Tuesday, April 30, 2024
HomeKeralaഉയരപ്പാത: ദേശീയപാത വീതികൂട്ടി ടാര്‍ ചെയ്യില്ലെന്ന് സൂചന

ഉയരപ്പാത: ദേശീയപാത വീതികൂട്ടി ടാര്‍ ചെയ്യില്ലെന്ന് സൂചന

തുറവൂർ: തുറവൂർ – അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയില്‍ ഗതാഗതം അനുവദിക്കുന്ന ഭാഗം വീതി കൂട്ടി ടാർ ചെയ്യുമെന്ന് അധികൃതർ സമ്മതിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യതയില്ലെന്ന് സൂചന.

പരാതി ഏറിയതോടെ ദേശീയപാതയില്‍ നിന്ന് പൊടി ഉയരാതിരിക്കാൻ ഇടക്കിടക്ക് വെള്ളം വാഹനങ്ങളില്‍ തളിക്കുന്നുണ്ട്. നിലവില്‍ വാഹനങ്ങള്‍ ഓടുന്ന ഭാഗം വീതി കൂട്ടാനും ടാർ ചെയ്യാനും കരാറില്‍ വ്യവസ്ഥയില്ലെന്നാണ് കരാർ കമ്ബനിക്കാരുടെ വാദം. എന്നാല്‍ ജന വികാരം പരിഗണിച്ച്‌ വീതി കൂട്ടാനും ടാർ ചെയ്യാനും തയാറല്ലെന്ന് തുറന്നുപറയാൻ അധികൃതർ മുതിരുന്നുമില്ല.

ഉയരപ്പാത നിർമാണത്തിന് വേണ്ടി ഇപ്പോള്‍ നടക്കുന്നത് തൂണുകള്‍ സ്ഥാപിക്കുന്ന ജോലിയാണ്. തുറവൂർ മേഖലയില്‍ ഗർഡറുകള്‍ സ്ഥാപിക്കുന്ന ജോലികളും കുറെ നടന്നിട്ടുണ്ട്. നിർമാണം ആരംഭിച്ച നാള്‍ മുതല്‍ നാലുവരിപ്പാതയുടെ മീഡിയൻ ഉള്‍പ്പെടെ ഇരുമ്ബ് ഷീറ്റ് കൊണ്ട് മറച്ചു കൈവശപ്പെടുത്തിയാണ് കരാർ കമ്ബനി നിർമാണ പ്രവൃത്തികള്‍ തുടരുന്നത്. ഇരുഭാഗത്തെയും ബാക്കിയായ ദേശീയപാത മാത്രമാണ് ഗതാഗതത്തിനായി അനുവദിച്ചത്.

ഭീമൻ തൂണുകള്‍ സ്ഥാപിക്കുമ്ബോള്‍ പുറത്തേക്ക് വരുന്ന മണ്ണും ചെളിയും ദേശീയപാതയില്‍ നിക്ഷേപിക്കുന്നത് വാഹനങ്ങള്‍ തെന്നുന്നതിന് കാരണമാകുന്നുണ്ട്. ബാരിക്കേഡുവച്ച്‌ പരിമിതപ്പെടുത്തിയ റോഡിലൂടെയുള്ള വാഹനങ്ങളുടെ തിങ്ങിനിരങ്ങിയ യാത്ര സമരങ്ങള്‍ക്കും പരാതികള്‍ക്കും ഇടയാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ബാക്കിയായ ദേശീയപാത വീതി കൂട്ടി ടാർ ചെയ്യണമെന്ന അഭിപ്രായമുയർന്നത്. ദേശീയപാത കഴിഞ്ഞുള്ള ഫുട്പാത്ത് മെറ്റലും മറ്റുമിട്ട് ഉറപ്പിച്ച്‌ റോഡ് നിർമാണത്തിന് ആവശ്യമായ ബിറ്റുമിൻ മിശ്രിതം ഇട്ട് ഉറപ്പിക്കുകയാണ് കരാറുകാർ ചെയ്തിരുന്നത്.

മഴ മാറിയാല്‍ ഉടൻ ടാർ ചെയ്യുമെന്നാണ് ജനങ്ങളും ജനപ്രതിനിധികളും വിചാരിച്ചിരുന്നത്.

വീതി കൂട്ടി ടാർ ചെയ്യുന്നതിന് കോടികള്‍ ചെലവ് വരുമെന്നതിനാലാണ് നിർമാണ കമ്ബനി അതിന് തയാറാവാത്തതെന്നാണ് ലഭിക്കുന്ന സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular