Wednesday, May 8, 2024
HomeKeralaറബറില്‍ പ്രതീക്ഷ ചൈനയില്‍; കുരുമുളക് സ്ഥിരത കാത്തു

റബറില്‍ പ്രതീക്ഷ ചൈനയില്‍; കുരുമുളക് സ്ഥിരത കാത്തു

ഷ്യന്‍ റബര്‍ വിപണികളില്‍ ചൈനയുടെ തേരോട്ടം പ്രതീക്ഷിച്ച്‌ മുഖ്യഉത്പാദന രാജ്യങ്ങള്‍. വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞത് ചെറുകിട മില്ലുകാരെ കൊപ്രയില്‍ നിന്നും പിന്തിരിപ്പിക്കുന്നു.
ചുക്കുമായി ഉത്പാദകര്‍ വിപണിയില്‍ ഇറങ്ങി. കുരുമുളക് വിലയില്‍ മാറ്റമില്ല.

ലൂണാര്‍ പുതുവത്സരാഘോഷങ്ങള്‍ അവസാനിച്ചു, ചൈന വീണ്ടും പഴയ ചൈനയായി മാറാനുള്ള തയാറെടുപ്പിലാണ്. അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ വ്യവസായികള്‍ അന്താരാഷ്ട്ര വിപണിയിലേയ്ക്ക് ഈ വാരം വലതുകാല്‍വച്ചിറങ്ങുമെന്ന വിശ്വാസത്തിലാണ് ആഗോള റബര്‍ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തായ്ലന്‍ഡും ഇന്തോനേഷ്യയും മലേഷ്യയും.

മുന്ന് രാജ്യങ്ങളിലെയും വന്‍കിട റബര്‍ കയറ്റുമതിക്കാര്‍ ഇറക്കുമതിക്കാരെ ആകര്‍ഷിക്കും വിധത്തിലുള്ള ക്വട്ടേഷന്‍ ഇറക്കുമെന്നാണു ചൈനീസ് ടയര്‍ മേഖലയുടെ കണക്കു കൂട്ടല്‍. സീസണില്‍ സംഭരിച്ചുവെച്ച ഷീറ്റ് ഏത് വിധേനയും കപ്പല്‍ കയറ്റാനുള്ള ശ്രമത്തിലാണ് ഉത്പാദക രാജ്യങ്ങള്‍.

വിദേശ ഓര്‍ഡറുകളുടെ വരവിനുമുന്നേ ബാങ്കോക്കില്‍ റബര്‍വില കിലോ 155 രൂപയിലേയ്ക്ക് ഉയര്‍ന്നു. ജനുവരിയില്‍ റബര്‍ വില ഉയര്‍ന്നത് കിലോ 21 രൂപയാണ്. ജാപ്പനീസ് എക്സ്ചേഞ്ചില്‍ റബര്‍ അവധി കിലോ 220 യെന്നിലാണ്. വിപണിയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ 226-236 യെന്നിലേയ്ക്ക് വില ചുവടുവെക്കാം.

അപ്രതീക്ഷിത മഴ വാരമധ്യം ലഭ്യമായത് തോട്ടങ്ങളെ മൊത്തതില്‍ നനച്ചു. അടുത്ത വാരം വീണ്ടും മഴയ്ക്ക് സാധ്യത തെളിയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി നൂനമര്‍ദമായി മാറിയതോടെ ശ്രീലങ്കയിലേക്കു നീങ്ങുകയാണ്. വാരമധ്യത്തോടെ ഇത് കേരളതീരത്തെത്താന്‍ ഇടയുള്ളതിനാല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴസാധ്യതയേറും. ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദമാണിത്. കാലാവസ്ഥ അനുകൂലമായാല്‍ ടാപ്പിംഗ് ദിനങ്ങള്‍ ഉയര്‍ത്താം.

കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ വില 14,100 രൂപയില്‍ നിന്നും 14,300 ലേയ്ക്ക് കയറി. വിദേശ മാര്‍ക്കറ്റുകളിലെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ 15,000-15,200 റേഞ്ചിലേയ്ക്ക് ഉയരാം. അഞ്ചാം ഗ്രേഡ് 13,000-13,800 രൂപയില്‍ നിന്നും 13,500-14,100 രൂപയായി. ഒട്ടുപാല്‍ 200 രൂപ ഉയര്‍ന്ന് 10,000 രൂപയായി. ലാറ്റക്സ് 8900 രൂപയില്‍ സ്റ്റെഡിയാണെങ്കിലും മാസമധ്യത്തില്‍ വില 10,500 ന് മുകളില്‍ ഇടം പിടിക്കാന്‍ സാധ്യത. പകല്‍ ചൂട് കണക്കിലെടുത്താല്‍ ടാപ്പിംഗ് സ്തംഭിക്കുന്നതോടെ വില ഉയര്‍ത്തി ലാറ്റക്സ് ശേഖരിക്കാന്‍ വ്യവസായികള്‍ രംഗത്ത് എത്താം.

ചെറുകിട മില്ലുകാര്‍ കൊപ്ര വിപണികളില്‍ നിന്നും അല്പമകന്ന് നില്‍ക്കുകയാണ്. നാളികേര സീസണായതിനാല്‍ എണ്ണവില ഇടിയുമെന്ന ഭീതിതന്നെയാണ് വ്യവസായികളെ ചരക്ക് സംഭരണത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. കാങ്കയത്ത് എണ്ണ വില 11,700 ലേയ്ക്ക് താഴ്ന്നു. അവിടെ കൊപ്ര വില 8100 ലാണ്. തമിഴ്നാട് എണ്ണയ്ക്ക് ഇവിടെ ആവശ്യക്കാരുണ്ട്, താഴ്ന്ന വിലയാണ് അവരുടെ ഉത്പന്നത്തിന് ഡിമാന്‍ഡ് സൃഷ്ടിക്കുന്നത്. കൊച്ചിയില്‍ എണ്ണ 13,100 ലും കൊപ്ര 8400 ലുമാണ്.

ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും പുതിയ ചുക്ക് വില്പനയ്ക്കെത്തി. കോതമംഗലം മേഖലയിലെ ഉല്‍പാദകരാണ് ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കിയത്. കര്‍ണാടകത്തില്‍ നിന്നുള്ള ഇഞ്ചി ചുക്കാക്കിയാണ് അവര്‍ വില്പനയ്ക്ക് കൊണ്ടുന്നത്. അറബ് രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ച കയറ്റുമതിക്കാര്‍ രംഗത്തുണ്ട്. ശൈത്യം വിട്ടുമാറാത്തതിനാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുക്കിന് ഡിമാന്‍ഡുണ്ട്. വിവിധയിനം ചുക്ക് 15,500-17,500 രൂപ.

വിളവെടുപ്പ് പുരോഗമിക്കുകയാണെങ്കിലും കുറഞ്ഞ അളവില്‍ മാത്രമാണ് കുരുമുളക് വില്പയക്കെത്തുന്നത്. അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ രംഗത്തുണ്ടെങ്കിലും വിലയില്‍ മാറ്റത്തിന് അവര്‍ തയാറായിട്ടില്ല. ഉയര്‍ന്ന വില പ്രതീക്ഷിച്ച്‌ കാര്‍ഷിക മേഖല കരുതലോടെയാണ് ചരക്കിറക്കുന്നത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 49,600 രൂപയിലും ഗാര്‍ബിള്‍ഡ് 51,600 രൂപയിലും സ്റ്റെഡിയാണ്.

അന്താരാഷ്ട്ര വിപണിയില്‍ മലബാര്‍ മുളക് വില ടണ്ണിന് 6600 ഡോളറായി കയറി. ഇന്തോനേഷ്യ 3100 ഡോളറിനും ബ്രസീല്‍ 2800 ഡോളറിനും വിയറ്റ്നാം 3250 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തായി യുറോപ്യന്‍ റീസെല്ലര്‍മാര്‍. വിയെറ്റ്നാമില്‍ നിന്നുള്ള പുതിയ മുളക് വരവിനായി ഇറക്കുമതിക്കാര്‍ കാത്ത് നില്‍ക്കുകയാണ്. ഇതിനിടയില്‍ ഈസ്റ്റര്‍ ആവശ്യങ്ങള്‍ക്കുള്ള ചരക്കിന് ഇറക്കുമതിക്കാര്‍ ബ്രസീലിനെ സമീപിച്ചതായാണ് വിവരം. അവരുടെ താഴ്ന്ന വില തന്നെയാണ് വാങ്ങലുകാരെ ആകര്‍ഷിക്കുന്നത്.

ആഭ്യന്തര വിദേശ വിപണികളില്‍ നിന്നും ജാതിക്ക, ജാതിപത്രിക്കും അന്വേഷണങ്ങളുണ്ട്, എന്നാല്‍, വിലയില്‍ മാറ്റമില്ല. മധ്യകേരളത്തിലെ വിപണികളില്‍ ചരക്ക് വരവ് കുറഞ്ഞതിനാല്‍ വാങ്ങലുകാര്‍ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകള്‍.

വിളവെടുപ്പ് നിലച്ചെങ്കിലും ലേല കേന്ദ്രങ്ങളില്‍ ഏലക്കയുടെ വരവ് പല അവസരത്തിലും ഉയര്‍ന്ന അളവിലായിരുന്നു. എന്നാല്‍, വാരാവസാനം വരവ് പെടുന്നനെ കുറഞ്ഞത് ശരാശരി ഇനങ്ങളെ കിലോ 1200 ലേയ്ക്ക് ഉയര്‍ത്തി. ഈ വാരം വീണ്ടും വരവ് ഉയര്‍ന്നാല്‍ വാങ്ങലുകാര്‍ നിരക്ക് ഇടിക്കാന്‍ ശ്രമം നടത്താം. മാസമധ്യം വരെ ചരക്ക് നീക്കം നിയന്ത്രിക്കാനായാല്‍ 1200-1400 ലേയ്ക്ക് ഏലക്കയെ ഉയര്‍ത്താനാവും. കയറ്റുമതിക്കാര്‍ ചരക്ക് സംഭരിക്കുന്നുണ്ട്. ശനിയാഴ്ച വണ്ടന്‍മേട് നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 1214 രൂപയായും മികച്ചയിനങ്ങള്‍ 1670 രൂപയിലുമാണ് ലേലത്തില്‍പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular