Thursday, May 2, 2024
HomeIndiaനിർമല സീതാരാമന്റെ പ്രസ്താവന തീവ്രവാദി അജണ്ടയുടെ ഭാഗമെന്നു മുസ്ലിം കൗൺസിൽ

നിർമല സീതാരാമന്റെ പ്രസ്താവന തീവ്രവാദി അജണ്ടയുടെ ഭാഗമെന്നു മുസ്ലിം കൗൺസിൽ

ഇന്ത്യൻ ധനകാര്യ മന്ത്രിയും ബി ജെ പി നേതാവുമായ നിർമല സീതാരാമൻ ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ചു നടത്തിയ പ്രസ്‌താവനയെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (ഐ എ എം സി) അപലപിച്ചു. ഇന്ത്യയിൽ മുസ്ലിംകൾ അക്രമത്തിനും പീഡനത്തിനും ഇരയാവുന്നു എന്ന റിപ്പോർട്ടുകൾ നിഷേധിച്ച കേന്ദ്രമന്ത്രി അതിനു തെളിവായി ചൂണ്ടിക്കാട്ടിയത് ആ സമുദായത്തിൽ ജനസംഖ്യ വർധിക്കുന്നു എന്നാണ്.

വാഷിംഗ്‌ടണിൽ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്‌സിൽ (പി ഐ ഐ ഇ) സംസാരിക്കുമ്പോൾ, ഇന്ത്യയെ കുറിച്ചു പാശ്ചാത്യ ലോകത്തു വാസ്തവവിരുദ്ധമായ കാഴ്ചപ്പാടാണ് ഉള്ളതെന്നു സീതാരാമൻ പറഞ്ഞു. മുസ്ലിം പീഡനം ഉൾപ്പെടെ ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചു പാശ്ചാത്യ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ വിദേശത്തു നിന്നുള്ള നിക്ഷേപങ്ങളെ എങ്ങിനെ ബാധിക്കുന്നു എന്നു പി ഐ ഐ ഇ പ്രസിഡന്റ് ആഡം എസ്. പോസെൻ ചോദിച്ചപ്പോഴാണ് മന്ത്രി അങ്ങിനെ പ്രതികരിച്ചത്.

ഇന്ത്യയിൽ മുസ്ലിംകളെ പീഡിപ്പിക്കുന്നു എന്നതു വാസ്തവമല്ല എന്ന് അവർ തറപ്പിച്ചു പറഞ്ഞു. ആ വാദത്തിനു പിൻബലം നൽകാനാണ് മുസ്ലിം ജനസംഖ്യ ഉയർന്നു കൊണ്ടേയിരിക്കുന്നു എന്ന ‘വലതു തീവ്രവാദികളുടെ’ ആശയം അവർ ഉന്നയിച്ചതെന്നു ഐ ആം എം സി പറയുന്നു.

സീതാരാമൻ പറഞ്ഞത്: “താങ്കൾ പറഞ്ഞ കാഴ്ചപ്പാട് ഞാൻ അംഗീകരിക്കുന്നതേയില്ല. ഇന്ത്യയിൽ ലോകത്തെ രണ്ടാമത്തെ ഏറ്റവും ഉയർന്ന മുസ്ലിം ജനസംഖ്യ ഉണ്ട്. അതു വളർന്നു കൊണ്ടിരിക്കയുമാണ്.”

എന്നാൽ സത്യം അതല്ലെന്നു ഐ എ എം സി ചൂണ്ടിക്കാട്ടി. എക്സിക്യൂട്ടീവ് ഡയറക്ടർ റഷീദ് അഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു: “2001-2011 സെൻസസ് ഡാറ്റ അനുസരിച്ചു മുസ്ലിം ജനസംഖ്യാ വർധന അതിന്റെ മുൻപത്തെ ദശകത്തെ അപേക്ഷിച്ചു 5% കുറഞ്ഞു — 29.5%ൽ നിന്ന് 24.6%ലേക്ക്.

“ഇന്ത്യൻ ദേശീയ കുടുംബാരോഗ്യ സർവേയിലെ ഡാറ്റ കാണിക്കുന്നത് കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ മുസ്ലിംകളുടെ പ്രത്യുത്പാദന നിരക്ക് ഹിന്ദുക്കൾ ഉൾപ്പെടെ മറ്റെല്ലാ മതവിഭാഗങ്ങളെയും അപേക്ഷിച്ചു കുറഞ്ഞുവെന്നാണ്. 1998-99 ൽ അത് 3.6 ആയിരുന്നെങ്കിൽ 2019-21ൽ 2.36 ആയി.

“സീതാരാമന്റെ പ്രസ്‌താവന ഹിന്ദു തീവ്രവാദികളുടെ പ്രിയപ്പെട്ട പ്രചാരണമാണ് — ഹിന്ദുക്കളേക്കാൾ വേഗത്തിൽ മുസ്ലിംകൾ വർധിക്കുന്നു എന്ന്. മുസ്ലിംകളോടുള്ള വിദ്വേഷം വർധിപ്പിച്ചു അവരെ ആക്രമിക്കാൻ ന്യായമുണ്ടാക്കുക എന്നതാണ് തീവ്രവാദികളുടെ ലക്‌ഷ്യം.

“ജനസംഖ്യാ വർധന എന്ന സീതാരാമന്റെ വാദം ഒരു മിഥ്യയാണ്. ഇന്ത്യയിലെ മുസ്ലിംകളെ ആസൂത്രിതമായി പീഡിപ്പിക്കുന്നതിനു കണ്ടെത്തിയ മിഥ്യ.

“സീതാരാമൻ കരുതിക്കൂട്ടി അജ്ഞത നടിക്കയാണ്. ആധികാരിക കേന്ദ്രങ്ങൾ നൽകിയിട്ടുള്ള വിവരങ്ങൾ കണ്ടില്ലെന്നു നടിച്ചു വലതു തീവ്രവാദികളുടെ അക്രമ രാഷ്ട്രീയത്തിനു പിൻബലം നൽകുകയാണ്. യുഎൻ സ്പെഷ്യൽ റാപ്പോർട്ടേഴ്‌സ്, യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ, യുഎസ് വിദേശകാര്യ വകുപ്പ്, ഹ്യുമൻ റൈറ്സ് വാച്ച്, ആംനസ്റ്റി തുടങ്ങിയ ആധികാരിക ഉറവിടങ്ങളെ അവർ കരുതിക്കൂട്ടി തള്ളുന്നു. ഇന്ത്യയിൽ ബി ജെ പി സർക്കാർ മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു എതിരെ പരസ്യമായി തന്നെ വിഭജനവും വിവേചനവും നടപ്പാക്കുന്നു എന്ന് ഈ റിപോർട്ടുകൾ പറയുന്നുണ്ട്.

“പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ റജിസ്റ്റർ തുടങ്ങിയ വിവേചന നിയമങ്ങൾ ബി ജെ പി സർക്കാർ കൊണ്ടുവന്നു. മുസ്ലിംകളെ ഇന്ത്യയിൽ നിന്നു പിഴുതെറിയാനുള്ള നിയമങ്ങളാണിവ. രാജ്യമൊട്ടാകെ പ്രതിഷേധത്തിന് അവ വഴിവച്ചു.

“ഗോമാംസ നിരോധനം, മത പരിവർത്തന നിരോധനം, കർണാടകയിലെ ശിരോവസ്ത്ര നിരോധനം തുടങ്ങിയവ ആ സമൂഹത്തെ ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.

“ആർ എസ് എസ്-ബി ജെപി ബന്ധമുള്ള സംഘടനകൾക്കു മുസ്ലിംകൾക്കെതിരെ എന്ത് അതിക്രമം കാട്ടുവാനും അനുമതി നൽകിയിട്ടുണ്ട്. കൂട്ടം ചേർന്നു കൊല്ലുക, വീടുകളും കച്ചവട സ്ഥാപനങ്ങളും തകർക്കുക ഇവയൊക്കെ അവർ നിർബാധം തുടരുന്നു.

കോടതി വിമർശിച്ചു 

“അതിക്രമങ്ങൾ തടയാൻ ശ്രമിക്കാത്ത സർക്കാറിന്റെ നിഷ്ക്രിയത്വത്തെ രണ്ടാഴ്ച മുൻപ് സുപ്രീം കോടതി വിമർശിച്ചിരുന്നു. സീതാരാമൻ പ്രസംഗിക്കുന്നതിനു മുൻപാണ് രാമ നവമിക്കു ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിലെങ്കിലും മുസ്ലിം കേന്ദ്രങ്ങളിൽ ഹിന്ദു തീവ്രവാദികൾ ആക്രമണം നടത്തിയത്. പള്ളികൾ മലിനമാക്കി, വീടുകൾ തകർത്തു. വ്യക്തമായ ആക്രമണ പദ്ധതിയുടെ തെളിവാണിത്.”

സീതാരാമന്റെ നിർവികാരവും നിരുത്തരവാദപരവുമായ പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെടണമെന്നു ഐ എ എം സി ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

IAMC condemns Sitaraman’s denial of Muslim persecution

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular