Saturday, May 4, 2024
HomeIndiaരാജ്യസഭ നോട്ടമിട്ട് കമല്‍നാഥ്: ബി.ജെ.പിയും വിളിക്കുന്നു

രാജ്യസഭ നോട്ടമിട്ട് കമല്‍നാഥ്: ബി.ജെ.പിയും വിളിക്കുന്നു

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തം.

രാജ്യസഭാ സീറ്റ് ഉന്നമിട്ട് വെള്ളിയാഴ്ച്ച കമല്‍നാഥ് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ സന്ദർശിച്ചിരുന്നു. രാജ്യസഭാ സീറ്റിലേക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. 27നാണ് തിരഞ്ഞെടുപ്പ്. എന്നാല്‍, ഹൈക്കമാൻഡില്‍ നിന്ന് കമല്‍നാഥിന് അനുകൂലമായ നിലപാടുണ്ടായിട്ടില്ല.

സംസ്ഥാനത്ത് അഞ്ച് രാജ്യസഭാ സീറ്റാണ് ഒഴിയുന്നത്. 66 എം. എല്‍.എ മാരുള്ള കോണ്‍ഗ്രസിന് ഒരു സീറ്റില്‍ ജയിക്കാം. അതാണ് കമല്‍ നാഥ് ആവശ്യപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി കമല്‍നാഥുമായി സംസാരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ്, കമല്‍നാഥിനെയും മകൻ നകുല്‍ നാഥിനെയും രാജ്യസഭാംഗം വിവേക് തൻഖയെയും അടക്കം ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന അഭ്യൂഹം ശക്തമായത്. നകുല്‍ നാഥ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗമാണ്. ചിന്ത്‌വാര സീറ്റില്‍ ജയിച്ച അദ്ദേഹം ഇത്തവണയും അവിടെ മത്സരിക്കുമെന്ന് സ്വന്തം നിലയില്‍ പ്രഖ്യാപിച്ചിരിക്കയാണ്. ഇത് ഹൈക്കമാൻഡിന് രസിച്ചിട്ടില്ല.

വിവേക് തൻഖ കമല്‍നാഥിന്റെ ഉറ്റ അനുയായി ആണ്. കമല്‍നാഥിന്റെ ശക്തി ദുർഗ്ഗമായ മാഹാകോഷാല്‍ മേഖലയിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ഈയിടെ ബി. ജെപിയില്‍ ചേർന്നിരുന്നു. ഇവരില്‍ പ്രമുഖനായ ജബല്‍പൂർ മേയർ ജഗത് ബഹദൂ‌ർ സിംഗ് അന്നു, വിവേക് തൻഖയുടെ അടുപ്പക്കാരനാണ്.

കമല്‍നാഥിനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നതിനോട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ തുടങ്ങിയ ബി.ജെ.പിയിലെ പ്രമുഖർ അനുകൂലമാണ്. മോഹൻ യാദവ് അടുത്തിടെ ഡല്‍ഹി സന്ദർശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തെന്നാണ് സൂചന.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുൻപാണ് കമല്‍നാഥ് പി.സി.സി അദ്ധ്യക്ഷനാകുന്നത്. 2023ല്‍ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനത്തു നിന്ന് നീക്കി.

  • എം.എല്‍.എമാർക്ക് അത്താഴത്തിന് ക്ഷണം

അഭ്യൂഹങ്ങള്‍ക്കിടെ, കോണ്‍ഗ്രസ് എം.എല്‍.എമാരെ നാളെ അത്താഴവിരുന്നിന് ക്ഷണിച്ചിരിക്കുകയാണ് കമല്‍നാഥ്. 66 എം.എല്‍.എമാരില്‍ നല്ലൊരു വിഭാഗം ഇപ്പോഴും കമല്‍ നാഥിനൊപ്പമുണ്ട്. അത്താഴവിരുന്ന് ഹൈക്കമാൻഡുമായി

വിലപേശാനും, ബി. ജെ. പിക്ക് പ്രതീക്ഷ നല്‍കാനുമുള്ള ശക്തിപ്രകടനമാക്കുകയാണ് കമല്‍നാഥിന്റെ ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular