Friday, May 3, 2024
HomeIndiaഇനി സൂര്യനിലേയ്ക്ക്; ആദിത്യ എല്‍ 1 വിക്ഷേപണം സെപ്‌തംബര്‍ രണ്ടിന് ശ്രീഹരിക്കോട്ടയില്‍ നിന്ന്, പൊതുജനങ്ങള്‍ക്ക് കാണാന്‍...

ഇനി സൂര്യനിലേയ്ക്ക്; ആദിത്യ എല്‍ 1 വിക്ഷേപണം സെപ്‌തംബര്‍ രണ്ടിന് ശ്രീഹരിക്കോട്ടയില്‍ നിന്ന്, പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം

മരാവതി: സൂര്യനെക്കുറിച്ചുള്ള പഠനത്തിന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ആദിത്യ എല്‍-1 സെപ്‌തംബര്‍ രണ്ട് ശനിയാഴ്‌ച വിക്ഷേപിക്കും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ രാവിലെ 11.50നാണ് വിക്ഷേപണം നടക്കുകയെന്ന് ഐ എസ് ആര്‍ ഒ പ്രഖ്യാപിച്ചു. പി എസ് എല്‍ വി എക്‌സ് എല്‍ ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് ഗാലറിയിലിരുന്ന് പൊതുജനങ്ങള്‍ക്ക് വിക്ഷേപണം കാണാനും അവസരമുണ്ട്.

യു.ആര്‍. റാവു സാറ്റലൈറ്റ് കേന്ദ്രത്തില്‍ നിര്‍മ്മിച്ച ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയിലെ സ്‌പെയ്സ്‌ പോര്‍ട്ടില്‍ എത്തിച്ചിരുന്നു. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള 5 ലാഗ്‌റേഞ്ച് പോയിന്റുകളില്‍ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയില്‍ നിന്ന് ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ്. ഗ്രഹണം അടക്കമുള്ള തടസങ്ങള്‍ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കും.

സൂര്യനെയും ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളുമാണ് പേടകം വഴി നിരീക്ഷിക്കുക. ഫോട്ടോസ്‌ഫിയര്‍, ക്രോമോസ്‌ഫിയര്‍, സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡല മാപിനികള്‍ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകള്‍ പേടകത്തിലുണ്ടാകും. ഇതില്‍ നാല് പേലോഡുകള്‍ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.

കൊറോണല്‍ ഹീറ്റിംഗ് മൂലമുള്ള പ്രശ്നങ്ങള്‍, കൊറോണല്‍ മാസ് ഇജക്ഷൻ, പ്രിഫ്‌ളെയര്‍, ഫ്‌ളെയര്‍ പ്രവര്‍ത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചുമെല്ലാം നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാൻ സൗരദൗത്യത്തിലൂടെ കഴിഞ്ഞേക്കും. ഇതിനുപുറമെ ഗഗൻയാനുമായി ബന്ധപ്പെട്ട വിക്ഷേപണ പരീക്ഷണങ്ങളും നാസയുമായി ചേര്‍ന്നുള്ള നിസാര്‍ ഉപഗ്രഹ വിക്ഷേപണം, ബഹിരാകാശ വികിരണങ്ങളെ കുറിച്ച്‌ പഠിക്കുന്ന എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് എന്നിവയും ഈ വര്‍ഷം വിക്ഷേപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular