Sunday, May 5, 2024
HomeUSAയുഎസ് സൈനികരുടെ മരണം: പങ്കില്ലെന്ന വാദവുമായി ഇറാൻ

യുഎസ് സൈനികരുടെ മരണം: പങ്കില്ലെന്ന വാദവുമായി ഇറാൻ

വാഷിംഗ്ടണ്‍ ഡിസി/ ടെഹ്റാൻ: ജോർദാനില്‍ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ട ഡ്രോണ്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് അവകാശപ്പെട്ട് ഇറാൻ.
34 സൈനികർക്കു പരിക്കേല്‍ക്കുകകൂടി ചെയ്ത ആക്രമണത്തില്‍ ഉചിതമായ തിരിച്ചടി ഉണ്ടാകുമെന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാക്ക് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.

ഗാസയില്‍ യുദ്ധം ആരംഭിച്ചശേഷം പശ്ചിമേഷ്യയില്‍ യുഎസ് സൈനികർ കൊല്ലപ്പെടുന്ന ആദ്യസംഭവമാണിത്. യുഎസ് നല്കുന്ന തിരിച്ചടി മേഖലയിലെ സംഘർഷത്തെ എങ്ങനെ ബാധിക്കുമെന്നതില്‍ ആശങ്ക ശക്തമാണ്.

സിറിയൻ അതിർത്തിയോടു ചേർന്ന വടക്കുകിഴക്കൻ ജോർദാനിലെ റുക്ബാനില്‍ സ്ഥിതിചെയ്യുന്ന ‘ടവർ 22’ സൈനികതാവളത്തിലാണ് ആക്രമണമുണ്ടായത്. ഐഎസ് ഭീകരർക്കെതിരായ ഓപറേഷന്‍റെ ഭാഗമാണ് ഈ യുഎസ് താവളം.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാക്ക് സംഘടന കഴിഞ്ഞവർഷം അവസാനം രൂപീകൃതമായ ഒന്നാണ്. ഇറാന്‍റെ പിന്തുണയോടെ ഇറാക്കില്‍ പ്രവർത്തിക്കുന്ന സായുധസംഘടനകളുടെ കൂട്ടമാണിത്. ഇവർ നേരത്തേയും യുഎസ് താവളങ്ങള്‍ ആക്രമിച്ചിട്ടുണ്ട്.

ആക്രമണത്തിനു പിന്നില്‍ ഇറാന്‍റെ പിന്തുണയുള്ള മൗലികവാദ സംഘടനകളാണെന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ആരോപിച്ചിരുന്നു. ഉചിതമായ തിരിച്ചടി തക്ക സമയത്ത് അമേരിക്ക നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിക്കാതിരിക്കാൻ ഇറാൻ നടപടികള്‍ എടുക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രാലയം വക്താവ് നാസർ കനാനി പറഞ്ഞു. പലസ്തീൻ ജനതയെയും സ്വന്തം രാജ്യത്തെയും പ്രതിരോധിക്കാൻ ഇത്തരം സംഘടനകള്‍ എടുക്കുന്ന തീരുമാനത്തില്‍ ഇറാനു പങ്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒക്ടോബർ ഏഴിനു ശേഷം സിറിയ, ഇറാക്ക് എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ക്കു നേർക്ക് 150ഓളം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളെയും ആക്രമിക്കുന്നു. ഇറാന്‍റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് യുഎസ് ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular