Saturday, May 4, 2024
HomeUSAയുഎസ് ഹൗസിൽ മൂന്നു വട്ടം വോട്ടിട്ടിട്ടും സ്‌പീക്കറെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല

യുഎസ് ഹൗസിൽ മൂന്നു വട്ടം വോട്ടിട്ടിട്ടും സ്‌പീക്കറെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല

റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം കൈവന്ന യുഎസ് ഹൗസിൽ ചൊവാഴ്ച മൂന്നു വട്ടം വോട്ടിട്ടിട്ടും പുതിയ സ്‌പീക്കറെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തിയെ പാർട്ടിയിലെ യാഥാസ്ഥിതിക വിഭാഗം കാലു വാരിയതിനെ തുടർന്ന് 435-അംഗ സഭയിൽ അദ്ദേഹത്തിനു ജയിക്കാൻ കിട്ടേണ്ട 218 തികഞ്ഞില്ല.

സ്‌പീക്കർ ഇല്ലാതെ അധോസഭയുടെ ഒരു നടപടിക്രമവും നടക്കില്ല എന്നതു കൊണ്ടു വോട്ടെടുപ്പ് ബുധനാഴ്ചയ്ക്കു നീട്ടി വച്ച് സഭ പിരിഞ്ഞു. ബുധനാഴ്ച സഭ വീണ്ടും കൂടുന്നതിനു മുൻപ് ഇടഞ്ഞു നിൽക്കുന്ന തീവ്ര വലതു പക്ഷവുമായി ഒത്തുതീർപ്പുണ്ടാക്കാൻ മക്കാർത്തിക്കു കഴിഞ്ഞില്ലെങ്കിൽ ഒരു പക്ഷെ അദ്ദേഹം പിന്മാറേണ്ടി വരാം. സ്‌പീക്കറെ നീക്കാൻ അഞ്ചു അംഗങ്ങൾ ഒന്നിച്ചാൽ മതി എന്ന വ്യവസ്ഥ വരെ മക്കാർത്തി സമ്മതിച്ചിരുന്നു. ഇപ്പോൾ സഭയുടെ പകുതി അംഗങ്ങൾ വേണം.

നൂറു വർഷത്തിനിടെ ആദ്യമായാണ് സ്‌പീക്കറെ തിരഞ്ഞെടുക്കാൻ കഴിയാത്ത സഭ പിരിയുന്നത്. ഡെമോക്രാറ്റുകൾ സെനറ്റ് നേടിയപ്പോഴും ഹൗസ്  കിട്ടിയതിൽ ആഹ്ളാദിച്ച റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ സംഭവവികാസം കനത്ത തിരിച്ചടിയായി.

ആദ്യ രണ്ടു റൗണ്ടിൽ 19 റിപ്പബ്ലിക്കൻ അംഗങ്ങൾ മക്കാർത്തിയെ എതിർത്തു വോട്ട് ചെയ്തെങ്കിൽ മൂന്നാം റൗണ്ടിൽ 20 പേരായി. കലിഫോണിയയിൽ നിന്നുള്ള മക്കാർത്തി (57) ആദ്യ രണ്ടു റൗണ്ടിൽ 203 നേടി; മൂന്നാം റൗണ്ടിൽ 202 വോട്ടും.

ഒഹായോ റിപ്പബ്ലിക്കൻ റെപ്. ജിം ജോർഡനു ആദ്യ രണ്ടു റൗണ്ടുകളിൽ 19 വോട്ടും പിന്നെ ഇരുപതും കിട്ടി. അദ്ദേഹത്തെ സ്പീക്കർ ആക്കണമെന്നു ഫ്ലോറിഡ റെപ്. മാറ്റ് ഗെയ്റ്സ് ആവശ്യപ്പെട്ടു. ജോർഡൻ പക്ഷെ സ്ഥാനാർത്ഥിയല്ല. മാത്രമല്ല, അദ്ദേഹം മക്കാർത്തിയെ തുണയ്ക്കുന്നു. അംഗമല്ലാത്ത ഒരാൾക്കു പോലും വോട്ട് ചെയ്യാം എന്നതാണ് സഭയുടെ നിയമം.

ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രിസിനു പാർട്ടിയുടെ 212 വോട്ടും ലഭിച്ചു.

ഡെമോക്രാറ്റിക് പാർട്ടിയുടെ നാണം കെടുത്താൻ നിരവധി അന്വേഷണങ്ങൾ തുടങ്ങി വയ്ക്കാനുള്ള അജണ്ടയാണ് വലതു പക്ഷം ആവശ്യപ്പെടുന്നത്. പ്രസിഡന്റ് ജോ ബൈഡനു ശേഷിക്കുന്ന രണ്ടു വർഷം  കൂച്ചുവിലങ്ങിടാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ മിതവാദിയായ മക്കാർത്തി അവർ ആവശ്യപ്പെടുന്ന അത്രയും പോകാൻ ഇടയില്ല എന്നതാണ് അവരുടെ പ്രശ്നം.

House chaos as GOP fails to elect Speaker

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular