Wednesday, May 1, 2024
HomeIndiaസിവിലിയന്‍ ഹെലികോപ്റ്റര്‍ നിര്‍മ്മാണം, യുദ്ധവിമാന എന്‍ജിന്‍; സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും

സിവിലിയന്‍ ഹെലികോപ്റ്റര്‍ നിര്‍മ്മാണം, യുദ്ധവിമാന എന്‍ജിന്‍; സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും

ന്യൂഡല്‍ഹി: സിവിലിയന്‍ ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ടാറ്റാ ഗ്രൂപ്പും ഫ്രാന്‍സിന്റെ എയര്‍ബസും ഒപ്പുവെച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം നിര്‍മ്മിക്കാന്‍ ടാറ്റയും എയര്‍ബസും ഇതിനകം സഹകരിക്കുന്നുണ്ട്. എച്ച്‌ 125 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനാണ് ഇരുകമ്ബനികളും ഇപ്പോള്‍ കൈകോര്‍ത്തത്. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഹെലികോപ്റ്ററിന് ആവശ്യമായ ഘടക ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി തന്നെ ശേഖരിക്കുമെന്നും വിനയ് ക്വാത്ര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ടാറ്റയും എയര്‍ബസും പ്രതികരിച്ചിട്ടില്ല.

മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണവും ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ യുദ്ധ വിമാനങ്ങളുടെ എന്‍ജിന്‍ നിര്‍മ്മാണത്തില്‍ ഫ്രഞ്ച് എന്‍ജിന്‍ നിര്‍മ്മാതാക്കളായ സഫ്രാന്റെ സഹകരണം തേടുന്നതിനുള്ള സാധ്യത അടക്കമാണ് ചര്‍ച്ചയായത്.

ഫ്രാന്‍സ് ഇതിനകം തന്നെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഫ്രാന്‍സിന്റെ യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്നത്.

രൂപകല്‍പ്പന, വികസനം, സര്‍ട്ടിഫിക്കേഷന്‍, ഉല്‍പ്പാദനം തുടങ്ങിയ കാര്യങ്ങളില്‍ 100 ശതമാനവും സാങ്കേതികവിദ്യ കൈമാറാന്‍ സഫ്രാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഷ്‌റഫ് പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular