Friday, May 3, 2024
HomeKeralaകേരളം ഭയപ്പെടണം. മലനിരകള്‍ ഉരുള്‍ ഭീതിയില്‍

കേരളം ഭയപ്പെടണം. മലനിരകള്‍ ഉരുള്‍ ഭീതിയില്‍

കേരളം ഭയപ്പെടണം. ഒരു മഴപെയ്താല്‍ ഉരുള്‍പൊട്ടല്‍ സംഭവിക്കാവുന്ന സ്ഥിതിയിലാണ് കേരളത്തിന്റെ മലനിരകള്‍.  മഴവിസ്‌ഫോടനങ്ങളും കനത്തമഴയും ഉരുള്‍പൊട്ടല്‍സാധ്യത  വര്‍ധിപ്പിക്കുന്നു. എന്നിട്ടും എന്തേ കേരളത്തില്‍ ഒരു പഠനം നടക്കാത്തത്. കേരളത്തില്‍ അടുത്ത ഏതാനും വര്‍ഷങ്ങളായി വന്‍തോതിലുള്ള ആള്‍നാശത്തിനും സാമ്പത്തിക- കാര്‍ഷിക തകര്‍ച്ചക്കും ഇടയാക്കുന്ന ഉരുള്‍പൊട്ടലുകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഏത് സമയത്തും മലകളും കുന്നുകളും പൊട്ടിയൊലിക്കാവുന്ന നാടായി മാറിയിരിക്കുകയാണിന്ന് കേരളം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പത്ത് ജില്ലകളില്‍ ആയിരത്തിലേറെ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് ഒരു പഠനം പറയുന്നത്.

കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ സംഭവിച്ച ഉരുള്‍പൊട്ടലുകളേക്കാള്‍ കൂടുതലാണ് 2018 മുതല്‍ സംസ്ഥാനത്ത് ഉണ്ടായതെന്നും ഭൗമശാസ്ത്രര്‍ നിരീക്ഷിക്കുന്നു. എന്താണ് ഉരുള്‍പൊട്ടല്‍ എന്ന പ്രതിഭാസത്തിനു കാരണം? ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രകൃതിലോല പ്രദേശങ്ങളിലെ കാര്‍ഷിക, നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പറയപ്പെടുന്ന ഒരു കാരണം. ‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. നിങ്ങള്‍ വിചാരിക്കുന്നതു പോലെ അതിനു യുഗങ്ങളൊന്നും കാത്തിരിക്കേണ്ടതില്ല. നാലോ അഞ്ചോ വര്‍ഷം മതി’- 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവെച്ചതാണ് ഈ ആശങ്ക.

ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിന്റെ ഘടന, മരങ്ങളുടെ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കാതെ മലഞ്ചെരുവുകളില്‍ കൃഷി ചെയ്യുന്നതും മണ്ണും പാറയും ഖനനം നടത്തുന്നതും റോഡ് പണിയുന്നതും കെട്ടിട നിര്‍മാണവും ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വന്‍തോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാകുകയും ചെയ്യുമെന്നാണ് ഗാഡ്ഗില്‍ നല്‍കിയ മുന്നറിയിപ്പ്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം കേരളമെന്ന ഈ ചെറു ഭൂപ്രദേശത്തിന്റെ നിലനില്‍പ്പിന് ഒഴുച്ചുകൂടാനാകാത്തതാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഈ മുന്നറിയിപ്പ് അവഗണിച്ച് പശ്ചിമ ഘട്ടങ്ങളില്‍ വന്‍തോതിലുള്ള കൃഷിയും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതാണ് സമീപ വര്‍ഷങ്ങളില്‍ കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ചില ഭൗമശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വാദികളുടെയും പക്ഷം.

എന്നാല്‍ ഇതുമാത്രമല്ല ഉരുള്‍പൊട്ടലിനു കാരണമെന്ന് മനുഷ്യ ഇടപെടലുകള്‍ ഇല്ലാത്ത കാടുകളിലും മലഞ്ചെരിവുകളിലും സംഭവിക്കുന്ന മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ചൂണ്ടിക്കാട്ടി മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. ശിലാപാളികളുടെ ശക്തിക്ഷയവും രൂപാന്തരങ്ങളും മണ്‍പാളികളിലെ രാസ ഭൗതിക മാറ്റങ്ങളും സസ്യലതാദികളുടെ പരിക്രമണങ്ങളും ശക്തമായ വര്‍ഷപാതവും ദ്രവീകരണവും കൊണ്ടെല്ലാം ഉരുള്‍പൊട്ടലുണ്ടാകാം. ഭൂമികുലുക്കം, മേഘസ്‌ഫോടനം, കടും വരള്‍ച്ചയെ തുടര്‍ന്നുണ്ടായേക്കാവുന്ന പേമാരി, തുള്ളിക്കൊരു കുടമെന്ന മട്ടില്‍ തുടര്‍ച്ചയായി പെയ്യുന്ന അതി തീവ്രമഴ തുടങ്ങിയവും ഉരുള്‍പൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്. 2018ല്‍ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ദുരന്തത്തിനും കഴിഞ്ഞ വര്‍ഷത്തെ മൂന്നാര്‍ രാജമല ദുരന്തത്തിനും കോട്ടയത്തെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലിനും കാരണമായത്, മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്തമായ മഴയായിരുന്നു.

രാജമലയില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ 216.35 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. അഥവാ രണ്ട് മാസം കൊണ്ട് ലഭിക്കേണ്ട മഴ ഒരാഴ്ചക്കുള്ളില്‍ വര്‍ഷിച്ചു. ആഗോള താപനത്തിന്റെ ഫലമായി ലോകമെമ്പാടും സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് മഴയുടെ വിതരണത്തിലും തീവ്രതയിലും സംഭവിക്കുന്ന മാറ്റങ്ങള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്ത് മഴയില്‍ 20 ശതമാനത്തിലധികം വ്യതിയാനം സംഭവിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു. ചില വര്‍ഷങ്ങളില്‍ 20 ശതമാനം കുറവും ചില വര്‍ഷങ്ങളില്‍ 20 ശതമാനം അധികവുമാണ് അനുഭവപ്പെട്ടത്.

ഭൗമശാസ്ത്രജ്ഞര്‍ വ്യത്യസ്ത കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും എല്ലാം നിഗമനങ്ങളാണ്. ശാസ്ത്രലോകം നിരവധി പഠനങ്ങള്‍ നടത്തിയിട്ടും യഥാര്‍ഥ കാരണം കണ്ടെത്താനായിട്ടില്ല. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി അറിയാന്‍ ഈ അത്യന്താധുനിക യുഗത്തിലും ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. ഇവരുടെ കണക്കുകൂട്ടലുകള്‍ക്കെല്ലാം അപ്പുറമായിരിക്കും പലപ്പോഴും ദൈവീക നിശ്ചയമെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജാഗ്രതയും കരുതലും സ്വീകരിക്കുക മാത്രമാണ് ഇക്കാര്യത്തില്‍ മനുഷ്യസമൂഹത്തിനു പരമാവധി ചെയ്യാനാകുക. കേരളത്തിലെ മൊത്തം ഭൂവിസ്തീര്‍ണത്തിലെ 14.4 ശതമാനം അഥവാ 5,607 ചതുരശ്ര കിലോമീറ്റര്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്ഥലങ്ങളാണെന്ന് കേരള ദുരന്തനിവാരണ അതോറിറ്റിയും ഭൗമശാസ്ത്ര പഠന കേന്ദ്രവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 77 താലൂക്കുകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നു.

ഇതില്‍ 10 താലൂക്കുകള്‍ അപകടകരമായ സാധ്യതാ മേഖലയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 1500-1700 മീറ്റര്‍ ഉയരമുള്ള ഹൈറേഞ്ച് മേഖലയില്‍ സാധ്യത കൂടുതലാണെന്നും ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ (സെസ്) മുന്നറിയിപ്പുണ്ട്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇത്തരം അപകട സാധ്യതാ മേഖലകളിലും മലയോര മേഖലകളില്‍ മുഴുവനായും വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള വഴികള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് ഇക്കാര്യത്തില്‍ ഭൗമശാസ്ത്രജ്ഞര്‍ നല്‍കുന്ന നിര്‍ദേശവും മുന്നറിയിപ്പും. ഉപരിതലത്തിലെ വെള്ളം ഒഴുകിപ്പോകാനുള്ള വെള്ളച്ചാലുകള്‍ വൃത്തിയാക്കിയാല്‍ അമ്പത് ശതമാനം ഉരുള്‍പൊട്ടലുകള്‍ തടയാനാകുമെന്നും ഇവര്‍ നിരീക്ഷിക്കുന്നു.

വര്‍ഷക്കാലത്ത് ഒരു പ്രദേശത്ത് വിശേഷിച്ചും ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടെത്തിയ ഇടങ്ങളില്‍ പെയ്യുന്ന മഴയുടെ തീവ്രത അളന്ന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുകയും അപകട മേഖലകളിലുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റുകയുമാണ് ജിയോളജിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന മറ്റൊരു മാര്‍ഗം. ഇതനുസരിച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട് മഴയുടെ അളവനുസരിച്ച് പ്രദേശത്തുള്ളവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കണം. സംസ്ഥാനത്തെ മലയോര മേഖലകളുടെ വിശദമായ മാപ്പിംഗ് നടത്തിയാല്‍ അതി തീവ്രമഴയുടെ മുന്നറിയിപ്പ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കുമെന്നും അവര്‍ വിലയിരുത്തുകയുണ്ടായി.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular