Wednesday, May 22, 2024
HomeKeralaകോണ്‍ഗ്രസിനായി എന്ത് വിട്ടുവീഴ്ചയ്ക്കും തയാര്‍: എം.എ. ബേബിയുടെ പ്രസ്താവനയില്‍ സിപിഎം നേതൃത്വം വെട്ടിലായി

കോണ്‍ഗ്രസിനായി എന്ത് വിട്ടുവീഴ്ചയ്ക്കും തയാര്‍: എം.എ. ബേബിയുടെ പ്രസ്താവനയില്‍ സിപിഎം നേതൃത്വം വെട്ടിലായി

തൃശൂര്‍: കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന സിപിഎം പിബി അംഗം എം.എ. ബേബിയുടെ പ്രസ്താവന പാര്‍ട്ടി സംസ്ഥാന ഘടകത്തെ വെട്ടിലാക്കുന്നു.

ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ബദലാകാനോ മൂന്നാം മുന്നണിക്ക് നേതൃത്വം നല്കാനോ സിപിഎമ്മിന് കഴിയില്ലെന്നും സിപിഎം കോണ്‍ഗ്രസിനെ നിരുപാധികം പിന്തുണക്കുമെന്നുമാണ് എം.എ. ബേബി പറഞ്ഞത്.

കോണ്‍ഗ്രസ് സഖ്യത്തിനായി എന്ത് വിട്ടുവീഴ്ചക്കും പാര്‍ട്ടി തയാറാണ്. ത്രിപുരയില്‍ പാര്‍ട്ടി സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുത്ത കാര്യവും ബേബി ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള കേരള നേതാക്കളുടെ നിലപാടിന് വിരുദ്ധമാണിത്. തൃശൂരില്‍ ഇഎംഎസ് സ്മൃതി ഉദ്ഘാടന വേദിയിലായിരുന്നു എം.എ ബബിയുടെ പരാമര്‍ശം.

2004 ല്‍ സിപിഎം കോണ്‍ഗ്രസിനെ നിരുപാധികം പിന്തുണച്ചിരുന്നു. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ത്രിപുരയിലും ബംഗാളിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നയിക്കട്ടെ. സിപിഎം പിന്തുണക്കും എന്നാണ് ബേബി പറഞ്ഞത്. ഇക്കാര്യത്തില്‍ സിപിഎം ദേശീയ നേതൃത്വവും സംസ്ഥാന ഘടകവും തമ്മില്‍ രൂക്ഷമായ ഭിന്നത നേരത്തെ തന്നെ നിലവിലുണ്ട്. മൂന്നാം മുന്നണിയെന്ന നിലപാടാണ് പിണറായിയും സംസ്ഥാന ഘടകവും ആവര്‍ത്തിക്കുന്നത്.

കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാകാനില്ലെന്ന് നിലപാടെടുത്ത തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സംഘടിപ്പിച്ച റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പിബി അംഗമായ എം.എ. ബേബി ഇപ്പോള്‍ ദേശീയ ഘടകത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്.

സീതാറാം യെച്ചൂരിക്ക് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്ന് കരുതുന്നയാളാണ് ബേബി. പാര്‍ട്ടിയില്‍ പിണറായി വിരുദ്ധ ചേരിക്ക് നേതൃത്വം നല്കുന്നയാളുമാണ്. ആ നിലക്ക് പാര്‍ട്ടിക്കുള്ളില്‍ തുറന്നപോരിനുള്ള ശ്രമമാണ് ബേബി നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസുമായി പരസ്യ സഖ്യമുണ്ടാക്കുന്നത് ഭാവിയില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയപ്രസക്തി നഷ്ടപ്പെടുത്തുമെന്നും ബിജെപിക്കായിരിക്കും നേട്ടമെന്നുമാണ് സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം.

അതേസമയം കോണ്‍ഗ്രസുമായി രഹസ്യ നീക്കുപോക്കിന് സംസ്ഥാന ഘടകം തയാറാണ്. ബിജെപിക്ക് ജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളും വോട്ട് മറിക്കുന്നത് സ്ഥിരം സംഭവമാണ്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും സിപിഎം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് മറിച്ചെന്ന് ഇടതു സ്ഥാനാര്‍ഥികള്‍ തന്നെ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടും സിപിഎം കോണ്‍ഗ്രസിന് വോട്ട് നല്കി. നേമത്തും തൃശൂരും ഇടത് സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ നല്കി. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഈ പരസ്പരധാരണ കേരളത്തില്‍ പതിറ്റാണ്ടുകളായി നിലവിലുണ്ട്.

എന്നാല്‍ ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ ഇരുകൂട്ടരും തയാറല്ല. ഈ രഹസ്യ നീക്കുപോക്ക് തുടര്‍ന്നാല്‍ മതിയെന്നാണ് പിണറായിയും സംസ്ഥാന ഘടകവും നിര്‍ദേശിക്കുന്നത്. ത്രിപുരയിലും ബംഗാളിലും കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കിയില്ലെന്നും ഇവര്‍ വാദിക്കുന്നു. വരുംദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം രൂക്ഷമാകാനാണ് സാധ്യത. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് സഖ്യത്തിനായി വാദിക്കുമ്ബോള്‍ പ്രകാശ് കാരാട്ട് കേരള ഘടകത്തിന്റെ നിലപാടിനൊപ്പമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular