Thursday, May 2, 2024
HomeKeralaആറേശ്വരം വനത്തില്‍ ചന്ദനം മുറിച്ചുകൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

ആറേശ്വരം വനത്തില്‍ ചന്ദനം മുറിച്ചുകൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

തൃശൂര്‍: കൊടകര കോടശേരി റിസര്‍വ് വനത്തിലെ ചുങ്കാല്‍ പ്രദേശത്തുനിന്ന് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്ന രണ്ടുപേരെ വനംവകുപ്പധികൃതര്‍ സാഹസികമായി പിടികൂടി.

സേലം ഏര്‍ക്കാട് കുത്തുമൂത്തൂല്‍ സ്വദേശി മാതേശ്വരന്‍(36) , ഏര്‍ക്കാട് മാരാമംഗലം സ്വദേശി ദേവേന്ദ്രന്‍(34) എന്നിവരാണ് പിടിയിലായത്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിനിടെ ചന്ദനമോഷ്ടാക്കളുടെ ആക്രമണത്തില്‍ വനപാലക സംഘത്തിലെ നാലുപേര്‍ക്കു പരിക്കേറ്റു. സെക്‌ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സനീഷ്‌കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ വി.എന്‍.വിനോദ്കുമാര്‍, അഭിലാഷ്, താല്‍ക്കാലിക വാച്ചര്‍ ടി.ആര്‍. അഖില്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരില്‍ വിനോദ്കുമാറിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലും മറ്റു മൂന്നുപേരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് പ്രതികളെ പിടികൂടിയത്. ഫോറസ്റ്റര്‍ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ പട്രോളിങ്ങ് നടത്തുന്നതിനിടെ ആറേശ്വരം വനത്തിലെ ടവറിനു താഴെയുള്ള ഭാഗത്ത് മരം മുറിക്കുന്ന ശബ്ദം കേട്ടാണ് വനപാലകര്‍ എത്തിയത്. മോഷണസംഘത്തിലുണ്ടായിരുന്ന നാലുപേര്‍ ചേര്‍ന്നാണ് ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ചന്ദനം മുറിച്ചുകൊണ്ടിരുന്നത്. വനപാലകരെ കണ്ട മോഷ്ടാക്കള്‍ ഇവരെ ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന വനപാലകര്‍ക്ക് സംഘത്തിലെ രണ്ടുപേരെ മാത്രമേ പിടികൂടാനായുള്ളു. മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍. പ്രദീപ് അറിയിച്ചു.

ഈ മാസം എട്ടിനും 11നുമായി ഈ പ്രദേശത്തുനിന്ന് ഒമ്ബത് ചന്ദനമരങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പിടിയിലായവര്‍ തന്നെയാണ് നേരത്തേ നടന്ന ചന്ദനമോഷണത്തിനു പിന്നിലുള്ളതെന്നാണ് വനപാലകര്‍ സംശയിക്കുന്നത്. ചന്ദനമരം മുറിക്കാനുപയോഗിച്ച വാള്‍, വെട്ടുകത്തി, ആക്രമണത്തിനുപയോഗിച്ച കമ്ബിവടി, വടിവാള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മോഷ്ടാക്കള്‍ മുറിച്ചു കഷണങ്ങളാക്കിയ നിലയിലുള്ള ചന്ദനമരങ്ങളും പിടിച്ചെടുത്തു. പ്രതികളെ ഇന്ന് കോടതയില്‍ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular