Monday, May 13, 2024
HomeKeralaകാസര്‍കോട് നഗരസഭ;മുസ്‍ലിംലീഗില്‍ പ്രശ്നം സങ്കീര്‍ണമാകുന്നു

കാസര്‍കോട് നഗരസഭ;മുസ്‍ലിംലീഗില്‍ പ്രശ്നം സങ്കീര്‍ണമാകുന്നു

കാസർകോട്: നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ചെയർമാൻ സ്ഥാനത്തിനൊപ്പം കൗണ്‍സിലർ സ്ഥാനവും രാജിവെച്ച പ്രശ്നം മുസ്‍ലിം ലീഗില്‍ സങ്കീർണമാകുന്നു.

ചെയർമാൻ സ്ഥാനത്തോടൊപ്പം കൗണ്‍സിലർ സ്ഥാനവും രാജിവെക്കണമെന്ന് തീരുമാനമെടുത്ത ഖാസിലേൻ വാർഡ് കമ്മിറ്റിയെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാൻ ഇടപെടാത്ത ലീഗ് നഗരസഭ കമ്മിറ്റിയും പ്രതിക്കൂട്ടിലാണ്. കൗണ്‍സിലർ സ്ഥാനം രാജിവെക്കണമെന്ന് വി.എം. മുനീറിന്റെ വാർഡായ ഖാസിലേൻ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഇത് പിന്നിട് പരസ്യമായി സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. മുനിസിപ്പല്‍ കമ്മിറ്റി അന്നുതന്നെ വാർഡ് കമ്മിറ്റിയോട് സംസാരിച്ചിരുന്നുവെങ്കില്‍, മുനീർ കൗണ്‍സിലർ സ്ഥാനം രാജിവെക്കുമായിരുന്നില്ലെന്നാണ് ലീഗിലെ പൊതുവികാരം.

മുനീർ രാജിവെച്ചതോടെ, ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വാർഡ് കമ്മിറ്റി ഭാരവാഹികളും സ്ഥാനങ്ങള്‍ രാജിവെച്ചു. വാർഡ് കമ്മിറ്റിയോട് ജില്ല നേതൃത്വത്തിലെ ചിലർ വ്യാഴാഴ്ച രാവിലെയാണ് സംസാരിച്ചത്. ഇത് ജില്ല നേതൃത്വത്തില്‍നിന്ന് നടപടി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കരുതുന്നുണ്ട്. പ്രധാന നേതാക്കളെല്ലാം ഗള്‍ഫിലായതിനാല്‍ ഖാസിലേൻ കമ്മിറ്റി തീരുമാനം മാറ്റിയില്ല. രാജിവെക്കാൻ തീരുമാനമെടുത്തതിനാല്‍ പിന്തിരിയാൻ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അതേസമയം, മുനിസിപ്പല്‍ ലീഗ് കമ്മിറ്റിക്ക് എതിരെ നടപടിക്കും സാധ്യതയുണ്ട്. അതിനിടയില്‍ കൗണ്‍സിലർ മമ്മു ചാല വിദ്യാഭ്യാസ സ്ഥിരംസമിതിയംഗത്വം രാജിവെക്കുമെന്ന അഭ്യൂഹവും പരന്നു. മമ്മു ചാലയുടെ നേതൃത്വത്തില്‍ വിമത നീക്കത്തിന് ശ്രമമുണ്ടോയെന്ന് നേതൃത്വം അന്വേഷിക്കുന്നുണ്ട്. കോട്ടക്കല്‍ നഗരസഭ മുസ്‍ലിം ലീഗിലെ തന്നെ വിമതർ അട്ടിമറിച്ച്‌ ചെയർമാൻ സ്ഥാനം നേടിയതിന്റെ സമാന സാഹചര്യം കാസർകോട് നഗരസഭയില്‍ വന്നുചേർന്നിരിക്കുകയാണ്. ഇപ്പോള്‍ നഗരസഭയില്‍ വി.എം. മുനീറിന്റെ രാജിയെ തുടർന്ന് 37 അംഗങ്ങളാണുള്ളത്. ഇതില്‍ ലീഗ് അംഗങ്ങള്‍ 20 ആയി. ബി.ജെ.പിക്ക് 14 അംഗങ്ങളും രണ്ട് വിമതരും ഒരു സി.പി.എം അംഗവുമാണുള്ളത്.

അവിശ്വാസം വന്നാല്‍ 19 പേരുടെ ഭൂരിപക്ഷം വേണം. മമ്മു ചാല ചെയർമാൻ സ്ഥാനത്തേക്ക് ശ്രമിക്കുകയാണെങ്കില്‍ ലീഗിന്റെ പ്രാതിനിധ്യം 19 ആകും. നഗരസഭയില്‍ ലീഗിനെ പ്രതിപക്ഷത്തിന് ‘ഭയപ്പെടുത്താനോ’ ചിലപ്പോള്‍ നറുക്കെടുപ്പ് വഴി ‘പുറത്തിരുത്താനോ’ കഴിഞ്ഞേക്കും. ഒരാളെക്കൂടി ലീഗില്‍നിന്ന് അടർത്താനായാല്‍ സി.പി.എമ്മിന്റെ ഒരു വോട്ടിനെയും മറികടക്കാം. വിദേശ സന്ദർശനത്തിലുള്ള ജില്ല ഭാരവഹികള്‍ ഈ മാസം 25നു ശേഷം മാത്രമേ തിരിച്ചെത്തുകയുള്ളൂവെന്നാണ് വിവരം. ലീഗ് വിഷയം അതുവരെ കുഴഞ്ഞുമറിഞ്ഞ് കിടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular