Sunday, June 2, 2024
HomeKeralaഭഗവാന്‌ തൂശനിലയില്‍ സദ്യ വിളമ്ബി: ആറന്മുള വള്ളസദ്യയ്‌ക്ക് തുടക്കമായി

ഭഗവാന്‌ തൂശനിലയില്‍ സദ്യ വിളമ്ബി: ആറന്മുള വള്ളസദ്യയ്‌ക്ക് തുടക്കമായി

കോഴഞ്ചേരി: പാര്‍ഥ സാരഥിയാം കൃഷ്‌ണനെ മനം നിറയുന്ന ഭക്‌തിയില്‍ ധ്യാനിച്ച്‌ ഭഗവാന്‌ അഭീഷ്‌ടകാര്യ സിദ്ധിയ്‌ക്കായി തൂശനിലയില്‍ സദ്യ വിളമ്ബിയതോടെ വള്ളസദ്യ കാലത്തിന്‌ തുടക്കമായി.

ഇനി 72 നാള്‍ പമ്ബാ തീരത്ത്‌ ഉത്സവകാലം.ആദ്യ ദിവസം 10 ഭക്‌തരാണ്‌ പാര്‍ഥസാരഥി സ്‌മരണയില്‍ കോയിപ്പുറം, തെക്കേമുറി, വെണ്‍പാല,ആറാട്ടുപുഴ, കീഴ്‌ച്ചേരിമേല്‍, മാരാമണ്‍, മല്ലപ്പുഴശ്ശേരി, ഇടക്കുളം, ഇടപ്പാവൂര്‍, തെക്കേമുറി കിഴക്ക്‌ എന്നീ പള്ളിയോടങ്ങള്‍ക്ക്‌ വള്ളസദ്യ നടത്തിയത്‌.

ക്ഷേത്രാങ്കണത്തില്‍ കൊടിമരച്ചുവട്ടില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌ ഡോ. എം. ശശികുമാര്‍ ആദ്യ സമര്‍പ്പണം നിര്‍വഹിച്ചു. പള്ളിയോടത്തില്‍ എത്തുന്നവരോടൊപ്പം അന്നദാനപ്രഭുവായ തിരുവാറന്മുളയപ്പനും ഉണ്ടാകുമെന്നാണ്‌ വിശ്വാസം. 52 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ ഇക്കാലയളവില്‍ വഴിപാട്‌ സദ്യ സ്വീകരിക്കാനും തിരുവാറന്മുളയപ്പദര്‌ശനത്തിനുമായി തിരുമുറ്റത്തെത്തും. ആചാരപരമായ ചടങ്ങുകളാണ്‌ ഓരോ ദിവസവും പുലര്‍ച്ചെ ഗണപതി ഹോമം മുതല്‍ ക്ഷേത്രത്തിലും പള്ളിയോടങ്ങളിലുമായി നടക്കുന്നത്‌. രാവിലെ പറ നിറക്കുന്ന ചടങ്ങുകളും നടക്കും. സദ്യയ്‌ക്ക് ശേഷം പറ തളിച്ച്‌ പ്രസാദം വാങ്ങി വഴിപാട്‌ സ്വീകരിക്കാന്‍ പള്ളിയോടത്തില്‍ എത്തുന്ന കരക്കാരെ തിരികെ യാത്രയാക്കുന്നത്‌ വരെ ചടങ്ങുകള്‍ തുടരും.

ഇലയില്‍ വിളമ്ബുന്ന 44 ന്‌ പുറമേ പാടി ചോദിക്കുന്ന ഇരുപതും ഉള്‍പ്പെടെ 64 വിഭവങ്ങളാണ്‌ വള്ളസദ്യയില്‍ ഉള്‍പ്പെടുന്നത്‌. പള്ളിയോടങ്ങളിലെത്തുന്ന കരക്കാര്‍ക്ക്‌ വടക്കേ നടയിലെ പമ്ബയുടെ കടവില്‍ ആതിഥ്യമരുളിയാണ്‌ ക്ഷേത്രത്തിലേക്ക്‌ ആനയിക്കുക. ഇവര്‍ താലപ്പൊലിയുടെയും വാദ്യ മേളങ്ങളുടെയും അകമ്ബടിയില്‍ വഞ്ചിപ്പാട്ട്‌ പാടി ക്ഷേത്രത്തിന്‌ പ്രദക്ഷിണം നടത്തും. ആചാരനുഷ്‌ഠാനങ്ങളുടെ പ്രൗഢിയിലാണ്‌ ചടങ്ങുകള്‍. വഴിപാട്‌ നടത്തുന്ന ആള്‍ ക്ഷേത്രസന്നിധിയിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെയാണ്‌ ചടങ്ങുകളുടെ ആദ്യഘട്ടം. രണ്ടു നിറപറകളില്‍ ഒന്ന്‌ ഭഗവാനും അടുത്തത്‌ പള്ളിയോടക്കരയ്‌ക്കുമാണ്‌.

മേല്‍ശാന്തി പൂജിച്ച്‌ നല്‍കുന്ന മാലയുമായി വഴിപാടുകാര്‍ പള്ളിയോടക്കരയിലേക്കെത്തും. വെറ്റിലയും പുകയിലയും ദക്ഷിണ ആയി കരനാഥന്‍മാര്‍ക്ക്‌ നല്‍കി പള്ളിയോടം ക്ഷേത്ര സന്നിധിയിലേക്ക്‌ യാത്രയാക്കും. വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ പള്ളിയോടം ആറന്മുളയിലേക്ക്‌ പുറപ്പെടും. വഴിപാടുകാരന്റെ നേതൃത്വത്തില്‍ അഷ്‌ടമംഗല്യം, വിളക്ക്‌, താലപ്പൊലി, വായ്‌ക്കുരവ, മുത്തുക്കുട, നാഗസ്വരമേളം എന്നിവയോടെ കരക്കാരെ ക്ഷേത്രക്കടവില്‍ സ്വീകരിക്കും.

ഗജ മണ്ഡപത്തില്‍ പറ സമര്‍പ്പിച്ചതിനു സമീപം മുത്തുക്കുടയും പള്ളിയോടം തുഴയുന്ന നയമ്ബ്‌ പ്രതീകാത്മകമായി സമര്‍പ്പിക്കും. വഞ്ചിപ്പാട്ടുകളുടെ അലയൊലി ക്ഷേത്രത്തെ ഭക്‌തി സാന്ദ്രമാക്കും. തുടര്‍ന്ന്‌ വഴിപാട്‌ സമര്‍പ്പിച്ച ഭക്‌തന്‍ കരക്കാരെ ഊട്ടുപുരയിലേക്ക്‌ ക്ഷണിക്കും. അഭീഷ്‌ടകാര്യസിദ്ധി, സന്താനലബ്‌ധി, സര്‍പ്പദോഷ പരിഹാരം എന്നിവയ്‌ക്കായി ഭക്‌തര്‍ സമര്‍പ്പിക്കുന്നതാണ്‌ വള്ളസദ്യ വഴിപാട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular