Friday, May 3, 2024
HomeUSA'ട്രംപിംഗ്‌ടണ്‍ കുരിശ് ശവസംസ്‌കാരം'; 1400 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന പെണ്‍കുട്ടിയുടെ ചുരുളഴിയാത്ത രഹസ്യം, മുഖം പുനര്‍നിര്‍മിച്ചപ്പോള്‍...

‘ട്രംപിംഗ്‌ടണ്‍ കുരിശ് ശവസംസ്‌കാരം’; 1400 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന പെണ്‍കുട്ടിയുടെ ചുരുളഴിയാത്ത രഹസ്യം, മുഖം പുനര്‍നിര്‍മിച്ചപ്പോള്‍ കണ്ടത്

ണ്ടൻ: അടക്കം ചെയ്ത് 1400 വര്‍ഷങ്ങള്‍ക്ക് ശേഷം പതിനാറുകാരിയുടെ മുഖം പുനര്‍നിര്‍മിച്ചു. 2012ല്‍ കേംബ്രിഡ്‌ജിലെ ട്രംപിംഗ്‌ടണ്‍ മീഡോസ് ആംഗ്ളോ സാക്‌സണ്‍ ശ്‌മശാനത്തില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നാണ് മുഖം പുനര്‍നിര്‍മിച്ചത്.

കേംബ്രിഡ്‌ജ് ആര്‍ക്കിയോളജിക്കല്‍ യൂണിറ്റാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

പെണ്‍കുട്ടി ഏഴാം നൂറ്റാണ്ടിലെ മൂന്നാം പാദത്തില്‍ ജീവിച്ചിരുന്നുവെന്ന് മൃതദേഹാവശിഷ്ടത്തില്‍ കണ്ടെത്തിയ അത്യപൂര്‍വ്വവും അതുല്യവുമായ സ്വര്‍ണക്കുരിശ് സൂചന നല്‍കുന്നു. അതിനാല്‍ തന്നെ ഇംഗ്ളണ്ടിലെ ആദ്യ ക്രിസ്‌ത്യാനികളില്‍ ഒരാളാണ് പെണ്‍കുട്ടിയെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. പെണ്‍കുട്ടിയുടെ മുഖം പുനര്‍നിര്‍മിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ടയാള്‍ ഫോറൻസിക് ആര്‍ട്ടിസ്റ്റായ ഹ്യു മോറിസണ്‍ ആണ്.

പെണ്‍കുട്ടിയുടെ തലയോട്ടിയുടെയും മറ്റും അളവുകളെടുത്താണ് പുനര്‍നിര്‍മാണം നടത്തിയത്. അതേസമയം, ഡി എൻ എയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാത്തതിനാല്‍ കണ്ണ്, മുടിയുടെ നിറം എന്നിവ എങ്ങനെയാണെന്നുള്ളത് സ്ഥിരീകരിക്കാനായില്ല. പെണ്‍കുട്ടി മരിക്കുന്നതിന് തൊട്ടുമുൻപുണ്ടായിരുന്ന രൂപഘടന മനസിലാക്കിയാണ് മുഖം പുനര്‍നിര്‍മിച്ചത്.

പെണ്‍കുട്ടിയുടെ എല്ലുകള്‍, പല്ലുകള്‍ എന്നിവയില്‍ നടത്തിയ വിശകലനത്തില്‍ ഏഴ് വയസിനുശേഷം ദക്ഷിണ ജര്‍മനിയില്‍ നിന്ന് പെണ്‍കുട്ടി ഇംഗ്ളണ്ടിലേയ്ക്ക് താമസം മാറിയെന്ന് ഗവേഷകര്‍ കരുതുന്നു. ഇംഗ്ളണ്ടിലേയ്ക്ക് വന്നതിനുശേഷം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു. മരണത്തിന് തൊട്ടുമുൻപാണ് ഈ മാറ്റങ്ങള്‍ സംഭവിച്ചതെന്നും പഠനത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായിരുന്നു. വളരെദൂരം അറിയാത്ത സ്ഥലത്തേയ്ക്ക് യാത്ര ചെയ്തു. അവള്‍ കഴിച്ചിരുന്ന ആഹാരം പോലും വ്യത്യസ്തമായിരുന്നുവെന്ന് പഠനത്തില്‍ മനസിലാക്കിയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അസുഖം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് നിഗമനം.

പ്രത്യേകമായ രീതിയിലായിരുന്നു പെണ്‍കുട്ടിയെ അടക്കം ചെയ്തിരുന്നത്. ഒരു തടിക്കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹാവശിഷ്ടം. സ്വര്‍ണക്കുരിശ്, സ്വര്‍ണ പിന്നുകള്‍, നല്ല വസ്ത്രങ്ങള്‍ എന്നിവ ധരിച്ചിരുന്നു. യു കെയില്‍ കണ്ടെത്തിയ 18 ‘കിടക്ക’ ശ്മശാനങ്ങളില്‍ ഒന്നാണ് പെണ്‍കുട്ടിയുടേത്. സ്വര്‍ണവും മാണിക്യവും കൊണ്ടുണ്ടാക്കിയ കുരിശ് പെണ്‍കുട്ടി രാജകുടുംബത്തിലെയോ പ്രഭുകുടുംബത്തിലെയോ അംഗമായിരുന്നെന്ന് സൂചന നല്‍കുന്നു. ഇത്തരത്തിലുള്ള ആകെ അഞ്ച് കുരിശുകളാണ് ബ്രിട്ടനില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

സാമ്ബത്തികമായി ഉയര്‍ന്ന കുറച്ച്‌ സ‌ത്രീകളുടെ കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ഇതെന്നും യൂറോപ്പിലെ മലനിരകളില്‍ നിന്ന് ഇവര്‍ ജര്‍മനിയിലേയ്ക്ക് പോവുകയായിരുന്നെന്നും പഠനത്തില്‍ ഗവേഷകര്‍ വിശകലനം ചെയ്യുന്നു. ക്രിസ്‌ത്യൻ പള്ളിയുമായി ബന്ധപ്പെട്ട് ഇവര്‍ യാത്ര ചെയ്യുകയായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular