പൊലീസ്

അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററില്‍(അഡ്‌നെക്)ല് 13 വരെ നീളുന്ന വിവിധ ആഘോഷ പരിപാടികള്‍ക്കാണ് കഴിഞ്ഞദിവസം തുടക്കം കുറിച്ചത്. വിവിധ രാജ്യക്കാരായ 1000 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന പരേഡ് ചടങ്ങിലെ ആകര്‍ഷണീയതയാണ്. വരുംതലമുറകളെ പ്രചോദിപ്പിക്കുന്നതിനായി സമുദ്രശാസ്ത്രം, പരിസ്ഥിതി, കൃഷി, ബഹിരാകാശം, ഗതാഗതം, സൗരോര്‍ജം, വിദ്യാഭ്യാസം എന്നീ ഏഴുമേഖലകളില്‍ നല്‍കിയ സംഭാവനകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.

അബൂദബിയില്‍ അല്‍ മര്യാദ് ദ്വീപില്‍ വെള്ളിയാഴ്ച രാത്രി ഒമ്ബതിന് വെടിക്കെട്ട് വീക്ഷിക്കാന്‍ നിരവധിപേരെത്തി. അല്‍ വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഡ്രോണ്‍, ലേസര്‍ ഡിസ്പ്ലേകളും കരിമരുന്ന് വിസ്മയവും കൊറിയോഗ്രാഫ് ചെയ്ത എമിറേറ്റ്സ് ഫൗണ്ടന്‍ ഷോയും നടന്നു. തെക്കന്‍ അബൂദബിയിലെ ബനിയാസ് ഏരിയയിലെ ബവാബാത് അല്‍ ശര്‍ഖ് മാള്‍, യാസ് ദ്വീപിലെ തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ അരങ്ങേറി. അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാര്‍ക്ക് ദേശീയദിന ഉപഹാരങ്ങള്‍ നല്‍കിയാണ് പൊലീസ് സ്വീകരിച്ചത്.

ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി അബൂദബിയിലെ ശൈഖ് സായിദിന്‍റെ സ്മാരകമായ ‘ഫൗണ്ടേഴ്സ് മെമ്മോറിയലി’ന് മുകളിലൂടെ നടന്ന എയര്‍ ഷോ

ദുബൈയില്‍ ബുര്‍ജ് ഖലീഫയില്‍ പ്രത്യേക എല്‍.ഇ.ഡി ഡിസ്പ്ലേയാണ് ഇത്തവണ ഒരുക്കിയത്. ക്രീക്ക് ഭാഗത്തെ അല്‍ സീഫില്‍ വെള്ളിയാഴ്ച പരേഡും വാട്ടര്‍ഫ്രണ്ട് കരിമരുന്ന് പ്രദര്‍ശനങ്ങളും ഒരുക്കി. ഞായറാഴ്ച വരെ ഈ പ്രദേശത്ത് നിരവധി പരിപാടികളുണ്ടാകും. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോഗം നടന്നു.ദുബൈ എക്സ്പോ സിറ്റിയിലും ഗ്ലോബല്‍ വില്ലേജിലും വിവിധ പരിപാടികള്‍ ഒരുക്കിയിരുന്നു. ദുബൈ പൊലീസും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും സമൂഹമാധ്യമങ്ങളിലും ദേശീയദിനാഘോഷത്തിന്‍റെ ആവേശം ദൃശ്യമായിരുന്നു. നിരവധി പ്രവാസികള്‍ യു.എ.ഇയുടെ മാതൃകാപരമായ നയങ്ങളെയും നിലപാടുകളെയും പുകഴ്ത്തി രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular